അഞ്ചാറുവര്‍ഷംകൊണ്ട് ഇന്ത്യയ്ക്കുണ്ടായത് പുരോഗതിയോ അധോഗതിയോ എന്ന്‌ സംശയമുണ്ട്‌- ടൊവിനോ തോമസ്

9 months ago 10

tovino thomas

ടൊവിനോ തോമസ് | ഫോട്ടോ: മാതൃഭൂമി

ബേസിലിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനംചെയ്ത ചിത്രം 'മരണമാസി'ന് സൗദിയിലെ പ്രദര്‍ശനവിലക്കിലും കുവൈത്തിലെ സെന്‍സറിങ്ങിലും പ്രതികരണവുമായി നിര്‍മാതാവ് ടൊവിനോ തോമസ്. ഇരുരാജ്യങ്ങളിലും ചിത്രത്തിനുണ്ടായ നിയന്ത്രണം ആ രാജ്യങ്ങളിലെ നിയമപ്രകാരമുള്ളതാണെന്ന് ടൊവിനോ പറഞ്ഞു. ചിത്രം റിലീസ് ചെയ്ത ശേഷമുള്ള പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ.

കുവൈറ്റില്‍ സിനിമയിലെ ആദ്യപകുതിയിലേയും രണ്ടാംപകുതിയിലേയും ചില രംഗങ്ങള്‍ നീക്കംചെയ്യേണ്ടിവന്നിട്ടുണ്ടെന്ന് റിലീസിന് മുന്നോടിയായി അണിയറ പ്രവര്‍ത്തകര്‍ തന്നെ അറിയിച്ചിരുന്നു. ചിത്രത്തിന് സൗദിയില്‍ സമ്പൂര്‍ണ്ണ പ്രദര്‍ശനവിലക്കാണ്‌. ട്രാന്‍സ്‌ജെന്‍ഡര്‍ ആയ വ്യക്തി താരനിരയില്‍ ഉള്ളതുകൊണ്ടാണ് പ്രദര്‍ശന നിയന്ത്രണം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

'കുവൈറ്റില്‍ കുറച്ച് ഷോട്ടുകള്‍ കട്ട് ചെയ്തു കളഞ്ഞിട്ടുണ്ട്. സൗദിയില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു. അത് ഓരോ രാജ്യങ്ങളുടെ... നമ്മുടെ രാജ്യമൊക്കെയാണെങ്കില്‍ വേണമെങ്കില്‍ ചോദ്യംചെയ്യാം, അതിന് വേണ്ടി ഫൈറ്റ് ചെയ്യാം. മറ്റ് രാജ്യങ്ങളില്‍ നിയമംവേറെയാണ്. തത്കാലം ഒന്നുംചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്', എന്നായിരുന്നു ടൊവിനോയുടെ വാക്കുകള്‍.

'അത് കാര്യമാക്കേണ്ടതില്ല. വേറെ ഒരുപാട് സ്ഥലങ്ങളില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞു. ഇത് പ്രശ്‌നമല്ലാത്ത എത്രയോ സ്ഥലങ്ങളുണ്ട്, അവിടെയൊക്കെ നന്നായി ആളുകള്‍ ചിത്രത്തെ സ്വീകരിച്ചുകഴിഞ്ഞു. അവര്‍ക്ക് അതില്‍ യാതൊരു പ്രശ്‌നവും തോന്നുന്നില്ല. ഓരോ രാജ്യങ്ങളുടെ നിയമമാണ്', ടൊവിനോ വ്യക്തമാക്കി.

'സൗദിയപ്പറ്റി നമുക്ക് എല്ലാര്‍വര്‍ക്കും അറിയാം. ഞാന്‍ 2019-ല്‍ പോയപ്പോള്‍ കണ്ട സൗദിയല്ല 2023-ല്‍ പോയപ്പോള്‍ കണ്ടത്. അതിന്റേതായ സമയം കൊടുക്കൂ, അവര്‍ അവരുടേതായ ഭേദഗതികള്‍ വരുത്തുന്നുണ്ട്. 2019-ല്‍ ഇന്ത്യ ഉണ്ടായിരുന്നതിനേക്കാള്‍ പ്രോഗ്രസീവായാണോ, റിഗ്രസീവായിട്ടാണോ മാറിയിരിക്കുന്നത് എന്ന് ചോദിച്ചാല്‍ അത് വലിയ ചോദ്യമാണ്. കഴിഞ്ഞ അഞ്ചാറുവര്‍ഷംകൊണ്ട് പുരോഗതിയാണോ അധോഗതിയാണോ ഉണ്ടാക്കിയിരിക്കുന്നത് എന്നതില്‍ എനിക്ക് സംശയമുണ്ട്', ടൊവിനോ കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായ അഭിപ്രായം എന്താണെന്ന ചോദ്യത്തോട്, തനിക്ക് സംശയമുണ്ട് എന്ന നിലപാട് ടൊവിനോ ആവര്‍ത്തിച്ചു.

Content Highlights: Tovino Thomas responds to the prohibition of `Maranamass` successful Saudi Arabia and Kuwait

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article