
സിബി മലയിൽ, ലോഹിതദാസ്, 'കിരീട'ത്തിന്റെ പോസ്റ്റർ | Photos: Mathrubhumi, Facebook
പാലക്കാട് നെന്മാറ കവലച്ചന്തയില്‍ സേതുമാധവനും കീരിക്കാടനുമായി പൊരിഞ്ഞ അടി. 'കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി'യുള്ള പാട്ടേറ്റ് തത്തമംഗലം പാലത്തിലൂടെ തലതാഴ്ത്തി നടക്കുന്ന സേതു. ഒടുവില്‍ പട്ടാമ്പി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഇടംപിടിക്കുന്ന സേതുവിന്റെ നൊമ്പരപ്പെടുത്തുന്ന ക്ലൈമാക്സ്! ഈ പ്ലാനൊക്കെ പക്ഷേ, അവസാനനിമിഷം തകിടംമറിഞ്ഞു. പാലക്കാട് കണ്ടുവെച്ച ലൊക്കേഷനുകളെല്ലാം ഉപേക്ഷിച്ച് അച്യുതന്‍ നായര്‍ക്കും സേതുമാധവനുമൊക്കെ അപ്രതീക്ഷിതമായി തിരുവനന്തപുരത്തേക്ക് 'സ്ഥലംമാറ്റം' കിട്ടി. അങ്ങനെ 'കിരീടം' എന്ന സൂപ്പര്‍ഹിറ്റ് സിനിമ പൂര്‍ണമായും തിരുവനന്തപുരത്തുമാത്രം ഷൂട്ട് ചെയ്ത സിനിമയായി. വെള്ളായണിയും ആര്യനാടുമൊക്കെ സേതുവിന്റെ നാടായി. അച്യുതന്‍നായര്‍ സ്ഥലംമാറ്റം കിട്ടിയെത്തുന്ന രാമപുരം ഗ്രാമത്തിലെ വീടായത് നഗരമധ്യത്തിലെ, വെള്ളയമ്പലം റോഡരികിലെ കെട്ടിടവും!
കത്തി താഴെയിട് തിലകന്‍ ചേട്ടാ...
പിന്നീട് പേരിനൊപ്പം ഈ സിനിമയെയും ചേര്‍ത്തുവെച്ച കിരീടം ഉണ്ണിയും ദിനേശ് പണിക്കരും ചേര്‍ന്ന് ആദ്യമായി നിര്‍മിച്ച ചിത്രമായിരുന്നു കിരീടം. പാലക്കാടുള്ള പല പ്രദേശങ്ങളിലായി ലൊക്കേഷന്‍ തീരുമാനിച്ചു. കിരീടം ഉണ്ണിയുടെ മോഡല്‍സ്‌കൂള്‍ സഹപാഠിയായിരുന്ന മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുന്‍കൈയെടുത്താണ് പല ലൊക്കേഷനുകളും ഉറപ്പാക്കിയത്. ഹോട്ടല്‍ റൂമുകളും ബുക്ക് ചെയ്തു. പക്ഷേ, അച്ഛന്റെ വേഷം ചെയ്യാനായി തിലകനെ സമീപിച്ചപ്പോഴാണ് പ്രശ്നം. തിരുവനന്തപുരത്ത് ഒരേസമയം വര്‍ണം, ചാണക്യന്‍ എന്നീ സിനിമകളുടെ ഷൂട്ടിലാണ് തിലകന്‍. അവയുടെ ഷൂട്ട് കഴിഞ്ഞാല്‍ വേറെയും സിനിമകള്‍ ചെയ്യാനുണ്ട്. മറ്റൊരാളെക്കൊണ്ട് വേഷം ചെയ്യിച്ചോളൂ എന്ന് തിലകന്‍ കട്ടായംപറഞ്ഞു. എന്നാല്‍, അച്യുതന്‍നായരായി മറ്റൊരു നടനെ സങ്കല്‍പ്പിക്കാന്‍പോലും സംവിധായകന്‍ സിബി മലയിലിനോ തിരക്കഥാകൃത്ത് ലോഹിതദാസിനോ കഴിയുമായിരുന്നില്ല. അടുക്കാതെ നില്‍ക്കുന്ന തിലകനോട് 'കത്തി താഴെയിട് ചേട്ടാ' എന്ന മട്ടില്‍ അപേക്ഷ നടത്തേണ്ടിവന്നു. ഒടുവില്‍ തിലകന്‍ പറഞ്ഞു- പാലക്കാട് വരവ് നടക്കില്ല. തിരുവനന്തപുരത്തുതന്നെ ചിത്രീകരിച്ചാല്‍ ഇടയ്ക്കുകിട്ടുന്ന സമയങ്ങളില്‍ നിങ്ങളുടെ ലൊക്കേഷനിലെത്താം. അങ്ങനെ അവസാനനിമിഷം ഓടിനടന്ന് കണ്ടെത്തിയ ലൊക്കേഷനുകളാണ് വെള്ളായണി, കാലടി, ആര്യനാട് തുടങ്ങിയ സ്ഥലങ്ങള്‍.
ലാല്‍ ആദ്യം ഒഴിവായി; കഥ കേട്ടപ്പോള്‍...
