
എമ്മി പുരസ്കാരവുമായി ഓവൻ കൂപ്പർ | ഫോട്ടോ: AP
എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ഒരു പതിനഞ്ചുവയസുകാരനിലേക്ക് തിരിഞ്ഞിരിക്കുകയാണ്. അഡോളസെൻസ് എന്ന ഒറ്റ പരമ്പരയിലൂടെ എമ്മിയുടെ ചരിത്രം മാറ്റിയെഴുതിയിരിക്കുകയാണ് ഓവൻ കൂപ്പർ എന്ന ബാലതാരം. മികച്ച സഹനടനുള്ള പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും, എമ്മി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ അഭിനേതാവുമായി മാറിയിരിക്കുകയാണ് കൂപ്പർ. ലിമിറ്റഡ് ഓർ ആന്തോളജി സീരീസ് ഓർ മൂവി' വിഭാഗത്തിലാണ് താരം നേട്ടം കൊയ്തത്.
ആഷ്‌ലി വാൾട്ടേഴ്‌സ്, ഹാവിയർ ബാർഡെം, ബിൽ കാമ്പ്, പീറ്റർ സാർസ്ഗാർഡ്, റോബ് ഡെലാനി എന്നിവരുൾപ്പെടെ അഞ്ച് മുതിർന്ന നോമിനികളെ പിന്തള്ളിയാണ് കൂപ്പർ ഈ പുരസ്‌കാരം സ്വന്തമാക്കിയത്. ജാക്ക് തോണും സ്റ്റീഫൻ ഗ്രഹാമും ചേർന്ന് നെറ്റ്ഫ്ലിക്സിനുവേണ്ടി അഡോളസെൻസ് എന്ന ലിമിറ്റഡ് സീരീസ് ഒരുക്കിയത്. ആദ്യമായാണ് മാഞ്ചസ്റ്റർ സ്വദേശിയായ ഓവൻ ക്യാമറയ്ക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടതുതന്നെ. അഭിനയിച്ച് യാതൊരു മുൻപരിചയവുമില്ലാത്ത ഒരാളാണ് ഇപ്പോൾ പുരസ്കാരത്തിന്റെ ചരിത്രം മാറ്റിയെഴുതിയത് എന്നതാണ് ഇത്തവണത്തെ എമ്മിയെ ശ്രദ്ധേയമാക്കുന്നത്.

2019-ൽ 'വെൻ ദെയ് സീ അസ്' എന്ന പരമ്പരയിലെ പ്രകടനത്തിന് 21-ാം വയസ്സിൽ പുരസ്കാരം നേടിയ ജാറെൽ ജെറോം ആയിരുന്നു ഒരു ലിമിറ്റഡ് സീരീസിലെ ഏറ്റവും പ്രായം കുറഞ്ഞ സഹനടൻ. ആ ചരിത്രമാണ് ഓവൻ കൂപ്പർ ഇപ്പോൾ തിരുത്തിയിരിക്കുന്നത്. എന്നാൽ എമ്മി പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അഭിനേതാവ് കൂപ്പറല്ല. 1984-ൽ 'സംതിംഗ് എബൗട്ട് അമേലിയ' എന്ന ചിത്രത്തിന് 14-ാം വയസ്സിൽ പുരസ്കാരം നേടിയ റോക്സാന സാലിന്റെ പേരിലാണ് ആ റെക്കോർഡ്.
ഇവർക്ക് പുറമേ എമ്മിയിൽ സ്വന്തം മുദ്ര പതിപ്പിക്കുന്നതിന് പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ച മറ്റുചിലർ കൂടിയുണ്ട്. 18 വയസ് തികയുന്നതിന് മുൻപ് രണ്ട് എമ്മി പുരസ്കാരങ്ങൾ നേടിയ ക്രിസ്റ്റി മക്നിക്കോൾ ആണ് അതിൽ ആദ്യത്തേത്. 1977-ൽ 'ഫാമിലി' എന്ന പരമ്പരയ്ക്ക് 15-ാം വയസ്സിൽ ആദ്യ പുരസ്കാരം നേടിയ അവർ അതേ പരമ്പരയ്ക്ക് 17-ാം വയസ്സിൽ രണ്ടാമത്തെ പുരസ്കാരവും നേടി.
2020-ൽ 'യൂഫോറിയ' എന്ന പരമ്പരയിലൂടെ ഏറ്റവും പ്രായം കുറഞ്ഞ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ സെൻഡേയ (24), 1986-ൽ 'ഫാമിലി ടൈസ്' എന്ന പരമ്പരയ്ക്ക് പുരസ്കാരം നേടിയ മൈക്കിൾ ജെ. ഫോക്സ് (25), 1973-ൽ 'ദി വാൾട്ടൺസ്' എന്ന പരമ്പരയ്ക്ക് പുരസ്കാരം നേടിയ റിച്ചാർഡ് തോമസ് (21) എന്നിവരാണ് തങ്ങളുടെ മുദ്ര പതിപ്പിച്ച മറ്റ് യുവതാരങ്ങൾ. സ്കോട്ട് ജേക്കബിയും (16) ആന്റണി മർഫിയും (17) 1973-ലെ എമ്മി വിജയങ്ങളോടെ ഈ പട്ടികയിൽ ഇടംപിടിച്ചു.
അതേസമയം എമ്മിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട എല്ലാ യുവതാരങ്ങൾക്കും പുരസ്കാരം ലഭിച്ചിട്ടുമില്ല. 1986-ൽ 'ദി കോസ്ബി ഷോ' എന്ന പരമ്പരയ്ക്ക് ആറാം വയസ്സിൽ നാമനിർദ്ദേശം ലഭിച്ച കീഷിയ നൈറ്റ് പുല്ലിയാമാണ് എമ്മി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നോമിനി. ഫ്രെഡ് സാവേജ് (ദി വണ്ടർ ഇയേഴ്സ്, 1989), മില്ലി ബോബി ബ്രൗൺ (സ്ട്രേഞ്ചർ തിങ്സ്, 2017) എന്നിവർ 13-ാം വയസ്സിൽ നാമനിർദേശം നേടി. മാൽക്കം ജമാൽ വാർണർ, അസന്റെ ബ്ലാക്ക്, ക്ലെയർ ഡെയ്ൻസ്, പാറ്റി ഡ്യൂക്ക് തുടങ്ങിയ പ്രമുഖരും കൗമാരപ്രായത്തിൽത്തന്നെ എമ്മി നാമനിർദ്ദേശം നേടിയ മറ്റുള്ള താരങ്ങളിലുൾപ്പെടുന്നു.
Content Highlights: Owen Cooper Makes Emmy History arsenic Youngest Supporting Actor Winner astatine 15





English (US) ·