അഞ്ചാം വയസിൽ അനാഥാലയത്തിൽ, പച്ചക്കറി മാർക്കറ്റിൽ ജോലി; സ്റ്റണ്ട് സിൽവയുടെ അവിശ്വസനീയമായ ജീവിതകഥ

4 months ago 4

മ്മയും അച്ഛനും മരിച്ച് അഞ്ചാംവയസ്സിൽ അനാഥാലയത്തിൽ അഭയംതേടിയ കുഞ്ഞ്. ചില്ലിക്കാശിനുവേണ്ടി അന്നുതൊട്ടേ പച്ചക്കറിമാർക്കറ്റിൽ ചെറിയ ജോലികൾ ചെയ്യുന്നു. അവന്റെ ഭാവിയെന്താവും?

കള്ളനാവാം, ഗുണ്ടയാവാം, ചിലപ്പോൾ ലഹരിക്ക് അടിമയാവാം... അതൊക്കെയാണ് നാട്ടുനടപ്പ്. പക്ഷേ, പനീർശെൽവമെന്ന തമിഴ് പയൽ ഈ കുഴികളിലൊന്നും വീണില്ല. മാത്രമല്ല, മുപ്പതുവയസ്സാവുമ്പോഴേക്കും കുറച്ചധികം പേർക്ക് ജോലിനൽകുന്ന വലിയൊരു സ്ഥാപനത്തിന്റെ ഉടമയായി. പണംകൊണ്ടുമാത്രം കാര്യമായില്ല. നാലാളറിയുന്ന നിലയിലെത്തണം -മോഹങ്ങൾ അവനെ പിന്നെയും മുന്നോട്ടുനയിച്ചു. ഇന്ന് ഇന്ത്യൻ സിനിമാലോകത്തെ വിലയേറിയ സ്റ്റണ്ട് മാസ്റ്ററും ആക്‌ഷൻ ഡയറക്ടറുമാണവൻ. സമുദ്രക്കനിയെ നായകനാക്കി ഒരു തമിഴ്സിനിമ സംവിധാനം ചെയ്തു. മലയാളമുൾപ്പെടെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു. തമിഴ്, മലയാളം, തെലുങ്ക്, കന്നട തുടങ്ങി പതിനൊന്ന് ഭാഷയിലായി ഇതുവരെ 360-ലധികം സിനിമയിൽ സംഘട്ടനരംഗങ്ങൾ സംവിധാനംചെയ്തുകഴിഞ്ഞു. ഹിന്ദിയിലെയും തമിഴിലെയും സൂപ്പർതാരങ്ങൾ ഇന്ന്‌ അവനുവേണ്ടി കാത്തിരിക്കുന്നു. സിനിമാസ്ക്രീനിൽ അവന്റെ പേര് സ്റ്റണ്ട് സിൽവയെന്നാണ്. അമ്പതുവയസ്സായെങ്കിലും കാഴ്ചയിൽ യൗവനംവിടാത്ത, കൗബോയിയെപ്പോലെ തോന്നിക്കുന്ന ഈ മനുഷ്യൻ സംസാരിച്ചുതുടങ്ങുമ്പോൾ ഒരു തത്ത്വചിന്തകനാണോ മുന്നിലിരിക്കുന്നത് എന്നുതോന്നിപ്പോവും.

‘‘കഷ്ടപ്പെട്ട് ജോലിചെയ്ത് വളർന്നുവന്നവനല്ലേ സാർ, ഇഷ്ടപ്പെട്ട്‌ ജോലിചെയ്ത്‌ മുന്നോട്ടുപോവുകയാണ്’’ -തമിഴ്‌ചുവയുള്ള മലയാളത്തിൽ ഇത്രയും പറഞ്ഞ് കൊച്ചുകുട്ടിയെപ്പോലെ അയാൾ നിഷ്കളങ്കമായി ചിരിച്ചു. തമിഴ് സൂപ്പർതാരം വിജയും മലയാളത്തിന്റെ മോഹൻലാലും ഒരേപോലെ ഇഷ്ടപ്പെടുന്ന ആക്‌ഷൻ ഡയറക്ടറാണ് സിൽവ. മോഹൻലാൽസാറിന്റെ ഫാനാണ് താനെന്ന് സിൽവ പറയുമ്പോൾ, ‘‘അല്ല ഞാനാണ് സിൽവയുടെ ഫാൻ. അയാൾ ജീവിച്ച ജീവിച്ച ജീവിതം, ഈ ലോകത്തെക്കുറിച്ച് അയാളുടെ കാഴ്ചപ്പാടുകൾ... എല്ലാം എന്നെ അദ്ഭുതപ്പെടുത്തുന്നു’’ -എന്ന് ലാലിന്റെ സാക്ഷ്യം. മോഹൻലാലും മമ്മൂട്ടിയും വർഷങ്ങൾക്കുശേഷം ഒരുമിച്ച് അഭിനയിക്കുന്ന, മഹേഷ് നാരായണൻ സംവിധാനംചെയ്യുന്ന സിനിമയുടെ ആക്‌ഷൻ ഡയറക്ടർ സിൽവയാണ്. അതും കാലം കാത്തുവെച്ച നിയോഗമാണെന്ന് സിൽവ പറയുന്നു. കാരണം, ഈ രണ്ടുപേരും ഒരുമിച്ചഭിനയിച്ച, നമ്പർ ട്വന്റി മദ്രാസ് മെയിലാണ് തമിഴ്നാട്ടുകാരനായ സിൽവ ജീവിതത്തിൽത്തന്നെ ആദ്യമായി കണ്ട സിനിമ.