അന്ന് താരതമ്യേന തുടക്കക്കാരായ സിബിമലയിലും ലോഹിതദാസും കിരീടത്തിന്റെ കഥപറയാന്‍ പലതവണ ശ്രമിച്ചിട്ടും മോഹന്‍ലാല്‍ പിടികൊടുത്തില്ല. അടുത്ത ഒരുവര്‍ഷത്തേക്ക് ഡേറ്റില്ല എന്നുപറഞ്ഞ് മടക്കുകയും ചെയ്തു. ഒരുദിവസം മോഹന്‍ലാല്‍ മുടവന്‍മുകളിലെ വീട്ടിലെത്തിയിട്ടുണ്ടെന്നറിഞ്ഞ ഉണ്ണിയും ദിനേശ് പണിക്കരും ഇവരെയുംകൂട്ടി വീട്ടിലെത്തി. കഥ കേട്ടിട്ട് പറഞ്ഞുവിട്ടേക്കാം എന്ന മട്ടില്‍, സോഫയില്‍ അലസമായിക്കിടന്ന് ലാല്‍ കഥ കേള്‍ക്കാന്‍ തുടങ്ങിയ രംഗത്തെക്കുറിച്ച് സിബി മലയില്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. ലോഹിതദാസിന്റെ കഥപറച്ചില്‍ പുരോഗമിച്ചതോടെ ലാലിന്റെ ശരീരഭാഷ അലസതവിട്ട് താത്പര്യത്തിലേക്കെത്തി. കവലയിലെ ആദ്യ തല്ല് രംഗമെത്തിയപ്പോള്‍ നിവര്‍ന്നിരുന്നു. 'സെക്കന്‍ഡ് ഹാഫില്‍' ലാല്‍ ജിജ്ഞാസകൊണ്ട് ഇരിപ്പിടത്തിന്റെ അറ്റത്തേക്കെത്തിയെന്ന് സിബി മലയില്‍ ഓര്‍ക്കുന്നു. കഥപറച്ചില്‍ പൂര്‍ത്തിയായതും ലാല്‍ ഒറ്റ ചോദ്യമേ ചോദിച്ചുള്ളൂ ''നമുക്ക് എപ്പോള്‍ തുടങ്ങാം ഈ സിനിമ?''
പാളയം പള്ളിമണിയില്‍ ആദ്യ ഷോട്ട്
നടന്‍മാരുടെ 'ടൈറ്റ് ഷെഡ്യൂളി'ല്‍ വെറും 25 ദിവസങ്ങള്‍കൊണ്ടാണ് കിരീടത്തിന്റെ ഷൂട്ട് തീര്‍ത്തത്. ക്യാമറാമാന്‍ എസ്. കുമാര്‍ ആദ്യ ഷോട്ടിനായി ക്യാമറ വെച്ചത് പാളയംപള്ളിയുടെ ഭീമന്‍ മണിയിലേക്കായിരുന്നു. മകന്‍ യൂണിഫോമിട്ടെത്തുന്ന സ്വപ്നത്തില്‍നിന്ന് തിലകന്‍ ഉണരുന്നതായിരുന്നു ആദ്യരംഗം. ഈ രംഗത്തില്‍ അലാറത്തിനു പകരം പള്ളിമണി ഷോട്ട് വെക്കാനായിരുന്നു പ്ലാന്‍. പള്ളിമണിയുടെ ക്ലോസപ്പില്‍ തുടങ്ങി ക്യാമറ പതിയെ താഴേക്ക് ട്വില്‍റ്റ്-ഡൗണ്‍ ചെയ്യുന്നതായിരുന്നു ഷോട്ട്. പക്ഷേ, ഷൂട്ട് തുടങ്ങാന്‍ നേരം സഹസംവിധായകന്‍ പറഞ്ഞു- അതുവേണ്ട. ആദ്യ ഷോട്ട് തന്നെ ക്യാമറ താഴേക്ക് പാന്‍ ചെയ്താല്‍ സിനിമയും താഴേക്കുപോകും! സിബി പക്ഷേ, ഈ അന്ധവിശ്വാസത്തിനു വഴങ്ങിയില്ല. പടം മലയാളത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റ്ചാര്‍ട്ടിലേക്ക് 'ട്വില്‍റ്റ്-അപ്പ്' ആയത് ചരിത്രം.
സമയപരിമിതി കാരണം ലൊക്കേഷന്‍ മാറ്റങ്ങള്‍ കഴിവതും കുറച്ചായിരുന്നു ചിത്രീകരണം. അങ്ങനെയാണ് സേതുമാധവന്റെ വീടിന്റെ മറുഭാഗംതന്നെ മുറപ്പെണ്ണ് ദേവിയുടെ വീടാക്കി മാറ്റിയത്. കാലടി ജങ്ഷനു സമീപത്തെ ഒരു വീടാണ് 'രണ്ടു വീടുകളായി' മാറിയത്. അച്യുതന്‍നായര്‍ സ്ഥലംമാറ്റം കിട്ടിയെത്തിയ രാമപുരത്തെ വീടാക്കിമാറ്റിയത് നഗരമധ്യത്തിലെ ഒരു വീടായിരുന്നു. ഇപ്പോള്‍ വെള്ളയമ്പലം പെട്രോള്‍പമ്പ് നില്‍ക്കുന്ന സ്ഥലത്തിനടുത്തെ പഴയ വീടായിരുന്നു അത്. ട്രാഫിക്കും നഗരത്തിരക്കും പതിയാതിരിക്കാന്‍ വൈഡ് ആംഗിളുകള്‍ ഒഴിവാക്കി ശ്രദ്ധാപൂര്‍വമായിരുന്നു ഷൂട്ട്.
ആര്യനാട് സെറ്റിട്ട ആ ചന്തക്കവല ഇന്നും കിരീടംചന്തയാണ് നാട്ടുകാര്‍ക്ക്. ജങ്ഷനില്‍ ഇന്നും തലയുയര്‍ത്തിനില്‍ക്കുന്ന ആല്‍മരം കിരീടം ആലാണ്.
Content Highlights: Memories of Mohanlal's superhit movie Kireedam
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·