Empuraan review | ഇതൊരു മലയാള സിനിമ തന്നെയോ?; പൃഥ്വിരാജ് ഒരുക്കിയ പാന്‍ വേള്‍ഡ് ബ്രഹ്‌മാണ്ഡവിസ്മയം

9 months ago 9

Empuraan

'എമ്പുരാന്റെ' പോസ്റ്റർ | ഫോട്ടോ: Facebook

രുപക്ഷേ അടുത്തൊന്നും ഒരു മലയാളി പ്രേക്ഷകന്‍ ഒരു മലയാളസിനിമയ്ക്കുവേണ്ടി ഇതുപോലെ കാത്തിരുന്നിട്ടുണ്ടാവില്ല. അഞ്ചുവര്‍ഷത്തോളമാകുന്നു ആദ്യപ്രഖ്യാപനം വന്നിട്ട്. പിന്നീട് ഓരോ ദിവസവും എണ്ണിയെണ്ണി കാത്തിരിക്കുകയായിരുന്നു ഒരു ശരാശരി സിനിമാ പ്രേമി. ഒടുവില്‍ റിലീസ് തീയതി പ്രഖ്യാപിച്ചപ്പോള്‍ നേരത്തേപറഞ്ഞ കാത്തിരിപ്പ് അക്ഷമയ്ക്ക് വഴിയൊരുക്കി. പറഞ്ഞുവരുന്നത് എമ്പുരാനെക്കുറിച്ചാണ്. പൃഥ്വിരാജും മുരളി ഗോപിയും ഒപ്പം മോഹന്‍ലാലെന്ന സൂപ്പര്‍താരവും ചേര്‍ന്നൊരുക്കിയ ആ അഭ്രകാവ്യം ഒടുവില്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്, മോസ്റ്റ് ആന്റിസിപ്പേറ്റഡ് എന്ന വിശേഷണത്തെ അക്ഷരാര്‍ത്ഥത്തില്‍ കാട്ടിത്തന്നുകൊണ്ട്.

ബാഹുബലിയും കെജിഎഫും കാന്താരയുമെല്ലാം കേരളത്തിലെ സ്‌ക്രീനില്‍ വന്ന് ആഘോഷമാക്കിയപ്പോള്‍ കരേളത്തിലെ സിനിമാസ്വാദകരും കൊതിച്ചിട്ടുണ്ടാവും എന്ന് ഇതുപോലൊന്ന്, ഇത്ര വലിയ ക്യാന്‍വാസില്‍ ഒരുചിത്രം നമുക്കും വരുമെന്ന്. ആ കൊതിയ്ക്കാണ് പൃഥ്വിരാജും മോഹന്‍ലാലും മുരളി ഗോപിയും ചേര്‍ന്ന് എമ്പുരാന്‍ എന്ന വിരുന്നിലൂടെ അറുതിയാക്കിയിരിക്കുന്നത്. അന്യഭാഷാ ചിത്രങ്ങളിലൂടെ മാത്രം കണ്ടുവന്ന മേക്കിങ് സ്റ്റൈല്‍ മലയാളത്തിലും പറ്റുമെന്ന് തെളിയിക്കുകയാണ് പൃഥ്വിരാജ് ഈ ചിത്രത്തിലൂടെ. ഖുറേഷി അബ്രാമിനേയും സയ്ദ് മസൂദിനേയും അവരെ ചുറ്റിപ്പറ്റിയുള്ള നിഗൂഢമായ ലോകത്തേയുമാണ് എമ്പുരാനില്‍ അനാവരണം ചെയ്യുന്നത്. എബ്രാമിന് ആരാണ് സയിദ് മസൂദെന്നും തിരിച്ചും വ്യക്തമാക്കപ്പെടുന്നു എമ്പുരാനില്‍.