ഏത് സൂപ്പർഹിറ്റ് സിനിമയുടെയും ഇതിവൃത്തത്തെ വെല്ലുന്ന ജീവിതകഥ സിൽവ പറയുന്നു...

അജിത്തിനൊപ്പം

പനീർശെൽവം സിൽവയായതെങ്ങനെയാണ്?

പേരിൽ കാര്യമൊന്നുമില്ല. ജീവിതം പല പേരുകൾ നമുക്ക് തരും. അപ്പായിട്ട പേര് പനീർസെൽവം എന്നായിരുന്നു. ഞാൻ ജനിച്ചത് ഹിന്ദുകുടുംബത്തിലായിരുന്നു. അനാഥാലയത്തിൽവെച്ച് ക്രിസ്ത്യനായി മാറി. സ്റ്റീഫൻ രാജൻ എന്ന പേരും തന്നു. വളർന്നപ്പോൾ മനസ്സിലായി മതമൊന്നുമല്ല കാര്യം. മനുഷ്യരിലും നന്മയിലും വിശ്വാസമുണ്ടായാൽ മതി. അതുകൊണ്ട് പഴയ പേര് വിട്ടില്ല. പിന്നീട് കൂട്ടുകാർ വിളിക്കുമ്പോൾ പേര് ചുരുങ്ങി സെൽവം എന്നായി. സിനിമയിലേക്കുവന്നപ്പോൾ സിൽവയായി. സ്റ്റണ്ട് സിൽവയെന്ന വിളിപ്പേര് എനിക്കുമങ്ങിഷ്ടമായി.

തൂത്തുക്കുടിയാണല്ലേ ജന്മനാട്?

ജനിച്ചതവിടെയാണ്. പക്ഷേ, അപ്പയും അമ്മയും ഇല്ലാത്തവന് എന്തുനാട്? എല്ലാം എനിക്ക് നാടുതന്നെ. അഞ്ചുവയസ്സാവുമ്പോഴേക്കും അപ്പയും അമ്മയും മരിച്ചു. അവരുടെ ഒറ്റമകനായിരുന്നു ഞാൻ. അപ്പയുടെ സഹോദരി എന്നെ തൂത്തുക്കുടിയിലെ ഒരു അനാഥാലയത്തിലാക്കി. ക്രിസ്ത്യൻ മിഷനറിമാർ നടത്തിയ ഒർണലാസ് എന്ന പേരിലുള്ള സ്കൂളിനോടുചേർന്നുള്ള അനാഥാലയം സ്കൂളിൽ ഞാൻ പത്താം ക്ലാസുവരെ പഠിച്ചു. അതിനുശേഷം തിരുനെൽവേലിയിൽ ഇതേ മിഷനറിമാർ നടത്തിയിരുന്ന ഒരു ഐടിഐയിൽ ചേർന്ന് പഠിച്ചു. അവിടെ ഹോസ്റ്റലിലായിരുന്നു താമസം. ഓർഫനേജ് ജീവിതം വേറൊന്നാണ്. അവിടെയുള്ള എല്ലാവരും നമുക്ക് പ്രിയപ്പെട്ടവരാണ്. അവരാണല്ലോ നമ്മളെ വളർത്തുന്നത്. അവിടെ വരുന്ന വിദേശികളെ ഞങ്ങളുടെ ഫോട്ടോകൾ കാണിക്കും. അവർ ഓരോരുത്തരെ സ്പോൺസർചെയ്യും. നമ്മുടെ ആവശ്യങ്ങൾക്കായി പണം നൽകും. അങ്ങനെയൊരു രീതിയായിരുന്നു അത്. ഞാൻ വളരെ ഇൻട്രോവെർട്ട് ആയിരുന്നു. ഒറ്റക്കിരിക്കാനായിരുന്നു എപ്പോഴും എനിക്കിഷ്ടം. ഇപ്പോഴും അങ്ങനെത്തന്നെ.

പറഞ്ഞുതരാൻ ആരുമില്ലാതെ വളരുമ്പോൾ വഴിതെറ്റിപ്പോകാനുള്ള സാധ്യത കൂടുതലാണെന്നാണല്ലോ. അത്തരം കാര്യങ്ങളിലൊന്നും പെടാതെ എങ്ങനെ മുന്നോട്ടുപോയി?

