.jpg?%24p=745f533&f=16x10&w=852&q=0.8)
മോഹൻലാൽ, രാംഗോപാൽ വർമ | Photo: Mathrubhumi, PTI
കൊച്ചി: ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരത്തില്‍ തന്നെ അഭിനന്ദിച്ച സംവിധായകന്‍ രാംഗോപാല്‍ വര്‍മയുടെ വാക്കുകളില്‍ മറുപടിയുമായി മോഹന്‍ലാല്‍. ഫാല്‍ക്കെയ്ക്ക് 'മോഹന്‍ലാല്‍ അവാര്‍ഡ്' നല്‍കണമെന്ന വാക്കുകള്‍, രാംഗോപാല്‍ വര്‍മ സീരിയസായി പറഞ്ഞതാവില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. രാംഗോപാല്‍ വര്‍മ വലിയ തമാശകള്‍ പറയുന്ന ആളല്ലേയെന്നും മോഹന്‍ലാല്‍ ചോദിച്ചു.
'അദ്ദേഹം എപ്പോഴും വലിയ തമാശകള്‍ പറയുന്ന ആളല്ലേ. ബ്ലാക് ഹ്യൂമര്‍ ആയേ ഞാന്‍ അതിനെ കാണുന്നുള്ളൂ. അദ്ദേഹവുമായി നല്ല സൗഹൃദമുള്ള ആളാണ്. അദ്ദേഹം ചെയ്ത ഏറ്റവും വലിയ സിനിമയില്‍ അഭിനയിച്ചു. 'കമ്പനി' കള്‍ട്ട് സിനിമയാണ്. അദ്ദേഹം ബ്ലാക്ക് ഹ്യൂമറിന്റെ ആളാണ്. എല്ലാവരും പറയുന്നതില്‍നിന്ന് വ്യത്യസ്തമായി അദ്ദേഹം ചിന്തിച്ചു പറഞ്ഞു എന്നേയുള്ളൂ. സീരിയസായി ഉദ്ദേശിച്ച് പറഞ്ഞതാണെന്ന് ഞാന്‍ കരുതുന്നില്ല', എന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍.
'ഇന്ത്യയിലെ ആദ്യത്തെ ചിത്രം നിര്‍മിച്ചു എന്നതിലുപരി എനിക്ക് ദാദാസാഹേബ് ഫാല്‍ക്കയേക്കുറിച്ച് കാര്യമായി ഒന്നുമറിയില്ല. ആ ചിത്രം ഞാന്‍ കാണുകയോ, അതുകണ്ട ആരെയെങ്കിലും കണ്ടുമുട്ടുകയോ ചെയ്തിട്ടില്ല. എന്നാല്‍, മോഹന്‍ലാലിനെ കണ്ടതില്‍നിന്നും അറിഞ്ഞതില്‍നിന്നും എനിക്ക് തോന്നുന്നത്, ദാദാസാഹേബ് ഫാല്‍ക്കെയ്ക്ക് മോഹന്‍ലാല്‍ അവാര്‍ഡ് കൊടുക്കണം എന്നാണ്', എന്നായിരുന്നു രാംഗോപാല്‍ വര്‍മയുടെ അഭിനന്ദനക്കുറിപ്പ്.
പുരസ്‌കാരപ്രഖ്യാപനത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തിയ മോഹന്‍ലാല്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം. ഹോട്ടലില്‍ നടന്ന ആഘോഷത്തില്‍ മോഹന്‍ലാല്‍ കെയ്ക്ക് മുറിച്ചു. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ടി.കെ. പ്രദീപ് കുമാറിന് മോഹന്‍ലാല്‍ മധുരം പങ്കുവെച്ചു. സംവിധായകന്‍ തരുണ്‍ മൂര്‍ത്തി, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, എം. രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.
Content Highlights: Mohanlal Responds to Ram Gopal Varma connected Dadasaheb Phalke Award
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·