'40-കാരൻ രൺവീറിന് 20-കാരി നായിക, ബോളിവുഡിന് എന്തുപറ്റി'; 'ധുരന്ധർ' ഫസ്റ്റ്‌ലുക്കിന് പിന്നാലെ വിമർശനം

6 months ago 6

Annmariya Kalippilaanu Sara arjun ranveer singh dhurandhar

സാറാ അർജുൻ 'ആൻ മരിയ കലിപ്പിലാണ്' പോസ്റ്ററിൽ, 'ധുരന്ധർ' ഫസ്റ്റ് ലുക്കിൽനിന്ന്‌ | Photo: X/ AB George, YouTube/ JioStudios

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന രണ്‍വീര്‍ സിങ് ചിത്രം 'ധുരന്ധറി'ന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ താരത്തിന്റെ പിറന്നാള്‍ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആദിത്യ ധര്‍ സംവിധാനംചെയ്യുന്ന ചിത്രം ഈ വര്‍ഷം ഡിസംബര്‍ അഞ്ചിന് തീയേറ്ററില്‍ എത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവരെ രണ്‍വീര്‍ ചെയ്ത കഥാപാത്രങ്ങളില്‍നിന്ന് വ്യത്യസ്തമായിരിക്കും 'ധുരന്ധറി'ലേത് എന്നാണ് ട്രെയ്‌ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

സഞ്ജയ് ദത്ത്, ആര്‍. മാധവന്‍, അക്ഷയ് ഖന്ന, അര്‍ജുന്‍ രാംപാല്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സാറാ അര്‍ജുന്‍ ആണ് ചിത്രത്തില്‍ രണ്‍വീറിന്റെ നായികയായി എത്തുന്നത്. 2.39 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറിന്റെ പ്രത്യേകത മലയാളിയായ ഹനുമാന്‍കൈന്‍ഡിന്റെ റാപ്പാണ്.

ടീസര്‍ റിലീസിന് പിന്നാലെ പതിവുപോലെ ചിത്രത്തിലെ നായികാ- നായകന്മാരുടെ പ്രായവ്യത്യാസം ചൂണ്ടിക്കാണിച്ച് വിമര്‍ശനവുമായി പലരും രംഗത്തെത്തി. 20-കാരിയായ സാറാ അര്‍ജുന്‍ ആണ് ചിത്രത്തിലെ നായിക. നടന്‍ രാജ് അര്‍ജുന്റെ മകളായ സാറാ അര്‍ജുന്‍, 'ആന്‍ മരിയ കലിപ്പിലാണ്' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ്. മണിരത്‌നം ചിത്രം 'പൊന്നിയിന്‍ സെല്‍വന്റെ' രണ്ടുഭാഗങ്ങളില്‍ ഐശ്വര്യ റായ്‌യുടെ ചെറുപ്പകാലം അവതരിപ്പിച്ചത് സാറാ അര്‍ജുന്‍ ആയിരുന്നു. തമിഴ് ചിത്രം 'ദൈവതിരുമകളി'ലൂടെയാണ് സാറ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

നായികാ- നായകന്മാരുടെ 20 വയസ്സ് പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി, 'ബോളിവുഡിന് ഇതെന്ത് പറ്റി' എന്ന ചോദ്യമാണ് നെറ്റിസണ്‍സ് ചോദിക്കുന്നത്. 'ആന്‍മരിയയിലെ ആ കൊച്ച് ആണ് ഇതെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ', എന്ന ചോദ്യവുമായി മലയാളി സിനിമാപ്രേക്ഷകരും രംഗത്തെത്തി. 'സാറ ഈ വര്‍ഷം 20 പൂര്‍ത്തിയാക്കും. രണ്‍വീറിന് ഇന്ന് 40 വയസ്സായി. എന്നുവെച്ചാല്‍, ചിത്രം ഷൂട്ട് ചെയ്യുമ്പോള്‍ സാറയ്ക്ക് വെറും 18 വയസ്സുമാത്രം. രണ്‍വീര്‍ എങ്ങനെയാണ് ഇതിന് സമ്മതിച്ചത്‌. കുറച്ചുകൂടെ പ്രായം ഉള്ള ഒരു നടിയെ ആവശ്യപ്പെടാമായിരുന്നില്ലേ', എന്നാണ് ഒരു ആരാധകന്റെ ചോദ്യം. '40-കാരന്‍ രണ്‍വീര്‍, 18-കാരി സാറ അര്‍ജുനെ പ്രണയിക്കുന്നു. ബോളിവുഡിന് എന്തുപറ്റി', എന്നാണ് മറ്റൊരു കമന്റ്.

നേരത്തെ, മണിരത്‌നത്തിന്റെ കമല്‍ഹാസന്‍ ചിത്രം 'തഗ് ലൈഫി'നെതിരേയും സമാനവിമര്‍ശനം ഉയര്‍ന്നിരുന്നു. ചിത്രത്തിലെ നായികമാരായ തൃഷയ്ക്കും അഭിരാമിക്കും കമല്‍ഹാസനുമായുള്ള പ്രായവ്യത്യാസം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഇതില്‍ പ്രതികരണവുമായി തൃഷയും അഭിരാമിയും എത്തിയിരുന്നു.

Content Highlights: Ranveer Singh`s `Dhurandhar` archetypal look teaser is out!

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article