Authored by: ഋതു നായർ|Samayam Malayalam•6 Nov 2025, 6:50 am
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ 5 ഭാഷകളിലായി 21 ചിത്രങ്ങളിൽ ഇതുവരെ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. തപ്പു താളങ്ങൾ അലാവുദ്ദീനും അത്ഭുത വിളക്കും നിനൈത്താലേ ഇനിക്കും എന്നീ മൂന്നു ദ്വിഭാഷാ ചിത്രങ്ങളും ഇതിലുൾപ്പെടും.
രജനി കമൽ(ഫോട്ടോസ്- Samayam Malayalam)സൂപ്പർസ്റ്റാർ രജനീകാന്ത് നായകനാകുന്ന പുതിയ ചിത്രമായ 'തലൈവർ 173' കമൽഹാസൻ നിർമ്മിക്കുമെന്നും, സുന്ദർ സി സംവിധാനം ചെയ്യുമെന്നുമുള്ള വിവരം കമൽ തന്നെയാണ് പ്രഖ്യാപിച്ചത്. കമൽഹാസന്റെയും രജനീകാന്തിന്റെയും ഫോട്ടോ സഹിതം ബുധനാഴ്ച ഔദ്യോഗിക പ്രഖ്യാപനം നടന്നു. 2027 പൊങ്കൽ സമയത്ത് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും എന്നാണ് വിവരങ്ങൾ.
ഇരുവർക്കും ഗുരുസ്ഥാനീയനായ കെ.ബാലചന്ദർ രജനിയെയും, കമലിനെയും ചേർത്തു കൊണ്ട് ഏഴു സിനിമകൾ ഒരുക്കിയിട്ടുണ്ട്. അപൂർവ രാഗങ്ങൾ, അന്തുലേനി കഥ, മൂന്നു മുടിച്ചു, അവർകൾ, തപ്പു താളങ്ങൾ, നിനൈത്താലെ ഇനിക്കും, തില്ലു മുല്ലു എന്നിവയാണ് രജനിയും കമലും ഒന്നിച്ച ബാലചന്ദർ ചിത്രങ്ങൾ.
ഇരുവരും ഒരുമിച്ച ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ തവണ അഭിനയിച്ച താരം ശ്രീപ്രിയയാണ്. ഊഞ്ഞാലാടുകിരത്, ആടു പുലിയാട്ടം, അലാദ്ദീനും അർപ്പുത വിളക്കും, അവൾ അപ്പാടി താൻ, വയസു പിളിച്ചിണ്ടി, നച്ചത്തിരം എന്നിവയാണ് മൂവരും ഒന്നിച്ച ചിത്രങ്ങൾ. മൂന്നു മുടിച്ചു, പതിനാറു വയതിനിലെ, തയ്യിലാമൽ നന്നിലൈ എന്നിങ്ങനെ മൂന്നു ചിത്രങ്ങളിൽ ശ്രീദേവിയും ഇരുവർക്കുമൊപ്പം അഭിനയിച്ചിട്ടുണ്ട്.
നച്ചത്തിരം, ശരണം അയ്യപ്പ, ഉരുവങ്കൽ മരം എന്നീ ചിത്രങ്ങളിൽ ഇരുവരും അതിഥി വേഷത്തിൽ അഭിനയിച്ചു.കമൽഹാസൻ നായകനായ അപൂർവ രാഗങ്ങൾ, തയ്യില്ലാമൽ നന്നിലൈ, ഗിരഫ്താർ എന്നീ ചിത്രങ്ങളിൽ രജനികാന്ത് അതിഥി വേഷത്തിൽ എത്തിയിരുന്നു.രജനികാന്ത് നായകനായ അന്തുലേനി കഥ, തപ്പു താളങ്ങൾ, തില്ലു മുല്ലു എന്നീ ചിത്രങ്ങളിൽ കമൽഹാസൻ അതിഥി വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
2023 ൽ ബ്ലോക്ക് ബസ്റ്റർ ആയ നെൽസൺ സംവിധാനം ചെയ്ത ജയിലർ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിലാണ് രജനികാന്ത് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സൂപ്പർ സ്റ്റാർ 173 എന്ന ടാഗിൽ പേരിടാത്ത പുതിയ ചിത്രം 2027 പൊങ്കലിന് റിലീസ് ചെയ്യാനാണ് നിർമ്മാതാക്കൾ ഉദ്ദേശിക്കുന്നത്. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ തമിഴ് സിനിമയുടെ ആണിക്കല്ലുകളായ കമലും രജനിയും ഒന്നിക്കുന്ന ചിത്രം ഇന്ത്യൻ സിനിമയിലെ പുതിയ അത്ഭുതമായി മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ





English (US) ·