11 July 2025, 09:54 AM IST

ജെഎസ്‌കെയിലെ രംഗം | Photo: facebook/ jsk
കൊച്ചി: സുരേഷ് ഗോപി ചിത്രം 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ പുതിയ പതിപ്പ് വെള്ളിയാഴ്ച റീസെൻസറിങ്ങിന് സമർപ്പിക്കും. വ്യാഴാഴ്ച വൈകീട്ട് തന്നെ സെൻസർ ബോർഡിന്റെ ആവശ്യപ്രകാരമുള്ള റീ എഡിറ്റ് പൂർത്തിയായിരുന്നു. രാവിലെ പത്തോടെ ചിത്രം സെൻസറിങ്ങിനായി കൈമാറും.
ചിത്രത്തിന്റെ പേര് മാറ്റാൻ തയ്യാറാണെന്ന് നേരത്തെ നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. പേരിനൊപ്പം ഇനീഷ്യല്‍ കൂടി ചേര്‍ത്ത് പേര് ജാനകി വി. എന്നാക്കി മാറ്റാമെന്ന് നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചത്. കഥാപാത്രത്തിന്റെ പേരിനൊപ്പം ഇനീഷ്യല്‍ ചേര്‍ക്കണമെന്നും ചിത്രത്തിന്റെ അവസാന ഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം. ടൈറ്റിലില്‍ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്‍ എന്നോ ജാനകി വി. എന്നോ ഉപയോഗിക്കണമെന്നും അതുപോലെ 96 കട്ടുകള്‍ക്ക് പകരം കോടതിരംഗത്തിലെ ഒരു ഡയലോഗ് മ്യൂട്ട് ചെയ്യണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.
ഈ മാറ്റങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് ചിത്രം ഇപ്പോൾ റീ എഡിറ്റ് ചെയ്തിരിക്കുന്നത്. പുതിയ പതിപ്പ് ലഭിച്ച് മൂന്ന് ദിവസത്തിനകം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്. ചൊവ്വാഴ്ചയോടെ സർട്ടിഫിക്കറ്റ് ലഭിച്ചാൽ ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിക്കാമെന്നാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.
Content Highlights: JSK Resubmits Edited Version to Censor Board





English (US) ·