ഞങ്ങളുടെ ഹോസ്റ്റൽ അങ്ങനത്തെ ഒന്നായിരുന്നില്ല. പിന്നെ ഇന്നത്തെപ്പോലെ അന്ന് മയക്കുമരുന്നുംമറ്റും അത്രയ്ക്ക് സുലഭവുമായിരുന്നില്ലല്ലോ? കൈയിൽ പണമില്ല. ആവശ്യത്തിലധികം പണമുള്ള കുട്ടികളുടെ കൈയിലാണ് ലഹരിയെത്തുന്നത്. ഞങ്ങളുടെ ഹോസ്റ്റലിൽ പഠിക്കാനും പാർക്കാനുമുള്ള ഇടവും ഭക്ഷണവുമാണ് തന്നിരുന്നത്. കുളിക്കാനുള്ള സോപ്പും ടൂത്ത്പേസ്റ്റും മറ്റുസാധനങ്ങളും വേണമെങ്കിൽ നമ്മൾത്തന്നെ പണം കണ്ടെത്തണം. അതുകൊണ്ട് ആറുവയസ്സുമുതലേ ജോലി ചെയ്തുതുടങ്ങിയിരുന്നു. സ്കൂൾവിട്ടാൽ ഉച്ചയ്ക്കുശേഷം അടുത്ത മാർക്കറ്റിൽച്ചെന്ന് എന്നെക്കൊണ്ടാകുന്ന ജോലിയൊക്കെ ചെയ്യും. ചെറിയ പൈസകിട്ടും. വൈകീട്ട് ആറുമണിയോടെ ഹോസ്റ്റലിൽ കയറണം. പിന്നെ പഠിക്കാനുള്ള സമയമാണ്. സ്കൂൾ പാസാവണമെന്നും മാന്യമായ ജോലി കിട്ടണമെന്നുമെല്ലാമുള്ള വാശിയായിരുന്നു. ഐടിഐ പാസായശേഷം വെൽഡിങ് ഉൾപ്പെടെ പല ജോലികളും ചെയ്തു. എന്നാൽ, അതൊന്നും പോരാ, കുറെകൂടി മെച്ചപ്പെട്ട തൊഴിൽ വേണമെന്ന് നിരന്തരം ആഗ്രഹിച്ചുകൊണ്ടിരുന്നു. അങ്ങനെ 19-ാം വയസ്സിൽ ചെന്നൈയിലേക്കുപോന്നു.

അവിടെ പരിചയക്കാരാരെങ്കിലും ഉണ്ടായിരുന്നോ?

അതെ, അതായിരുന്നു ധൈര്യം. ഓർഫനേജിൽ ഒപ്പമുണ്ടായിരുന്ന ഒരു സുഹൃത്ത്, ക്രിസ്റ്റഫർ ചെന്നൈയിലാണ്. അവൻ അനാഥനായിരുന്നില്ല. അവന്റെ അമ്മ മകനെ വളർത്താനുള്ള ശേഷിയില്ലാത്തതിനാൽ അവിടെ ചേർത്തതായിരുന്നു. ഞാൻ ചെന്നൈയിൽ ചെല്ലുമ്പോൾ ക്രിസ്റ്റഫർ വടപളനിയിലെ ഒരു ആശുപത്രിയിൽ വാർഡ്ബോയ് ആയി ജോലിചെയ്തിരുന്നു. ഞാൻ അവന്റെ വീട്ടിൽ താമസമാക്കി വെൽഡിങ്, ഇലക്‌ട്രീഷ്യൻ, കാർ മെക്കാനിക് -അങ്ങനെ കിട്ടിയ ജോലികളെല്ലാംചെയ്ത്‌ ഭക്ഷണത്തിന് വകകണ്ടെത്തി. ആ സമയത്ത് ക്രിസ്റ്റഫർ ജോലിചെയ്തിരുന്ന ആശുപത്രിയിൽ വാർഡ്ബോയിയുടെ ഒഴിവുവന്നു. ഞാൻ പോയി. ആദ്യം അവർ ജോലി തരാമെന്ന് പറഞ്ഞു. പക്ഷേ, ഐടിഐ പഠിച്ച ആളാണെന്നറിഞ്ഞപ്പോൾ ഒഴിവാക്കി. അവർക്ക് അത്രയ്ക്ക് പഠിച്ചവർ വേണ്ടായിരുന്നത്രേ! ജീവിതം അങ്ങനെയാണ്. നമ്മൾ മേന്മകളായി കാണുന്ന പലതും ചിലപ്പോൾ വിനയായിവരും. അപ്പോൾ ഒരു കൂറിയർ സർവീസിൽ ജോലിക്കുചേർന്നു. ഒപ്പം ഒരു ഷൂക്കമ്പനിയിലും ജോലിചെയ്തു. പരിചയക്കാരനായ ഒരാൾ പഴയൊരു സൈക്കിൾ തന്നു. അതിൽ കോടമ്പാക്കംപോലുള്ള ചെന്നൈയിലെ ഒട്ടുമിക്ക ഇടങ്ങളിലും കൂറിയറുമായി പോവും. അങ്ങനെ മഹാനഗരത്തിന്റെ മുക്കും മൂലയും പരിചിതമായി. ഹോസ്പിറ്റലിൽ വീണ്ടും വാർഡ്ബോയിയുടെ ഒഴിവ് വന്നു. അന്നത്തെ നിലയ്ക്ക് അതായിരുന്നു എന്റെ ഡ്രീം ജോബ്. ഇത്തവണ അപേക്ഷിച്ചപ്പോൾ, പത്താം ക്ലാസിൽ തോറ്റതാണെന്നാണ് കാണിച്ചത്. അങ്ങനെ ആ ജോലി കിട്ടി. 500 രൂപയാണ് മാസശമ്പളം. അതോടെ ഒരു മുറി വാടകയ്ക്കെടുത്ത് ക്രിസ്റ്റഫറിന്റെ വീട്ടിൽനിന്ന് മാറി. അപ്പോഴും കൂടുതൽ നല്ല ജോലിയെക്കുറിച്ചായിരുന്നു ചിന്ത. വാർഡ്ബോയിയെക്കാൾ മെച്ചപ്പെട്ടത് നഴ്സിങ്ങാണെന്ന്‌ മനസ്സിലായി. നഴ്സിങ്‌ പഠിക്കാൻ തീരുമാനിച്ചു. ചെന്നൈയിലെ സ്റ്റാൻലി ഹോസ്പിറ്റലിൽ നഴ്സിങ്‌ ക്ലാസുണ്ട്. വാർഡ് ബോയിയായി ജോലിചെയ്തുകൊണ്ടിരിക്കെത്തന്നെ അവിടെപ്പോയി ഒന്നരവർഷത്തോളം നഴ്സിങ്‌ പഠിച്ചു.

