ചിരിയും കളിയുമുള്ള, മുണ്ടുടുത്ത് മണ്ണിലിറങ്ങി നടക്കുന്ന, അലറിക്കരയാന്‍ ആഗ്രഹിക്കുമ്പോഴും അത് അമര്‍ത്തിപ്പിടിച്ച് നിസ്സഹായത ഉള്ളിലൊതുക്കിക്കരയേണ്ടിവരുന്ന, നിഴലുപോലും അഭിനയിക്കുന്ന ആ മോഹല്‍ലാലിനെ കണ്ടിട്ട് എത്രകാലമായി? ആ ചോദ്യത്തിന് ഒടുവിലിതാ ഉത്തരം ലഭിച്ചിരിക്കുന്നു. സംവിധായകന്‍ തരുണ്‍ മൂര്‍ത്തി മലയാള സിനിമാ ആരാധകര്‍ക്ക് നല്‍കിയ ഉറപ്പ് ഓര്‍മയില്ലേ, മോഹന്‍ലാലിന്റെ സ്ലീപ്പര്‍ സെല്‍ ആരാധകര്‍ക്ക് അവരുടെ ലാലേട്ടനെ ബിഗ് സ്‌ക്രീനില്‍ കാണാമെന്ന വാക്ക്. ആ വാക്ക് തരുണ്‍ മൂര്‍ത്തി പാലിച്ചിരിക്കുന്നു. ഏറെക്കാലമായി ആരാധകര്‍ കാണാന്‍ കൊതിച്ച മോഹന്‍ലാലിനെ 'തുടരും' ചിത്രത്തില്‍ കാണാം.
ഫാമിലി ഡ്രാമയാണ് തന്റെ ചിത്രമെന്ന് തരുണ്‍ ആദ്യമേ വ്യക്തമാക്കിയിരുന്നു. സാധാരണക്കാരനായ ടാക്‌സി ഡ്രൈവറായ ഷണ്‍മുഖം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹന്‍ലാല്‍, ആദ്യ പകുതിയില്‍ നമുക്കെല്ലാം പരിചയമുള്ള, തൊട്ടടുത്തവീട്ടിലെ ആളായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടും. അച്ഛനായും ഭര്‍ത്താവായും 'അങ്കിളാ'യും കൂട്ടുകാരനായും അയാള്‍ നിറഞ്ഞാടുമ്പോള്‍ തന്നെ ആരാധകര്‍ ആഗ്രഹിച്ച മോഹന്‍ലാലിനെ തിരിച്ചുകിട്ടിയെന്ന തോന്നല്‍ വരും. ഫസ്റ്റ് ഫാഫിന് മുമ്പ് തന്നെ ചിത്രത്തിലെ പ്രധാന വഴിത്തിരിവ് സംഭവിക്കുന്നുണ്ട്. ഇതിന് ശേഷം വരുന്ന മോഹന്‍ലാലിന്റെ പ്രകടനങ്ങള്‍ പക്ഷേ, ഇത്രയും കണ്ടതൊന്നും ഒന്നുമല്ല തിരിച്ചറിവ് പ്രേക്ഷരിലുണ്ടാക്കും.
മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഷണ്‍മുഖം എന്ന കഥാപാത്രം. ശോഭന അവതരിപ്പിക്കുന്ന, പവിത്രം എന്ന പേരില്‍ ഫ്‌ളോര്‍ മില്‍ നടത്തുന്ന ഭാര്യ ലളിത. അവരുടെ രണ്ടുമക്കള്‍, വീട്ടിലെ വളര്‍ത്തുപട്ടികള്‍, കെഎല്‍ 03 എല്‍ 4455 കാറ്. ഇത്രയും അടങ്ങുന്നതാണ് ഷണ്‍മുഖത്തിന്റെ കുടുംബം. ട്രെയ്‌ലറില്‍ ലളിതയുടെ കഥാപാത്രത്തിന്റെ വാക്കുകള്‍ ഓര്‍മയില്ലേ- ആ കാറ് കൈയില്‍ കിട്ടിയാല്‍ അയാള്‍ക്ക് കിളിപോവും. ആ കാറിനോട് അയാള്‍ക്ക് അത്രയും വൈകാരികതയുണ്ട്. ആ വൈകാരികതയ്ക്കും അയാള്‍ക്ക് തന്നേയും ഒരു ഭൂതകാലവുമുണ്ട്. മകന്റെ സുഹൃത്തുക്കള്‍ കൊണ്ടുപോയ ആ കാറ് ചെറിയ ജോലികള്‍ക്കായി മണിയന്‍പിള്ള രാജു അവതരിപ്പിക്കുന്ന കഥാപാത്രമായ കുട്ടിച്ചന്റെ വര്‍ക്ക് ഷോപ്പില്‍ ഏല്‍പ്പിക്കുന്നു. ഇതിനിടെ ഷണ്‍മുഖം നാട്ടിലില്ലാത്ത സമയത്ത് നടക്കുന്ന സംഭവങ്ങളാണ് മുന്നോട്ടുള്ള കഥയെ നയിക്കുന്നത്.
