AMMA-യ്ക്കിടയിൽ കുത്തുകളില്ല; ഞാൻ ആരുടേയും വക്താവായിരുന്നില്ല, ഉത്തരവാദിത്തം വലുതാണ്- ശ്വേതാ മേനോൻ

4 months ago 5

Shweta Menon

ശ്വേതാ മേനോൻ | Photo: Instagram/ Shwetha Menon

'അമ്മ'യുടെ നേതൃസ്ഥാനത്ത് വനിതകള്‍ വന്നു എന്നതിനാല്‍ ഒറ്റരാത്രികൊണ്ട് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കരുതെന്ന് പ്രസിഡന്റ് ശ്വേതാ മേനോന്‍. തന്റെ നേതൃത്വത്തില്‍ 'അമ്മ'യില്‍ എന്തൊക്കെ മാറ്റമുണ്ടാവുമെന്ന് പറയാനുള്ള സമയമായിട്ടില്ല. തങ്ങള്‍ക്ക് കുറച്ച് സമയം വേണമെന്നും ശ്വേത ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ പറഞ്ഞു.

'ശക്തമായ അഭിപ്രായങ്ങളുള്ള വ്യക്തിയാണ് ഞാന്‍. എന്റെ വിയോജിപ്പുകളും യോജിപ്പുകളും ഞാന്‍ ഉറക്കെ പറഞ്ഞിട്ടുണ്ട്. ഞാന്‍ ആരുടേയും വക്താവ് ആയിരുന്നില്ല. എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്. അതാണ് എന്നെ വ്യത്യസ്തയാക്കുന്നത്. മുരളി, മധു, ഇന്നസെന്റ്, മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ഇരുന്ന പദവിയിലാണ് ഞാന്‍ ഇരിക്കുന്നത്. ഉത്തരവാദിത്തം വലുതാണ്. ഒറ്റരാത്രികൊണ്ട് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കരുത്. ഞങ്ങള്‍ക്ക് കുറച്ച് സമയം വേണം', എന്നായിരുന്നു ശ്വേതയുടെ വാക്കുകള്‍.

'മൂടിക്കിടന്ന പല കാര്യങ്ങളും ഹേമാ കമ്മിറ്റി പുറത്തുകൊണ്ടുവന്നു. തുറന്നുപറച്ചിലുമായി മുന്നോട്ടുവന്ന സ്ത്രീകളെ അഭിനന്ദിക്കുന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷമാണ് പുറത്തുവന്നതെങ്കിലും കോവിഡിന് ശേഷം ഒരുപാട് മാറ്റങ്ങള്‍ മലയാളം സിനിമാ മേഖലയില്‍ ഉണ്ടായിട്ടുണ്ട്', ചോദ്യത്തിന് മറുപടിയായി ശ്വേത പറഞ്ഞു.

'സംഘടനയുടെ പേര് രജിസ്റ്റര്‍ ചെയ്തത് 'അമ്മ' എന്നാണ്. അത് അറിയാത്തവരാണ് എഎംഎംഎ എന്ന് വിളിക്കുന്നത്. എഎംഎംഎയ്ക്കിടയില്‍ കുത്തുകളില്ല. 504 മക്കളുടെ 'അമ്മ'യാണ് ഞാന്‍ ഇപ്പോള്‍', സംഘടനയെ എഎംഎംഎ എന്ന് വിശേഷിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് ശ്വേത പ്രതികരിച്ചു.

സിനിമയില്‍ സ്ത്രീകള്‍ക്ക് നിശ്ചിത ജോലി സമയം ആവശ്യമാണെന്ന ചര്‍ച്ചകളോടും ശ്വേത പ്രതികരിച്ചു. 'ഗര്‍ഭിണിയായപ്പോള്‍ നാലു ചിത്രങ്ങള്‍ ചെയ്ത അഭിനേതാവാണ് ഞാന്‍. എനിക്ക് നിശ്ചിത ജോലി സമയം വേണമെന്ന് സംവിധായകരോട് ആവശ്യപ്പെട്ടിരുന്നു. അത് അവര്‍ അനുവദിച്ചു. ഇത്തരം കാര്യങ്ങള്‍ കൃത്യമായ ആശയവിനിമയത്തിലൂടെ നടപ്പാക്കാന്‍ സാധിക്കും. അത് ഇല്ലാത്തപ്പോഴാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്', എന്നായിരുന്നു ശ്വേതയുടെ വാക്കുകള്‍.

Content Highlights: Shweta Menon, caller AMMA president, assures gradual changes, not overnight miracles

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article