മോഹൻലാലിനൊപ്പം സ്റ്റണ്ട് സിൽവ

സിനിമയിലേക്ക് വരുന്നതെങ്ങനെയാണ്?

വാർഡ് ബോയിയായി ജോലിചെയ്തുകൊണ്ടിരുന്ന വിജയ ഹോസ്പിറ്റലിൽ ഒരുപാട് സിനിമാതാരങ്ങൾ വരും. രജനീകാന്ത്, രഘുവരൻ എല്ലാവരും. അങ്ങനെ ഒരിക്കൽ അവിടേക്ക് ഡി.കെ.എസ്. ബാബു എന്നൊരു ഡാൻസ് മാസ്റ്റർ വന്നു. അന്ന് വളരെ പ്രസിദ്ധനായിരുന്ന മാസ്റ്ററാണ്. വാർഡ് ബോയ് ആയ ഞാൻ അദ്ദേഹവുമായി സൗഹൃദത്തിലായി. എന്റെ ജോലിയെയും ശമ്പളത്തെയുംപറ്റി അദ്ദേഹം ചോദിച്ചു. ഡാൻസർക്ക് ശമ്പളമായി 550 രൂപ കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് അപ്പോൾ തോന്നി, എന്നെക്കാളും അമ്പതു രൂപയല്ലേ കൂടുതലുള്ളൂ. അതത്ര വലിയ കാര്യമല്ലെന്ന്. പക്ഷേ, പിന്നെ മനസ്സിലായി ഡാൻസർക്ക് 550 രൂപ ഒരു ദിവസത്തേക്കാണെന്ന്. അതോടെ, എനിക്ക് വലിയ ആഗ്രഹമായി. എങ്ങനെയും ഡാൻസ് പഠിക്കണം. അങ്ങനെ പോൾരാജ് എന്നൊരു ഡാൻഡ് മാസ്റ്ററുടെ ക്ലാസിൽ ചേർന്നു. 130 രൂപയായിരുന്നു അവിടെ ഫീസ്. പഠനം കഴിഞ്ഞപ്പോൾ സിനിമാ ഷൂട്ടിങ്ങിന് എപ്പോൾ കൊണ്ടുപോകുമെന്ന് മാസ്റ്ററോട് ചോദിച്ചു. അപ്പോഴാണ് അറിഞ്ഞത്, അതിന് യൂണിയനിൽ മെമ്പർഷിപ്പ് എടുക്കണമെന്ന്. മെമ്പർഷിപ്പ് നൽകുന്നതിന് സെലക്‌ഷനുണ്ട്. അതിനും ചെന്നു.

1992-കാലത്താണ്. അന്ന് പ്രഭുദേവയെല്ലാം കത്തിനിൽക്കുന്ന സമയമാണ്. സിനിമയിലെ ഡാൻസറുടെ ജോലിക്ക് നല്ല ഗ്ലാമറുണ്ട്. എനിക്ക്‌ സെലക്‌ഷൻ കിട്ടി. പക്ഷേ, യൂണിയന്റെ മെമ്പർഷിപ്പ് തുക കേട്ടപ്പോൾ ഞാൻ ഞെട്ടി, 5500 രൂപ. അത്രയും കാശില്ല. ഡാൻസ് കളിച്ച് കിട്ടുന്ന കാശിൽനിന്ന് കുറേശ്ശെയായി തരാമെന്ന് പറഞ്ഞുനോക്കി. പക്ഷേ, നടക്കില്ലെന്ന് അവർ വാശിപിടിച്ചു, കാശുണ്ടാക്കി വരാൻ ആറുമാസം സമയം തന്നു. പകലും രാത്രിയും പല ജോലികളും ചെയ്തു. പോസ്റ്റർ ഒട്ടിക്കൽ, തേങ്ങയും പഴവും വിൽക്കൽ, പെയിന്റടി... അങ്ങനെ പല ജോലികൾ. ശരിയായി ഭക്ഷണംപോലും കഴിക്കാൻ പറ്റിയിരുന്നില്ല. പട്ടിണികിടന്ന് കഠിനാധ്വനം ചെയ്ത് രൂപ ഉണ്ടാക്കി. അതുമായി ചെന്നപ്പോൾ പറയുന്നു മെമ്പർഷിപ്പിനുള്ള ഫീ കൂടിയെന്ന്. പുതുക്കിയ ഫീ പതിനായിരം രൂപയാണ്.

