'400 കോടി മുടക്കിയ പടങ്ങളേക്കാള്‍ നല്ലത്'; VFX നെ വാഴ്ത്തി RGV, ഹിറ്റായി സൂപ്പർ ഹീറോ ചിത്രം 'മിറൈ',

4 months ago 4

RGV- Mirai Poster

രാം ഗോപാൽ വർമ (Photo: AFP), മിറൈ പോസ്റ്റർ

തീയേറ്ററുകളില്‍ വന്‍ മുന്നേറ്റം നടത്തുകയാണ് തെലുങ്ക് സൂപ്പര്‍ ഹീറോ ചിത്രമായ മിറൈ (Mirai). തേജ സജ്ജ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീയേറ്ററുകളിലെത്തിയത്. ചിത്രത്തിലെ വിഎഫ്എക്‌സിനെ പുകഴ്ത്തി ഇതിനകം നിരവധിയാളുകള്‍ രംഗത്തുവന്നുകഴിഞ്ഞു. സംവിധായകന്‍ രാംഗോപാല്‍ വര്‍മയും അക്കൂട്ടത്തിലുണ്ട്.

400 കോടി ബജറ്റുള്ള സിനിമകളേക്കാള്‍ മികച്ചതാണ് മിറൈയുടെ വിഎഫ്എക്‌സ് എന്ന് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ആര്‍ജിവി പറഞ്ഞു.

ഇത്രയേറെ മികച്ച വിഎഫ്എക്‌സ് മുമ്പെപ്പോഴാണ് കണ്ടതെന്ന് ഓര്‍മയില്ല. 400 കോടിയിലേറെ മുതല്‍മുടക്കിയ ചിത്രങ്ങളില്‍ പോലുമില്ല. മനോജ് മഞ്ചുവിനെ തിരഞ്ഞെടുത്തത് ഒരു പിഴവാണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. എന്നാല്‍ നിങ്ങളുടെ ഗംഭീരമായ ചിത്രീകരണം കണ്ടപ്പോള്‍ ഞാന്‍ എന്നെ തന്നെ അടിച്ചു. ഇത്രയും വലിയ കഥാപാത്രം ചെയ്യാന്‍ തേജ സജ്ജ വളരെ ചെറുപ്പമാണെന്നാണ് കരുതിയത്. അതിലും എനിക്ക് തെറ്റുപറ്റി- ആര്‍ജിവി പറഞ്ഞു.

400 കോടി രൂപ മുടക്കിയ ചിത്രങ്ങളുമായി താരതമ്യം ചെയ്‌തെങ്കിലും, ഏതെങ്കിലും സിനിമകളുടെ പേര് ആര്‍ജിവി എടുത്തുപറഞ്ഞില്ല. ഋത്വിക് റോഷനും, ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രങ്ങളായെത്തുന്ന വാര്‍ 2, തെലുങ്കില്‍ നിന്നുള്ള പവന്‍കല്യാണിന്റെ ഹരിഹര വീര മല്ലു പോലുള്ള ചിത്രങ്ങള്‍ കൊട്ടിഘോഷിച്ച് പുറത്തിറങ്ങിയെങ്കിലും തീയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമായിരുന്നു.

മിറൈയിലെ ദൃശ്യങ്ങളും പശ്ചാത്തല സംഗീതവും തിരക്കഥയുടെ സഘടനയും വളരെ ലളിതമാണ്. അത്യധികം ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്ന നിമിഷങ്ങളുണ്ട്. വാളുകള്‍, മന്ത്രങ്ങള്‍, അമാനുഷിക ഭീഷണികള്‍ എന്നിവയ്ക്കിടയില്‍, കുടുംബം, കടമ, സ്‌നേഹം, വഞ്ചന എന്നിവയെ ഫോക്കസില്‍ നിലനിര്‍ത്തുന്നതില്‍ സിനിമ പരാജയപ്പെടുന്നില്ലെന്നും ദൈര്‍ഘ്യമേറിയ എക്‌സ് പോസ്റ്റില്‍ ആര്‍ജിവി പറഞ്ഞു.

Content Highlights: Telugu superhero movie Mirai starring Teja Sajja impresses with its VFX

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article