06 September 2025, 09:16 PM IST

ഭാവന രാമണ്ണ | Photo: Instagram:bhavanaramannaofficial
അവിവാഹിതയായ താന്‍ ഐവിഎഫ് വഴി ഗര്‍ഭിണിയായെന്നുള്ള നിര്‍ത്തകിയും നടിയുമായ കന്നഡ താരം ഭാവന രാമണ്ണയുടെ തുറന്ന് പറച്ചില്‍ വലിയ ചര്‍ച്ചയായിരുന്നു. താന്‍ ആറുമാസം ഗര്‍ഭിണിയാണെന്നാണ് കഴിഞ്ഞ ജുലായില്‍ ഭാവന അറിയിച്ചത്. അവിവാഹിതയായതിനാല്‍ പല ക്ലിനിക്കുകളും തന്നെ നിരുത്സാഹപ്പെടുത്തിയെന്നും തന്റെ തിരഞ്ഞെടുപ്പിനെ ചോദ്യംചെയ്തുവെന്നുമുള്ള നടിയുടെ വെളിപ്പെടുത്തലായിരുന്നു വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയത്. ഇപ്പോഴിതാ, ഭാവന രാമണ്ണ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെന്നും ഇതില്‍ ഒരുകുഞ്ഞ് പ്രസവത്തിന് പിന്നാലെ മരണപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടാഴ്ച മുമ്പാണ് ഭാവന ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏഴാംമാസത്തോട് അടുത്തപ്പോള്‍ നടിക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. എട്ടാം മാസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. എന്നാല്‍ അതില്‍ ഒന്നുമാത്രമേ ആരോഗ്യപ്രശ്‌നങ്ങള്‍ അതിജിവിച്ചുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മറ്റൊരു കുഞ്ഞും ഭാവനയും ഇപ്പോള്‍ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ജുലായിലാണ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ താന്‍ ആറുമാസം ഗര്‍ഭിണിയാണെന്ന് ഭാവന അറിയിച്ചത്. ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചിരിക്കുകയാണെന്നായിരുന്നു ഭാവനയുടെ വെളിപ്പെടുത്തല്‍. തന്റെ 20-കളിലോ 30-കളിലോ താന്‍ അമ്മയാവുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്ന് പറഞ്ഞ ഭാവന, 40 വയസ്സായതോടെ ആ ആഗ്രഹം നിഷേധിക്കാനാവാത്തതായി മാറി എന്നും അന്ന് പറഞ്ഞിരുന്നു.
പല ഐവിഎഫ് ക്ലിനിക്കുകളും നിരസിച്ചു. സുഷമ എന്ന ഡോക്ടറുടെ പിന്തുണയില്‍ ആദ്യശ്രമത്തില്‍ തന്നെ ഗര്‍ഭം ധരിച്ചു. മാതാപിതാക്കള്‍ കൂടെ നിന്നു. ചിലര്‍ തന്റെ തീരുമാനത്തെ ചോദ്യംചെയ്തു. വൈകാതെ രണ്ട് കുഞ്ഞുങ്ങള്‍ തന്നെ അമ്മ എന്ന് വിളിക്കുമെന്നുമായിരുന്നു അന്ന് ഭാവന പങ്കുവെച്ചത്.
Content Highlights: Bhavana Ramanna Gives Birth To Twin Girls At 40 Via IVF, Only One Baby Of The Single Mother Survives
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·