അതിനിടയിൽ നഴ്സിങ്‌ പഠനം പൂർത്തിയാക്കി. ഹോസ്പിറ്റലിലെ പ്രശസ്തനായ നെഫ്രോളജിസ്റ്റിന്റെ അസിസ്റ്റന്റായി. അങ്ങനെ കാശുണ്ടാക്കി പതിനായിരം രൂപയുമായി വീണ്ടും യൂണിയൻകാരെ ചെന്നു കണ്ടു. അപ്പോൾ അവർ പറയുന്നു ഫീ പതിനയ്യായിരമാക്കിയെന്ന്. ശരിക്കും ദേഷ്യം വന്നു. ‘യൂണിയനും വേണ്ട സിനിമയും വേണ്ട’ എന്നു തീരുമാനിച്ച് ഇറങ്ങിപ്പോന്നു. അപ്പോഴാണ് മറ്റൊരാൾ പറഞ്ഞറിയുന്നത്, സിനിമയിൽ ഡാൻസർക്കു മാത്രമല്ല ഫൈറ്റർക്കും 550 രൂപ ദിവസക്കൂലി കിട്ടുമെന്ന്. പിന്നെ അതായി മോഹം. എനിക്കാണെങ്കിൽ ഡാൻസിനെക്കാൾ ഫൈറ്റിൽ താത്‌പര്യവുമുണ്ട്.

ഫൈറ്റേഴ്‌സ് യൂണിയനെ സമീപിച്ചു. അവരുടെ ഫീസും 15000 രൂപയാണ്. ജിംനാസ്റ്റിക്സും കുങ്ഫൂവുമെല്ലാം പരിശീലിക്കാൻ തുടങ്ങി. വലിയ ബുദ്ധിമുട്ടില്ലാതെത്തന്നെ ഫൈറ്ററായി സെലക്‌ഷൻ കിട്ടി. ഫീസടച്ചു. പക്ഷേ, സിനിമയിൽ ജോലിചെയ്യാനുള്ള അവസരത്തിന് കാത്തിരിക്കണം. എട്ടുമാസം അങ്ങനെ പോയി. അപ്പോഴേക്കും പുതുതായി ഫൈറ്റർമാരായി സിനിമയിലേക്ക് ആളെ എടുക്കുന്നില്ലെന്ന് നിയമം വന്നു. നിലവിലുള്ള ആരെങ്കിലും റിട്ടയർ ആകുമ്പോൾ അയാളുടെ ശുപാർശയോടെ കയറാം. ഞാൻ ഒരാളെ കണ്ടെത്തി. മണിവർണസ്വാമി. അദ്ദേഹത്തിന് ഒരു തുക ദക്ഷിണപോലെ കൊടുത്തു. അതിനിടയിലും ഞാൻ വെറുതേയിരുന്നില്ല. പല ജോലികളും ചെയ്യുന്നുണ്ട്. മാർക്കറ്റിൽ പണിയെടുത്തിരുന്ന പരിചയംവെച്ച് ഒരു പഴക്കട തുടങ്ങി. ഒപ്പം ആശുപത്രിയിലെ ജോലിയും. തരക്കേടില്ലാത്ത വരുമാനമായി.

1996-ൽ സിനിമാമേഖലയിൽ വലിയസമരം തുടങ്ങി. തമിഴ്നാട്ടിൽ സിനിമയിലെ ഫൈറ്റർമാർക്കായി രണ്ട് യൂണിയനുകൾ രൂപമെടുത്തു. നടൻ ബാലു മഹേന്ദ്രയുടെ ഒരു യൂണിയനും. ‘പടൈപാളി’ എന്ന പേരിൽ മറ്റൊരു യൂണിയനും. രണ്ടു യൂണിയനുകളും പുതിയ ആളുകളെ അടുപ്പിക്കുന്നില്ല. പക്ഷേ, എന്നെയങ്ങനെ തള്ളാനാവില്ല. ഫീസടച്ച രസീതിയും മറ്റും കൈയിലുണ്ട്. ഒടുവിൽ രണ്ട് യൂണിയനുകളും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ തീർന്നു. അവർ ലയിച്ച് ഒന്നായി. ആറുവർഷമായി അവസരം കാത്തുനിൽക്കുന്ന എന്നോട് സഹതാപം തോന്നി, 1997-ൽ എനിക്ക് മെമ്പർഷിപ്പ് കാർഡ് തന്നു. അപ്പോഴേക്കും ഫൈറ്ററുടെ ശമ്പളത്തിലും വർധനയുണ്ടായിരുന്നു. ദിവസം 700 രൂപ!

