'4000 കോടിയോ, തമാശ പറയുകയാണോ'; 'രാമായണ' ബജറ്റില്‍ സംശയം പ്രകടിപ്പിച്ച് സംവിധായകര്‍

6 months ago 8

Ramayana Poster

സായി പല്ലവി, രാമായണയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, രൺബീർ കപൂർ | Photo: Facebook, PTI

രണ്‍ബീര്‍ കപൂറിനെ നായകനാക്കി നിതേഷ് തിവാരി സംവിധാനംചെയ്യുന്ന 'രാമായണ' ചിത്രത്തിന്റെ ബജറ്റുമായി ബന്ധപ്പെട്ട നിര്‍മാതാവിന്റെ അവകാശവാദത്തില്‍ സംശയം പ്രകടിപ്പിച്ച് ചലച്ചിത്ര പ്രവര്‍ത്തകര്‍. രണ്ടുഭാഗങ്ങളിലായുള്ള ചിത്രത്തിന്റെ ആകെ ചെലവ് 4000 കോടി ആയിരിക്കുമെന്ന് കഴിഞ്ഞദിവസം ഒരു പോഡ്കാസ്റ്റ് അഭിമുഖത്തില്‍ നിര്‍മാതാവ് നമിത് മല്‍ഹോത്ര അവകാശപ്പെട്ടിരുന്നു. ഇത് അവിശ്വസനീയമാണെന്നാണ് സംവിധായകരും നിര്‍മാതാക്കളും അഭിപ്രായപ്പെടുന്നത്.

നമിത് മല്‍ഹോത്രയെ പരോക്ഷമായി പരിഹസിച്ച് സംവിധായകന്‍ സഞ്ജയ് ഗുപ്ത രംഗത്തെത്തി. 'മാട്രിക്‌സ്, ലോര്‍ഡ് ഓഫ് ദ റിങ്‌സ്, അവതാര്‍, ഡ്യൂണ്‍, സ്റ്റാര്‍ വാര്‍സ്, തുടങ്ങിയവയെല്ലാം മുമ്പെങ്ങുമില്ലാത്ത വിഷ്വല്‍ എഫക്റ്റുകളുള്ള സിനിമകളായിരുന്നു. റിലീസിന് മുമ്പ് ആരും അതിനെക്കുറിച്ച് സംസാരിച്ചില്ല. അവര്‍ തങ്ങളുടെ സൃഷ്ടിയെ സ്വയം സംസാരിക്കാന്‍ അനുവദിച്ചു', എന്നായിരുന്നു സഞ്ജയ് ഗുപ്തയുടെ കുറിപ്പ്.

നിര്‍മാതാവിന്റെ അവകാശവാദങ്ങളെ ചോദ്യംചെയ്ത്‌ മറ്റൊരു പ്രമുഖ സംവിധായകനും രംഗത്തെത്തി. ഇത്രയും വലിയ നിക്ഷേപം നടത്തിയാല്‍ അത് തിരിച്ചുപിടിക്കാന്‍മാത്രം കഴിവുള്ള ഏത് കമ്പനിയാണുള്ളതെന്ന് ബ്രഹ്‌മാണ്ഡസിനിമകള്‍ ഒരുക്കിയ ഈ സംവിധായകന്‍ ചോദിച്ചു. '4000 കോടിയോ? തമാശ പറയുകയാണോ? ഇത് അവിശ്വസനീയമാംവിധം പെരുപ്പിച്ചുകാട്ടിയ, ചിരിക്കാന്‍ വക നല്‍കുന്ന കണക്കാണ്. ബോധമുള്ള ഏതെങ്കിലും നിര്‍മാതാവോ അദ്ദേഹത്തിന്റെ നിക്ഷേപകരോ ഇത്രയും വലിയ തുകയ്ക്ക് റിസ്‌ക് ഏറ്റെടുക്കില്ല. രാമായണത്തിന്റെ കാര്യമെടുത്താല്‍, ഏറ്റവും ഒടുവില്‍ അത് വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ (ആദിപുരുഷിലൂടെ), നിര്‍മാതാക്കളായ ടി- സീരീസിന് 650 കോടി രൂപയുടെ നിക്ഷേപത്തില്‍ ഏകദേശം 200 കോടിയുടെ നഷ്ടമുണ്ടായി', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, 'രാമായണ'ത്തിന്റെ ബജറ്റ് 1600 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തിലാണ് നമിത് മല്‍ഹോത്ര 4000 കോടി എന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ചിത്രത്തില്‍ യാഷ് ആണ് രാവണനായി എത്തുന്നത്. സായ് പല്ലവി സീതയുടെ വേഷം അവതരിപ്പിക്കും. ആദ്യഭാഗം 2026-ലെ ദീപാവലിക്കും രണ്ടാം ഭാഗം 2027-ലെ ദീപാവലിക്കും പുറത്തിറങ്ങും.

Content Highlights: Filmmakers question the reported ₹4000 crore fund of Ranbir Kapoor`s Ramayana

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article