'ഭീഷ്മപര്‍വ്വത്തി'ന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളെന്നായിരുന്നു ഇന്നുവരെ മലയാള സിനിമാപ്രേക്ഷകര്‍ക്ക് അറിയാവുന്ന ദേവദത്ത് ഷാജി. സംവിധായകനാകാനുള്ള തന്റെ കാത്തിരിപ്പിനെക്കുറിച്ച് ദേവദത്ത് ഷാജി പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. പന്ത്രണ്ടുവര്‍ഷത്തെ കാത്തിരിപ്പാണ് തന്റേതെന്നാണ് ദേവദത്ത് പറഞ്ഞത്. കാത്തിരിപ്പ് ഒരുതരിപോലും പാഴായില്ലെന്ന് ഇനി ദേവദത്തിന് ആശ്വസിക്കാം. മലയാള സിനിമാപ്രേക്ഷകന്‍ തീയേറ്ററില്‍ കാണാന്‍ കൊതിച്ച കംപ്ലീറ്റ് എന്റര്‍ടെയ്‌നറാണ് 'ധീരന്‍'.
കോമഡിയുണ്ട്. ആക്ഷനുണ്ട്. ഇമോഷന്‍സുണ്ട്. എല്ലാം പാകത്തിന് കോര്‍ത്തിണക്കി, ഒരുതരി കൂടുതലോ കുറവോ ആവാതെ, 137 മിനിറ്റ് 10 സെക്കന്റ് പ്രേക്ഷകനെ പൂര്‍ണ്ണമായി ചിത്രത്തില്‍ എന്‍ഗേജ് ചെയ്യിപ്പിക്കാന്‍ കഴിയുന്നു എന്നുള്ളിടത്താണ് സംവിധായകനായ ദേവദത്തിന്റേയും 'ധീരന്‍' എന്ന സിനിമയുടേയും വിജയം. മലയാറ്റൂര്‍ ഗ്രാമവും അവിടുത്തെ ഒരു 'ധീരനും' അയാള്‍ക്ക് വേണ്ടപ്പെട്ടവരുടേയും അയാളെ വേണ്ടാത്തവനായവരുടേയും കഥയെന്ന് സാമാന്യമായി ചിത്രത്തെക്കുറിച്ച് പറയാം. എന്നാല്‍, ഇതിനിടയിലും അതിനപ്പുറവും സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയെ മുന്നോട്ടു നയിക്കുന്നത്.
പിതാവിനെ നഷ്ടപ്പെടുന്ന അതേ ദുരന്തം രാജേഷ് മാധവന്‍ അവതരിപ്പിക്കുന്ന എല്‍ദോസ് എന്ന കഥാപാത്രത്തെ 'നാട്ടിലെ ധീരനും' അതുവഴി രാഷ്ട്രപതിയുടെ മെഡലിനും അര്‍ഹനാക്കുന്നു. എന്നാല്‍, പിന്നീട് അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്നതൊന്നും അയാള്‍ക്ക് അനുകൂലമായിരുന്നില്ല. ചെറുതെങ്കിലും അയാളെ സംബന്ധിച്ച് മുന്നോട്ടുള്ള ജീവിതത്തെ തന്നെ ആകെ തകിടം മറിച്ചുകളയുന്ന ഒരുസംഭവം, എല്‍ദോസിനെ നാടുവിടാന്‍ നിര്‍ബന്ധിതനാക്കുന്നു. പിന്നാലെ, എല്‍ദോസിനും അയാള്‍ വഴി നാട്ടുകാരുടെ ജീവിത്തിലും ഉണ്ടാവുന്ന നാടകീയ സംഭവങ്ങളാണ് ചിത്രത്തില്‍.
'ഭൂമിയില്‍ നടക്കുന്ന സകലമാന കാര്യങ്ങള്‍ക്കും മിനിമം രണ്ട് ആംഗിളുണ്ട്', എന്നൊരു ഡയലോഗുണ്ട്, ചിത്രത്തില്‍. ജഗദീഷ് അവതരിപ്പിക്കുന്ന വാര്‍ഡ് മെമ്പറായ അബ്ബാസ് എന്ന കഥാപാത്രത്തിന്റേതാണ് ആ ഡയലോഗ്. ചിത്രത്തിന്റെ ആദ്യനിമിഷങ്ങളില്‍ തന്നെ അബ്ബാസ് പറയുന്ന ഈ സംഭാഷണത്തോട്, അയാള്‍ നീതി പുലര്‍ത്തിയിരുന്നെങ്കില്‍ എല്‍ദോസിന്റെ ജീവിതത്തില്‍ ഇത്രയും നാടകീയസംഭവങ്ങളുണ്ടാവുമായിരുന്നില്ല എന്ന് പ്രേക്ഷകന് ഒരുഘട്ടത്തില്‍ തോന്നും. എന്നാല്‍, ആ തിരിച്ചറിവിലേക്കെത്താന്‍ അബ്ബാസിന് എത്രദൂരം താണ്ടേണ്ടിവന്നുവെന്ന് ചിത്രം പൂര്‍ണ്ണമായും പ്രേക്ഷകനെ അനുഭവിപ്പിക്കുന്നുണ്ട്. മാത്രമല്ല, അബ്ബാസിന്റെ തന്നെ അവസാന ഡയലോഗിലും എല്‍ദോസിനെ മനസിലാക്കാന്‍ എന്തുകൊണ്ട് അയാള്‍ക്കും നാടിനും സാധിച്ചില്ലെന്നതിന്റെ ന്യായീകരണവുമുണ്ട്.