റാമ്പോ രാജ്കുമാർ എന്ന ഫൈറ്റ് മാസ്റ്ററെ പരിചയപ്പെട്ടു. കുറെ ഹിന്ദിസിനിമകളിലൊക്കെ സ്റ്റണ്ട് മാസ്റ്ററായിരുന്ന ആളാണ്. ആശുപത്രിയിലെ ജോലിയിൽനിന്ന് അവധിയെടുത്ത് ഞാൻ മൂന്നുമാസം അദ്ദേഹത്തിനൊപ്പം ജോലിചെയ്തു. ഒരുലക്ഷത്തിനു മുകളിൽ ശമ്പളം ലഭിച്ചു. എന്നെ സംബന്ധിച്ച് അത് വലിയ തുകയായിരുന്നു. പക്ഷേ, ആശുപത്രിജോലിയിൽ എനിക്ക് കിട്ടിയിരുന്ന ബഹുമാനം സിനിമയിൽ ഇല്ല. എപ്പോൾ വിളിച്ചാലും പോകണം, പറയുന്നത് ചെയ്യണം എന്ന രീതിയായിരുന്നു. അങ്ങനെ ഒരു സംതൃപ്തി കിട്ടാഞ്ഞതുകൊണ്ട് സിനിമ ഉപേക്ഷിച്ച് വീണ്ടും വിജയ ഹോസ്പിറ്റലിലെ ജോലിയിൽ തുടർന്നു.

കുടുംബത്തോടൊപ്പം

ആശുപത്രിയിലെ ജോലിയിൽ ഒതുങ്ങാൻ തീരുമാനിച്ചു അല്ലേ?

അങ്ങനെയല്ല. 1999-ൽ ഒരു സേട്ടിനോട് വായ്പ വാങ്ങി ഞാൻ ഒരു അംബാസഡർ കാർ വാങ്ങി. ഒരു ഡ്രൈവറെ വെച്ച് ആശുപത്രിയിലേക്കുള്ള യാത്ര അതിലാക്കി. സേട്ട് കാശടയ്ക്കാൻ ഒരുവർഷമാണ്‌ കാലാവധി തന്നത്. പക്ഷേ, മൂന്നുമാസംകൊണ്ട് ഞാനനത് അടച്ചുതീർത്തു. അങ്ങനെ ജീവിതം നല്ലരീതിയിൽ പൊയ്ക്കൊണ്ടിരുന്നു. ആ സമയത്ത് സേട്ട് ഒരു പുതിയ കാർകൂടി വാങ്ങാൻ പ്രേരിപ്പിച്ചു. അങ്ങനെ മാരുതി ഒാമ്‌നി വാങ്ങി. രണ്ട് കാറിനും ഡ്രൈവറെ വെച്ച് ഒരു ട്രാവൽസ് കമ്പനിപോലെ പ്രവർത്തിക്കാൻ തുടങ്ങി. ഒരു വർഷംകൊണ്ട് പുതിയ കാറിന്റെ വായ്പയും അടച്ചുതീർത്തു. അതിഥികളെ കൊണ്ടുപോവാനും മറ്റും കൂടുതൽ വലിയ കാർ വാങ്ങണമെന്ന് എനിക്ക് ഓട്ടം തന്നിരുന്ന ഹോട്ടലുകാരും മറ്റും ആവശ്യപ്പെട്ടു. അങ്ങനെ അക്കാലത്തെ ലക്ഷ്വറി കാറുകളിലൊന്നായിരുന്ന ലാൻസർ വാങ്ങി. ആ കാറും നിർത്താതെ ഓടി. പിന്നെ വർഷംതോറും പുതിയ കാറുകൾ വാങ്ങി ബിസിനസ് മെച്ചപ്പെടുത്തി. 21 കാറായി. പല ഹോട്ടലുകളിലും ഗസ്റ്റുകൾക്കായി സർവീസ് നടത്തി. മെഡിസിൻ കമ്പനികൾ മീറ്റിങ്ങുകൾക്കും കോൺഫറൻസുകൾക്കുമായി ഒരു ദിവസം നൂറ് ട്രിപ്പൊക്കെ ബുക്ക് ചെയ്യും. നിറയെ കാശ് വന്നുതുടങ്ങി. രീതികളൊക്കെ കുറെക്കൂടി പ്രൊഫഷണലാക്കി. കുറെ സെൽഫോണുകൾ വാങ്ങി, ഡ്രൈവർമാർക്ക് കൊടുത്തു. അവർക്ക് പൈലറ്റുമാരെപ്പോലെ തോന്നിക്കുന്ന വെള്ള യൂണിഫോം കൊടുത്തു. ഗസ്റ്റിനോട് വളരെ അച്ചടക്കത്തോടെ, ഭവ്യതയോടെ പെരുമാറാൻ പഠിപ്പിച്ചു. കാറിൽ കയറുന്നവർക്ക് എല്ലാ സൗകര്യങ്ങളും കാറിൽത്തന്നെ ഏർപ്പാടാക്കി. അതിനനുസരിച്ച് ഉയർന്ന ചാർജും ഈടാക്കിയിരുന്നു.

2002- ആയപ്പോൾ വലിയ സമ്മർദം തോന്നിത്തുടങ്ങി. ആശുപത്രിയിൽ ഡ്യൂട്ടിക്ക് സമയത്തിന് പോവാൻ കഴിയാതെ വന്നു. ജോലി രാജിവെച്ചു. പിന്നെ സ്വന്തമായി ഒരു ഓഫീസ് തുടങ്ങി. മാനേജരെ വെച്ചു. കാർ സർവീസ് അങ്ങനെ നല്ലരീതിയിൽ നടക്കുന്നു. സമയം കിട്ടുമ്പോൾമാത്രം സ്റ്റണ്ട് ആർട്ടിസ്റ്റായി പോവും.