മോഹന്‍ലാലിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ആദ്യസവിശേഷത. പക്ഷേ, അതിനെല്ലാം അടിത്തറയിടുന്ന തിരക്കഥയാണ് ചിത്രത്തിന്റെ ശക്തി. ടൈറ്റില്‍ കാര്‍ഡുമുതല്‍ തരുണ്‍ മൂര്‍ത്തി തന്റെ ബ്രില്ല്യന്‍സുകള്‍ ഒളിപ്പിച്ചുവെക്കുന്നു. വൈകാരിക നിമിഷങ്ങള്‍ അവതരിപ്പിക്കുന്നതില്‍ തരുണ്‍ തന്റെ കൈയ്യടക്കം 'തുടരു'മിലും ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ചിത്രത്തിന്റെ തിരക്കഥ ആവശ്യപ്പെടുന്നത് അനുസരിച്ച് അവ ഒരുപടികൂടെ മുകളിലേക്ക് ഉയരുന്നുമുണ്ട്. ചിത്രത്തിന്റെ മൂഡ് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നതാണ് ജേക്‌സ് ബിജോയ്‌യുടെ സംഗീതം. ഷാജി കുമാറിന്റെ ക്യാമറയും ഷഫീഖ് വി.ബിയുടെ കട്ടുകളും വിഷ്ണു ഗോവിന്ദിന്റെ ഓഡിയോഗ്രഫിയും ചിത്രത്തില്‍ പ്രേക്ഷകരെ ആഴ്ന്നിറങ്ങാന്‍ അനുവദിക്കുന്നു.
ഇതിനെല്ലാമുപരി ശോഭനയുടെ പ്രകടനമാണ് എടുത്തുപറയേണ്ടത്. ഇതുവരെ കണ്ടിട്ടില്ലാത്ത ശോഭനയെ തരുണ്‍ മൂര്‍ത്തി നമുക്ക് ചിത്രത്തില്‍ കാണിച്ചുതരുന്നുണ്ട്. വീണ്ടുമുരച്ചാല്‍ ഇനിയും തിളങ്ങുന്ന തങ്കമാണ് ശോഭനയിലെ അഭിനേത്രി എന്ന് ചിത്രം വ്യക്തമാക്കുന്നുണ്ട്. പ്രകാശ് വര്‍മയുടേയും സഹസംവിധായകന്‍ കൂടിയായ ബിനു പപ്പുവിന്റേയും അഭിനയവും ചിത്രത്തെ മുന്നോട്ടുനയിക്കുന്നു. ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, ഇര്‍ഷാദ് അലി, ആര്‍ഷ ബൈജു, തോമസ് മാത്യു എന്നിവരുടേയും മികച്ച പ്രകടനങ്ങളാണ്.
ഫോട്ടോഗ്രാഫറായ കെ.ആര്‍. സുനില്‍ തന്റെ യാത്രയ്ക്കിടയില്‍ കണ്ട കാഴ്ചയില്‍നിന്നാണ് ചിത്രം പിറന്നതെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ പലയിടത്തായി വന്നുപോകുന്ന സംഭവങ്ങള്‍ നമ്മള്‍ കണ്ടുമറന്നവയാണ്. ചിത്രം പറഞ്ഞുനിര്‍ത്തുന്നതും നമ്മള്‍ പലതവണ ചര്‍ച്ച ചെയ്ത, ഇനിയും ഒരുപക്ഷേ ചര്‍ച്ച ചെയ്യാനിരിക്കുന്ന വിഷയത്തിലേക്കാണ്. മോഹന്‍ലാലിന്റെ തന്നെ മുന്‍ ചിത്രങ്ങളിലെ ഡയലോഗുകള്‍ ചിത്രത്തില്‍ ഉപയോഗിക്കുന്നുണ്ട്. പലപ്പോഴും അത് തീയേറ്ററില്‍ കൂട്ടച്ചിരി ഉയര്‍ത്തുന്നു എന്നത് അവ ഉപയോഗിച്ചിരിക്കുന്നതില്‍ തിരക്കഥാകൃത്തുക്കള്‍ വിജയിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്നു. സാമൂഹികമാധ്യമങ്ങളിലെ ചില ട്രെന്‍ഡുകളും ആദ്യപകുതിയില്‍ റഫറന്‍സായി ഉപയോഗിക്കുന്നുണ്ട്.
കെ.ആര്‍. സുനിലിന്റെ കഥയ്ക്ക് കഥാകൃത്തും സംവിധായകനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്താണ് നിര്‍മാണം. മോഹന്‍ലാലിന്റെ 360-ാമത്തെ ചിത്രമാണ് 'തുടരും'. തുടക്കത്തില്‍ എല്‍360 എന്ന പേരില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ പേര് ഏറ്റവും ഒടുവില്‍ മാത്രമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്കുശേഷം ജോഡികളായി അഭിനയിക്കുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. 2009-ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് ചിത്രം 'സാഗര്‍ ഏലിയാസ് ജാക്കി'യിലാണ് ഇരുവരും ഒന്നിച്ചത്. 2004-ല്‍ ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'മാമ്പഴക്കാലം' ആണ് ഇരുവരും ജോഡികളായി ഒരുമിച്ച് അഭിനയിച്ച ചിത്രം. നേരത്തെ, ജനുവരി 30-ന് റിലീസ് പ്രഖ്യാപിച്ച ചിത്രം വിവിധ കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു.
Content Highlights: Mohanlal- Tharun Moorthy- Shobana Movie review
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·