തിരക്കഥയാണ് ചിത്രത്തിന്റെ ശക്തി. ഒരുപാട് ഇമോഷനുകളും സംഭവങ്ങളും വന്നുപോകുന്ന ചിത്രത്തില്‍, ഒരിടത്തുപോലും പ്രേക്ഷകന്റെ ശ്രദ്ധ തെറ്റിപ്പോവാതെ പിടിച്ചിരുത്താന്‍ തിരക്കഥയ്ക്ക് സാധിക്കുന്നുണ്ട്. അബ്ബാസിന്റെ സംഭാഷണം പോലെ, കഥയില്‍ നടക്കുന്ന എല്ലാത്തിനും രണ്ട് ആംഗിളുണ്ട്. അതിനെയെല്ലാം നീതികരിക്കാനും തിരക്കഥയ്ക്ക് സാധിക്കുന്നുണ്ട്. അത്രയേറെ കഥാപാത്രങ്ങള്‍ വന്നുപോകുന്ന ചിത്രത്തില്‍ ഓരോന്നിനും അവരുടേതായ വ്യക്തിത്വം എപ്പോഴും സൂക്ഷിക്കാന്‍ തിരക്കഥയില്‍ അങ്ങേയറ്റത്തെ ശ്രദ്ധപുലര്‍ത്തിയിട്ടുണ്ട്.
മലയാളത്തിന്റെ വിന്റേജ് യൂത്തന്മാര്‍ ഒന്നിക്കുന്നു എന്നാണ് ചിത്രത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടിരുന്നത്. ജഗദീഷ്, മനോജ് കെ. ജയന്‍, സുധീഷ്, അശോകന്‍, വിനീത് എന്നീ 'വിന്റേജ് യൂത്തന്മാരു'ടെ അഴിഞ്ഞാട്ടമായിരുന്നു ചിത്ത്രതില്‍ ഉടനീളം. കോമഡിയും ആക്ഷനും ഇമോഷന്‍സുമെല്ലാം ഒരേ കൈയടക്കത്തോടെ, അനായാസമായി ഇവര്‍ അഭിനയിച്ച് ഫലിപ്പിക്കുന്നു. രാജേഷ് മാധവന്‍, അരുണ്‍ ചെറുകാവില്‍, ശബരീഷ് വര്‍മ, അഭിറാം രാധാകൃഷ്ണന്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവരും അസാധ്യപ്രകടനമാണ് കാഴ്ചവെച്ചത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഇന്ദുമതി മണികണ്ഠന്‍, ഗീതി സംഗീത, വിജയ സദന്‍ എന്നിവരും അവരുടെ ഭാഗങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ശരവണന്‍ ആയി എത്തിയ ശ്രീകൃഷ്ണ ദയാലിന്റേയും നായികാവേഷത്തിലെത്തിയ അശ്വതി മനോഹരന്റേയും പ്രകടനവും എടുത്തു പറയേണ്ടതാണ്.
മുജീബ് മജീദിന്റെ പാട്ടുകളും പശ്ചാത്തലസംഗീതവും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. 'മന്ദാരം', 'തിങ്കളാഴ്ച നിശ്ചയം', 'കിഷ്‌കിന്ധാകാണ്ഡം' എന്നീ ചിത്രങ്ങള്‍ക്കുശേഷം മുജീബ് സംഗീതമൊരുക്കിയ ചിത്രമാണ് 'ധീരന്‍'. ചിത്രത്തിന്റെ മൂഡിനൊപ്പം സഞ്ചരിച്ച്, പ്രേക്ഷനെ അതിലേക്ക് വലിച്ചിടുന്നതാണ് പശ്ചാത്തലസംഗീതം. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് 'ധീരന്‍റെ' ഛായാഗ്രഹണം. ഹരികൃഷ്ണന്‍ ലോഹിതദാസിന്റെ ഓരോ ഫ്രെയിമും ചിത്രത്തിനൊപ്പം സഞ്ചരിക്കുന്നവയാണ്. എഡിറ്റര്‍ ഫിന്‍ജോര്‍ജ് വര്‍ഗീസ്, പാട്ടെഴുതിയ വിനായക് ശശികുമാര്‍, ഷര്‍ഫു, സുഹൈല്‍ കോയ, ശബരീഷ് വര്‍മ, വസ്ത്രാലങ്കാരം നിര്‍വഹിച്ച സമീറ സനീഷ്, സംഘട്ടനമൊരുക്കിയ മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കള്‍, ശബ്ദലേഖനം നിര്‍വഹിച്ച എം.ആര്‍. രാജാകൃഷ്ണന്‍ എന്നിവരും അവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കി.
ചിത്രത്തിന്റെ പ്രധാനവഴിത്തിരിവില്‍ സിദ്ധാര്‍ഥ് ഭരതന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഒരു ഡയലോഗുണ്ട്. 'ഒരു എന്റര്‍ടെയ്ന്‍മെന്റ് ഞാന്‍ മുന്നില്‍ കാണുന്നുണ്ട്', എന്ന്. ആ വാക്കുകള്‍ കടമെടുത്താല്‍, ഒന്നല്ല ഒരു ഒന്നൊന്നര എന്റര്‍ടെയ്‌നറാണ് 'ധീരന്‍'.
Content Highlights: Dheeran, a Malayalam film, offers a captivating blend of comedy, action, and emotion
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·