പിന്നെയെങ്ങനെ സിനിമയിൽ ഇന്നത്തെ നിലയിലേക്കെത്തി?

കാർ സർവീസ് നന്നായി നടക്കുന്ന സമയത്തുതന്നെയാണ് പിൽക്കാലത്ത് വലിയ ആക്‌ഷൻ ഡയറക്ടറായി മാറിയ പീറ്റർ ഹെയിനെ പരിചയപ്പെടുന്നത്. കനൽക്കണ്ണൻ മാസ്റ്ററുടെ അസിസ്റ്റന്റ് ആയിരുന്നു അദ്ദേഹം. ഞങ്ങൾ നല്ല കൂട്ടായി. പിന്നീട് പീറ്റർ സ്വതന്ത്രമായി വർക്ക് ചെയ്തുതുടങ്ങി. 2002-ൽ ഇറങ്ങിയ റൺ എന്ന തമിഴ് സിനിമ പീറ്ററിനെ പ്രസിദ്ധനാക്കി. പിന്നീട് ഞാൻ കാണുമ്പോൾ റണ്ണിന്റെ ഹിന്ദി റീമേക്ക് ഷൂട്ടിനായുള്ള ഒരുക്കത്തിലായിരുന്നു പീറ്റർ. അതിനായി ഡൽഹിയിലേക്ക് പോവുമ്പോൾ എന്നോടും കൂടെച്ചെല്ലാൻ നിർബന്ധിച്ചു. അവിടെയെത്തിയപ്പോൾ ഹിന്ദി സിനിമാലോകത്ത് പീറ്ററിന് ലഭിക്കുന്ന ആദരം കണ്ട് ഞാൻ അദ്‌ഭുതപ്പെട്ടു. അഭിഷേക് ബച്ചനടക്കമുള്ളവർ അദ്ദേഹത്തോട് വളരെ ബഹുമാനത്തോടെ പെരുമാറുന്നു. അതെങ്ങനെയാണ് സംഭവിച്ചതെന്ന് ഞാൻ അദ്‌ഭുതപ്പെട്ടു. അങ്ങനെ ഷൂട്ടിങ് ലൊക്കേഷനിൽ തങ്ങി കാര്യങ്ങൾ മനസ്സിലാക്കാമെന്ന് തീരുമാനിച്ചു. പിന്നെ 2006-വരെ പീറ്റർ ഹെയിന്റെ അസിസ്റ്റന്റായി ജോലി ചെയ്തു. മമ്മൂട്ടി സാർ, ലാൽ സാർ, രജനി സാർ, അജിത്‌ സാർ, മഹേഷ് ബാബു എന്നിവരുടെയൊക്കെ പടങ്ങളിൽ പീറ്ററിന്റെ അസിസ്റ്റന്റായി നിന്നു. 50 സിനിമകളിൽവരെ അങ്ങനെ ജോലി ചെയ്തിട്ടുണ്ടാവണം. രജനിസാറിന്റെ ശിവാജി എന്ന സിനിമയിൽ അസിസ്റ്റന്റായി നിൽക്കുമ്പോഴാണ് പീറ്റർ ഹെയിൻ എന്നോട് പറഞ്ഞത്, ഇനി ആരുടെയും അസിസ്റ്റന്റാവാതെ മാസ്റ്ററായി ജോലി ചെയ്യണമെന്ന്. എനിക്കതിനുള്ള കഴിവുണ്ടെന്ന് അദ്ദേഹം ബോധ്യപ്പെടുത്തിത്തന്നു. അങ്ങനെ സംവിധായകൻ ഷങ്കറിന്റെ പ്രൊഡക്‌ഷനിൽ കല്ലൂരി എന്ന സിനിമയിൽ ഞാൻ മാസ്റ്ററായി ജോയിൻ ചെയ്തു. അതിനിടെ രാജമൗലി സർ എന്നെ വിളിച്ചു. ഒരു സിനിമ ചെയ്യുന്നുണ്ട് അതിൽ ഞാൻ ഫൈറ്റ്മാസ്റ്ററാവണമെന്നു പറഞ്ഞു. യമദൊങ്ക എന്നായിരുന്നു ആ തെലുങ്ക് പടത്തിന്റെ പേര്. ആ സിനിമയിൽ ചെറിയവേഷവും ഞാൻ ചെയ്തു. കല്ലൂരിക്ക് മുൻപ്‌ റിലീസ് ചെയ്ത ആ പടം സൂപ്പർഹിറ്റായി. പിന്നീട് ഇന്നേവരെ വിശ്രമമില്ലാതെ ഈ ജോലിതന്നെ ചെയ്യുന്നു.

മലയാളസിനിമയിലേക്കെത്തുന്നത് എപ്പോഴാണ്?

