മുംബൈ∙ രോഹിത് ശർമയുടെ പിൻഗാമിയായി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്ത് യുവതാരം ശുഭ്മൻ ഗില്ലിനെ തിരഞ്ഞെടുത്തതിനെച്ചൊല്ലി വിവാദം. ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ പോലും സ്ഥിരമല്ലാത്ത താരത്തെയാണ് നായകനായി തിരഞ്ഞെടുത്തതെന്ന വിമർശനവുമായി മുൻ താരങ്ങളായ അനിൽ കുംബ്ലെ, മനോജ് തിവാരി തുടങ്ങിയവർ രംഗത്തെത്തി. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ്, ശുഭ്മൻ ഗില്ലിനെ സിലക്ടർമാർ നായകനായി തിരഞ്ഞെടുത്തത്. ഋഷഭ് പന്താണ് ഉപനായകൻ.
ഓസ്ട്രേലിയൻ പര്യടനത്തിൽ രണ്ടു തവണ ഇന്ത്യയെ നയിച്ച ജസ്പ്രീത് ബുമ്രയെ കായികക്ഷമതയുടെ പേരിൽ മാറ്റിനിർത്തിയാണ്, രണ്ടാമത്തെ മാത്രം മികച്ച സാധ്യതയായ ഗില്ലിനെ സിലക്ടർമാർ തിരഞ്ഞെടുത്തതെന്ന് മനോജ് തിവാരി ചൂണ്ടിക്കാട്ടി. രോഹിത് ശർമയുടെ അഭാവത്തിൽ െപർത്ത് ടെസ്റ്റിൽ ടീമിനെ നയിച്ച ബുമ്ര, പരമ്പരയിലെ ഏക വിജയവും സമ്മാനിച്ചത് തിവാരി എടുത്തുപറഞ്ഞു.
‘‘ഗിൽ ഒന്നാമത്തെ മികച്ച ഓപ്ഷനായിരുന്നില്ല എന്നതാണ് വാസ്തവം. പ്ലേയിങ് ഇലവനിൽ പോലും ഇടം ഉറപ്പില്ലാത്ത ഒരാളെ എങ്ങനെയാണ് ടീമിന്റെ നായകനാക്കുക? ക്യാപ്റ്റനാക്കാൻ ഏറ്റവും അനുയോജ്യനായ ആളെ മാറ്റിനിർത്തി, രണ്ടാമത്തെ മികച്ചയാളെ തിരഞ്ഞെടുക്കുകയാണ് സിലക്ടർമാർ ചെയ്തത്. ഗില്ലിലേക്ക് അവർ എത്തിയതും അങ്ങനെയാണെന്ന് തീർച്ച’ – തിവാരി പറഞ്ഞു.
അതേസമയം, നിലവിലെ ടീമിൽ ക്യാപ്റ്റനാകാൻ രണ്ടാമത്തെ മികച്ച സാധ്യത ഗില്ലാണെന്ന തിവാരിയുടെ വാദത്തെ മുൻ താരം വീരേന്ദർ സേവാഗ് തള്ളിക്കളഞ്ഞു. ബുമ്രയെ നായകസ്ഥാനത്തേക്ക് പരിഗണിക്കാത്തത് ശരിയായ തീരുമാനമാണെന്ന് പറഞ്ഞ സേവാഗ്, പിന്നെയുള്ള സാധ്യത ഗില്ലിനേക്കാൾ ഋഷഭ് പന്തായിരുന്നുവെന്നും അഭിപ്രായപ്പെട്ടു.
‘‘ഒരു പരമ്പരയിൽ ബുമ്രയെ നായകനാക്കുന്നതിൽ യാതൊരു പ്രശ്നവുമുണ്ടാകില്ല. പക്ഷേ, ദീർഘകാലാടിസ്ഥാനത്തിലാണ് ചിന്തിക്കുന്നതെങ്കിൽ മറ്റു സാധ്യതകളും നോക്കേണ്ടിവരും. ഒരു വർഷം ഇന്ത്യ 10 ടെസ്റ്റുകൾ കളിച്ചാൽ എല്ലാ മത്സരങ്ങളിലും കളിക്കാൻ ബുമ്രയ്ക്കു സാധിക്കുമോ? പരമാവധി എത്ര കളികളിൽ അദ്ദേഹത്തിന് ഇറങ്ങാനാകും? ക്യാപ്റ്റനെ തിരഞ്ഞെടുക്കുമ്പോൾ അതും പ്രധാനപ്പെട്ടതാണ്’ – സേവാഗ് ചൂണ്ടിക്കാട്ടി.