കേരളത്തിനകത്തും പുറത്തുനിന്നുമുള്ള താരങ്ങളുടെ നീണ്ടനിരയാണ് ചിത്രത്തില്‍. എന്നാല്‍ ഓരോരുത്തര്‍ക്കും അവരവര്‍ ചെയ്യേണ്ട ജോലി എന്താണെന്ന് കൃത്യമായി എഴുതിവെച്ചിട്ടുണ്ടെന്ന് സിനിമയില്‍ വ്യക്തമാണ്. ഒരു പ്രത്യേക കഥാപാത്രത്തെ ചൂണ്ടിക്കാട്ടി ഇങ്ങനെയൊരാള്‍ എന്തിനായിരുന്നെന്ന് ചോദിച്ചാല്‍ കൃത്യം ഉത്തരമുണ്ട്. ഖുറേഷി എബ്രാം അഥവാ സ്റ്റീഫന്‍ നെടുമ്പള്ളിതന്നെയാണ് എമ്പുരാന്റെയും നെടുംതൂണ്‍. നിമിഷങ്ങള്‍ മാത്രം വന്നുപോകുന്ന ഒരു സ്‌റ്റൈലിഷ് ലുക്കില്‍ സ്റ്റീഫനെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ലൂസിഫര്‍ അവസാനിച്ചത്. അന്ന് മിക്ക പ്രേക്ഷകരും ചോദിച്ച ഒരു ചോദ്യമായിരുന്നു ഈ ലുക്കില്‍ ഒരു മുഴുനീള പടം വന്നാല്‍ നല്ലതായിരിക്കില്ലേ എന്ന്. ആ ചോദ്യം പൃഥ്വിരാജും സംഘവും കേട്ടിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. കാരണം ചിത്രത്തില്‍ മോഹന്‍ലാല്‍ എന്ന താരത്തെ പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്ന രീതിയെ ഗംഭീരം എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല. അടുത്തകാലത്തൊന്നും ഒരു മലയാളി താരത്തിന് ഇത്രയേറെ ശക്തമായ എലിവേഷന്‍ കിട്ടിയിട്ടില്ലെന്നുതന്നെ പറയാം. പൃഥ്വിരാജിനും നിറഞ്ഞാടാന്‍ രംഗങ്ങളേറെയുണ്ടായിരുന്നു. ഒരു മാസ് ചിത്രം സംവിധാനംചെയ്ത് അതില്‍ മുഖ്യകഥാപാത്രങ്ങളിലൊന്നായി എത്തുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല. എന്നാല്‍ ആ വെല്ലുവിളി ഇവിടെ പൃഥ്വിരാജ് എന്ന നടനും സംവിധായകനും നിഷ്പ്രയാസം മറികടന്നിട്ടുണ്ട്.

ശക്തമായ തിരക്കഥയ്‌ക്കൊപ്പം അതിനേക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുന്ന മേക്കിങ് എന്നുവേണം എമ്പുരാനെക്കുറിച്ച് ആത്യന്തികമായി പറയേണ്ടത്. ഒരു സംവിധായകന് തന്റെ ചിത്രത്തിന്മേലുള്ള കാഴ്ചപ്പാട് എന്തായിരിക്കണമെന്ന് എമ്പുരാനിലെ പല രംഗങ്ങളും വിളിച്ചോതുന്നുണ്ട്.

അണിയറപ്രവര്‍ത്തകരേക്കുറിച്ചും പറയാതെ വയ്യ. സംഗീത സംവിധായകനായ ദീപക് ദേവില്‍നിന്ന് തുടങ്ങാം. ലൂസിഫറില്‍ കേള്‍പ്പിച്ചതെല്ലാം സാമ്പിള്‍ മാത്രമാണെന്നുവേണം മനസിലാക്കാന്‍. ഖുറേഷിയും സയിദ് മസൂദും ഒരുമിക്കുന്ന രംഗങ്ങളിലെ പശ്ചാത്തല സംഗീതത്തിന് കയ്യടിക്കാതെ വയ്യ. സിന്ദ സിന്ദ എന്ന ഗാനത്തിന്റെ തിയേറ്റര്‍ അനുഭവവും പ്രേക്ഷകരില്‍ ആവേശം നിറയ്ക്കുന്നതാണ്. സുജിത് വാസുദേവ് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഹോളിവുഡ് നിലവാരമുള്ളതായിരുന്നു. സ്റ്റണ്ട് സില്‍വയും സംഘവും ഒരുക്കിയ സംഘട്ടനരംഗങ്ങളും മലയാള സിനിമയില്‍ പുതിയ അനുഭവം തന്നെയായിരുന്നു. ഇങ്ങനെയൊരു ചിത്രം ഒരുക്കാന്‍ ധൈര്യം കാണിച്ച ആന്റണി പെരുമ്പാവൂരിനും ചിത്രം പ്രേക്ഷകര്‍ക്കുമുന്നിലെത്തിച്ച ഗോകുലം മൂവീസിനും കയ്യടിക്കാം.

കാത്തുകാത്തിരുന്ന് മലയാള സിനിമാപ്രേക്ഷകര്‍ക്കുകിട്ടിയ നിധി തന്നെയാണ് എമ്പുരാന്‍. ഒരുവട്ടം കണ്ട് മറക്കാവുന്ന ചിത്രവുമല്ല. ഓരോ തവണ ആലോചിക്കുമ്പോഴും പുതിയ ലെയറുകള്‍, പുതിയ അര്‍ത്ഥതലങ്ങളും വിശദീകരണങ്ങളും പ്രേക്ഷകനില്‍ ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്ന ചില ചിത്രങ്ങളുണ്ട്. അക്കൂട്ടത്തില്‍ മുന്‍നിരയില്‍ത്തന്നെ ഇനി എമ്പുരാനുമുണ്ടാവും. ഏതുനാട്ടിലെ പ്രേക്ഷകരോടും ഇനി മലയാളികള്‍ക്ക് പറയാം. ഞങ്ങള്‍ക്കൊരു എമ്പുരാനുണ്ടെന്ന്, ഒരു പാന്‍ വേള്‍ഡ് ചിത്രമുണ്ടെന്ന്. മസ്റ്റ് വാച്ചാണ് എമ്പുരാന്‍.

Content Highlights: Empuraan: Mohanlal, Prithviraj`s Epic Malayalam Film First Review

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article