സത്യം പറഞ്ഞാൽ മലയാള സിനിമയുമായി എന്തോ ഒരു കണക്‌ഷൻ എനിക്കുണ്ട്. കാരണം തമിഴനായ ഞാൻ ആദ്യം കാണുന്ന സിനിമതന്നെ മലയാളത്തിലാണ്. മുൻപ്‌ പറഞ്ഞല്ലോ 19-ാം വയസ്സിൽ ജോലി തേടി ആദ്യമായി ചെന്നൈയിൽ ചെന്ന കാര്യം. അവിടെയെത്തി ആദ്യ ദിവസമാണ്. എന്റെ കൈയിൽ 15 രൂപയുണ്ട്. അപ്പോൾ ക്രിസ്റ്റഫർ പറഞ്ഞു, സിനിമയ്ക്ക് പോകാമെന്ന്. അന്ന് സിനിമ കാണുന്നതെല്ലാം ചിന്തിക്കാൻപോലും കഴിയുന്ന കാര്യമല്ല. ഓർഫനേജിൽ അങ്ങനെയൊരു ജീവിതമായിരുന്നല്ലോ? എന്നാലും പോകാമെന്ന് തീരുമാനിച്ചു. തിയേറ്ററിൽ ചെന്നു. ടിക്കറ്റിന് നാലര രൂപ. അന്ന് കണ്ട സിനിമ മോഹൻലാലും മമ്മൂട്ടിയും അഭിനയിച്ച നമ്പർ 20 മദ്രാസ് മെയിൽ! പടം നല്ലതായിരുന്നെങ്കിലും എന്റെ ഉള്ളിൽ നിറയെ പേടിയായിരുന്നു. സിനിമ കാണുന്നതുതന്നെ പാപമാണെന്ന് തോന്നിയിരുന്നു. കർത്താവിനെ വിളിച്ച് മാപ്പുനൽകണേ എന്നെല്ലാം ഞാൻ പ്രാർഥിച്ചു. വലിയ തെറ്റുചെയ്തപോലെ തോന്നിയിരുന്നു. വിജയ് നായകനായിരുന്ന ജില്ല എന്ന സിനിമയിൽ ജോലിചെയ്യുമ്പോഴാണ് മോഹൻലാൽ സാറുമായി സൗഹൃദത്തിലാകുന്നത്. അദ്ദേഹം ഒരിക്കൽ കേരളത്തിൽ വന്ന് ഒരു പടത്തിൽ ഫൈറ്റ് ചെയ്തുതരുമോ എന്ന് ചോദിച്ചു. അതിനുമുൻപേ മലയാളത്തിൽ കിങ്‌ ആൻഡ്‌ കമ്മിഷണറിനുവേണ്ടി സ്റ്റണ്ട് ചെയ്തിരുന്നു. ലാൽസാറിനുവേണ്ടി ആദ്യം ചെയ്തത് മിസ്റ്റർ ഫ്രോഡിലാണ്. പിന്നെ ഒപ്പം, ലൂസിഫർ, ലോഹം എന്നീ പടങ്ങളിലും ജോലിചെയ്തു. ഫൈറ്റ് സീനുകൾ ലാൽസാറിന് ഭയങ്കര താത്‌പര്യമാണ്. ഇപ്പോഴും അദ്ദേഹം യുവാവിനെപ്പോലെ ഫൈറ്റ് ചെയ്യും. തമിഴിൽ വിജയ്‌നും ഫൈറ്റിൽ നല്ല താത്‌പര്യമാണ്. തലൈവ, വേലായുധം, ജില്ല അടക്കം കുറച്ചുപടങ്ങളിൽ ഞാൻ ജോലി ചെയ്തു. മലയാളത്തിൽ സ്ട്രീറ്റ്‌ലൈറ്റിലും മിസ്റ്റർ ഫ്രോഡിലും അഭിനയിച്ചു. 2021-ൽ തമിഴിൽ ഒരു പടം സംവിധാനം ചെയ്തു; ചിത്തിരൈ ചെവ്വാനം.

കുടുംബം

2004-ലാണ് വിവാഹം കഴിഞ്ഞത്. അന്യൻ സിനിമയിൽ അസിസ്റ്റന്റ് ആയി ജോലിചെയ്യുമ്പോഴായിരുന്നു അത്. അത്ത (അച്ഛന്റെ സഹോദരി)യാണ് കല്യാണം കഴിക്കാൻ നിർബന്ധിച്ചത്. ഭാര്യയുടെ പേര് മങ്കൈ അരസി. അവളുടെ അച്ഛൻ കോഴിക്കോട് സ്വദേശിയാണ്. അക്കാലത്ത് ഞാൻ സിനിമയിൽ നിരന്തരം സ്റ്റണ്ട് ചെയ്തുകൊണ്ടിരിക്കയാണ്. വീട്ടിലേക്ക് തിരിച്ചുവരുന്നത് ഏത് രൂപത്തിലാണെന്ന് പറയാൻ കഴിയാത്ത രീതിയിൽ റിസ്കുള്ള ജോലി. പരിക്ക് പറ്റാം. അതൊക്കെ അവളോട് പറഞ്ഞു. അപ്പോഴും കുഴപ്പമില്ല എന്നായിരുന്നു മറുപടി. ഒരു മകനും മകളുമുണ്ട്. മകൻ കൃഷൻ കോളേജിൽ പഠിക്കുന്നു. മകൾ അമൃതഹർഷിണി പ്ലസ്ടു വിദ്യാർഥിനിയാണ്.

Read Entire Article