‘‘ബുമ്രയെ നായകനാക്കേണ്ടതില്ല എന്ന തീരുമാനം ശരിയായിട്ടാണ് എനിക്കു തോന്നിയത്. ബുമ്രയ്ക്കു മേൽ അനാവശ്യ ഭാരവും സമ്മർദ്ദവും അടിച്ചേൽപ്പിക്കേണ്ടതില്ല എന്ന് അവർ തീരുമാനിച്ചിട്ടുണ്ടാകും. പക്ഷേ രണ്ടാമത്തെ മികച്ച സാധ്യത ഗില്ലാണെന്ന തിവാരിയുടെ അഭിപ്രായത്തോട് എനിക്ക് വിയോജിപ്പുണ്ട്. അത് ഋഷഭ് പന്താണ്. മൂന്നാമത്തെ മികച്ച സാധ്യതയാണ് ഗിൽ’ – സേവാഗ് പറഞ്ഞു.
ബാറ്ററെന്ന നിലയിൽ ടീമിൽ സ്ഥാനമുറപ്പിച്ചിട്ടു മാത്രമേ ഗില്ലിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കേണ്ടിയിരുന്നുള്ളൂ എന്ന് മുൻ താരം അനിൽ കുംബ്ലെയും പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു. ഐപിഎലിൽ ഒരു ടീമിനെ നയിക്കുന്നതുപോലെയല്ല ടെസ്റ്റിൽ ദേശീയ ടീമിനെ നയിക്കുന്നതെന്നും കുംബ്ലെ അഭിപ്രായപ്പെട്ടു.
‘‘വലിയൊരു വെല്ലുവിളിയാണ് ഗില്ലിനെ കാത്തിരിക്കുന്നത്. ബുമ്രയാകും ഏറ്റവും നല്ല സാധ്യതയെന്നാണ് ഞാൻ കരുതിയിരുന്നത്. ബുമ്രയെ പരിഗണിക്കാത്തതിന് അവർക്ക് വ്യക്തമായ കാരണമുണ്ടാവാം. ബുമ്രയുമായി സംസാരിച്ചിട്ടു തന്നെയാണ് അവർ അത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും തീർച്ച.’– കുംബ്ലെ പറഞ്ഞു.
‘‘ശുഭ്മൻ ഗിൽ എന്ന തീരുമാനത്തിലേക്കാണ് നിലവിൽ സിലക്ടർമാർ എത്തിയിരിക്കുന്നത്. ഇനി കുറച്ചുകാലത്തേക്ക് അവർക്ക് ആ തീരുമാനത്തിൽ ഉറച്ചുനിൽക്കേണ്ടി വരും. ഗില്ലിന് ആദ്യമേ തന്നെ ബാറ്ററെന്ന നിലയിൽ ടീമിലെ തന്റെ സ്ഥാനം ഉറപ്പിക്കേണ്ടതുണ്ട്. കാരണം, ഓസ്ട്രേലിയൻ പര്യടനത്തിൽ എല്ലാ മത്സരങ്ങളിലും ഗിൽ കളിച്ചിരുന്നില്ല’ – കുംബ്ലെ ചൂണ്ടിക്കാട്ടി.
‘‘മികച്ച നായകനാണ് എന്നതിന്റെ സൂചനകൾ ഗിൽ നൽകിയിട്ടുണ്ട് എന്നത് വാസ്തവമാണ്. ടെസ്റ്റ് പക്ഷേ തീർത്തും വ്യത്യസ്തമായൊരു ഫോർമാറ്റാണ്. വളരെ ശാന്തനായ വ്യക്തിയാണ് ഗിൽ. കഴിഞ്ഞ ഏതാനും സീസണുകളിലായി ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിനെ നല്ല രീതിയിൽ നയിക്കുന്ന ക്യാപ്റ്റനുമാണ്. ക്യാപ്റ്റൻ സ്ഥാനം കുറഞ്ഞപക്ഷം ട്വന്റി20 ഫോർമാറ്റിലെങ്കിലും ഗില്ലിന്റെ പ്രകടനത്തെ ബാധിച്ചിട്ടില്ല. പക്ഷേ, രോഹിത്തും കോലിയും അശ്വിനും ഇല്ലാത്ത ഇന്ത്യൻ ടീമിനെ നയിക്കുന്നത് വലിയൊരു വെല്ലുവിളി തന്നെയാകും’ – കുംബ്ലെ പറഞ്ഞു.
English Summary:








English (US) ·