1.90 ലക്ഷം റീല്‍സുകള്‍, 50,000 യൂട്യൂബ് ഷോര്‍ട്ടുകള്‍; ​ഗ്ലോബൽ ഹിറ്റായി 'ഓണം മൂഡ്'

4 months ago 6

Onam Mood Song

സാഹസം എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

കൊച്ചി: 'ഏത് മൂഡ് അത്തം മൂഡ്, ഏത് മൂഡ് പൂക്കളം മൂഡ്..' ഓണാഘോഷത്തിന് തിരശീല വീണപ്പോള്‍ ഇത്തവണ ഓണവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ റീല്‍സുകളും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളും അടക്കിവാണത് സാഹസം എന്ന ചിത്രത്തിലെ സരിഗമ പുറത്തിറക്കിയ 'ഓണം മൂഡ്' ഗാനം. കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടുമുളള മലയാളികളുടെ ആഘോഷത്തിന്റെ ഒരു ഭാഗം കൂടിയായി 'പറ പറ പറപറക്കണ പൂവേ പൂവേ' എന്ന് തുടങ്ങുന്ന ഈ ഗാനം മാറി. ഓണം മൂഡ് ഗാനം, ഈ വര്‍ഷത്തെ ഓണം ഗാനങ്ങളിലെ ഏറ്റവും വലിയ ഹിറ്റായി മാറിയതായി ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ മ്യൂസിക് ലേബലും, മുന്‍നിര സംഗീത-വിനോദ കമ്പനിയുമായ സരിഗമ അറിയിച്ചു.

കേരളത്തിലും പുറത്തുമുള്ളവരുടെ ഹൃദയങ്ങള്‍ കീഴടക്കിയ ഗാനം സ്‌പോട്ടിഫൈ ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളുടെ ചാര്‍ട്ടുകളിലും മുന്നിലെത്തി. ഓണത്തിന് മുന്നോടിയായി പുറത്തിറങ്ങിയ ഈ ഗാനത്തിന് ബിബിന്‍ അശോകാണ് സംഗീതം നല്‍കിയിരിക്കുന്നത്. വിനായക് ശശികുമാറിൻ്റേതാണ് വരികൾ. ഫെജോ, ഹിംന ഹിലരി, ഹിനിത ഹിലരി, എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആകര്‍ഷകമായ താളവും ആഘോഷപരമായ വരികളുമാണ് ഈ പാട്ടിനെ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിച്ചതും, ഓണാഘോഷങ്ങളുടെ അവിഭാജ്യഘടകമായി മാറ്റിയതും.

ഓണം മൂഡ് ഗാനത്തിന്റെ ഔദ്യോഗിക മ്യൂസിക് വീഡിയോ യൂട്യൂബില്‍ 25 മില്യണിലധികം വ്യൂസാണ് ഇതുവരെ നേടിയത്. 1,90,000ലധികം ഇന്‍സ്റ്റഗ്രാം റീലുകളില്‍ ഈ ഗാനം ഉപയോഗിക്കപ്പെട്ടു. 50,000ത്തിലധികം യൂട്യൂബ് ഷോര്‍ട്ട്‌സിലും ഇത് ഫീച്ചര്‍ ചെയ്യപ്പെട്ടത് പാട്ടിന്റെ സ്വീകാര്യത കൂടുതല്‍ വര്‍ധിപ്പിച്ചു. പ്രമുഖ കലാകാരന്മാര്‍ക്കും ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കും പുറമേ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് (സി.എസ്.കെ), മാഞ്ചസ്റ്റര്‍ സിറ്റി, ബൊറൂസിയ ഡോര്‍ട്മുണ്ട് തുടങ്ങിയ ലോകത്തിലെ മുന്‍നിര ഫുട്‌ബോള്‍ ക്ലബ്ബുകളും ഓണം ആശംസകള്‍ നേരാന്‍ ഓണം മൂഡ് ഗാനമാണ് ഉപയോഗിച്ചത്. ഇത് പാട്ടിനെ ആഗോള പ്രേക്ഷകരിലേക്ക് പരിചയപ്പെടുത്തുന്നതിനും കാരണമായി.

സ്‌പോട്ടിഫൈയുടെ കൊച്ചിയിലെ ടോപ്പ് സോങ്‌സ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനവും, സ്‌പോട്ടിഫൈയുടെ ഇന്ത്യയിലെ ടോപ്പ് സോങ്‌സ് ചാര്‍ട്ടില്‍ 135ാം സ്ഥാനവുമാണ് ഓണം മൂഡ് സോങ് നേടിയത്. സ്‌പോട്ടിഫൈയുടെ വൈറല്‍ സോങ്‌സ് ഇന്ത്യ ചാര്‍ട്ടില്‍ 13ാം സ്ഥാനവും, ഗ്ലോബല്‍ വൈറല്‍ സോങ്‌സ് ചാര്‍ട്ടില്‍ 53ാം സ്ഥാനവും ഓണം മൂഡ് സ്വന്തമാാക്കി. ഓണത്തിന്റെ സമ്പന്നമായ പാരമ്പര്യങ്ങളെ ആഘോഷിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു ഗാനം പുറത്തിറക്കിയതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും, കേരളം മുതല്‍ ആഗോള വേദി വരെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഈ ഗാനം ഏറ്റെടുത്തതില്‍ തങ്ങള്‍ അതീവ സന്തുഷ്ടരാണെന്നും സരിഗമ ഇന്ത്യ ലിമിറ്റഡ് അധികൃതര്‍ പറഞ്ഞു.

വിവിധ വിഭാഗങ്ങളിലും ഭാഷകളിലുമായി 1,40,000ലധികം ഗാനങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംഗീത ശേഖരം ആര്‍.പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ കീഴിലുള്ള മുന്‍നിര കമ്പനിയായ സരിഗമ ഇന്ത്യ ലിമിറ്റഡിന്റെ കൈവശമുണ്ട്.

Content Highlights: Saregama`s `Onam Mood` opus from the movie Saahasam became a viral sensation, topping charts

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article