അജിത്തിന്റെ ​'ഗുഡ് ബാഡ് അ​ഗ്ലി' നീക്കം ചെയ്ത് നെറ്റ്ഫ്ളിക്സ്, കാരണം ഇളയരാജയുടെ പരാതി

4 months ago 5

Good Bad Ugly

'ഗുഡ് ബാഡ് അ​ഗ്ലി'യിൽ അജിത് | ഫോട്ടോ: X

ജിത് കുമാറിനെ നായകനാക്കി ആധിക് രവിചന്ദ്രൻ സംവിധാനംചെയ്ത ​ഗുഡ് ബാഡ് അ​ഗ്ലി എന്ന ചിത്രം നെറ്റ്ഫ്ലിക്സിൽനിന്ന് നീക്കം ചെയ്തു. ഇളയരാജ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. സിനിമയിൽ അനുമതിയില്ലാതെ താൻ ഈണമിട്ട പാട്ടുകൾ ഉപയോ​ഗിച്ചു എന്നായിരുന്നു ഇളയരാജയുടെ പരാതി. നെറ്റ്ഫ്ലിക്സ് അടക്കമുള്ള ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമയുടെ പ്രദർശനം മദ്രാസ് ഹൈക്കോടതി വിലക്കിയിരുന്നു.

ഇളയരാജ ഈണമിട്ട മൂന്ന് ​ഗാനങ്ങളാണ് ​ഗുഡ് ബാഡ് അ​ഗ്ലി എന്ന ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നത്. 'ഒത്ത രൂപായ് താരേൻ', 'എൻ ജോഡി മഞ്ഞക്കുരുവി', 'ഇളമൈ ഇതോ ഇതോ' എന്നിവയാണ് ആ ​ഗാനങ്ങൾ. ഇതിനെതിരെ അഞ്ച് കോടി രൂപ നഷ്ടപരിഹാരമാണ് ഇളയരാജ ആവശ്യപ്പെട്ടിരുന്നത്. രേഖാമൂലമുള്ള ക്ഷമാപണവും അദ്ദേഹം നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗാനത്തിന്റെ പകർപ്പവകാശം കൈവശം വെച്ചിരിക്കുന്നവരിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്നായിരുന്നു സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിന്റെ വാദം.

വിശദമായ വാദത്തിനുശേഷം ഇളയരാജ ഈണമിട്ട ഗാനങ്ങളോടുകൂടി ചിത്രം പ്രദർശിപ്പിക്കുന്നതിൽ നിന്ന് നിർമ്മാതാക്കളെ വിലക്കിക്കൊണ്ട് ജസ്റ്റിസ് എൻ. സെന്തിൽകുമാർ വിധി പുറപ്പെടുവിച്ചു. ഈ കോടതി വിധിയാണ് ചിത്രം നീക്കം ചെയ്യാൻ നെറ്റ്ഫ്ലിക്സിനെ പ്രേരിപ്പിച്ചത്. തർക്കത്തിന് കാരണമായ ഗാനങ്ങൾ തമിഴ് സംഗീതലോകത്തെ ക്ലാസിക്കുകളായി കണക്കാക്കപ്പെടുന്നവയാണ്. ഇവയുടെ അനധികൃത ഉപയോഗം ഇന്ത്യൻ സിനിമയിലെ പകർപ്പവകാശത്തെയും കലാപരമായ ഉടമസ്ഥാവകാശത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്.

ഗാനങ്ങളുടെ അനധികൃത ഉപയോഗത്തിനെതിരെ ഇളയരാജ പകർപ്പവകാശ കേസ് നടത്തുന്നത് ഇതാദ്യമായല്ല. മുൻപ് 'മഞ്ഞുമ്മൽ ബോയ്സ്', 'കൂലി' തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാക്കൾക്കും അദ്ദേഹം വക്കീൽ നോട്ടീസ് അയച്ചിരുന്നു.

ഏപ്രിൽ 10-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത 'ഗുഡ് ബാഡ് അഗ്ലി' ഇക്കഴിഞ്ഞ മെയ് 8 മുതലാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചത്. അജിത് കുമാർ, തൃഷ, അർജുൻ ദാസ്, പ്രസന്ന, പ്രഭു, സുനിൽ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. ജി.വി. പ്രകാശ് കുമാർ ആണ് ഗുഡ് ബാഡ് അഗ്ലിക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Content Highlights: Ilaiyaraaja's Music Copyright Leads to 'Good Bad Ugly' Removal from Netflix Streaming

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article