'അധിക്ഷേപവും ഭീഷണിയും ചാപ്പകുത്തലുമാകരുത് വിമര്‍ശനം'; എമ്പുരാന് പിന്തുണയുമായി FEFKA

9 months ago 8

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളിലും നായകന്‍ മോഹന്‍ലാലിനും സംവിധായകന്‍ പൃഥ്വിരാജിനും നേരെയുണ്ടായ സൈബര്‍ ആക്രമണത്തിലും പ്രതികരണവുമായി ഫെഫ്ക. എമ്പുരാനില്‍ പ്രവര്‍ത്തിച്ച എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരെയും ചേര്‍ത്തുനിര്‍ത്തുന്നുവെന്ന് ഫെഫ്ക ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. പൃഥ്വിരാജിനും മോഹന്‍ലാലിനും എതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണം നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്. വിമര്‍ശനങ്ങളെ സ്വാഗതംചെയ്യുന്നു. എന്നാല്‍, അത് അധിക്ഷേപവും ഭീഷണിയും ചാപ്പകുത്തലുമാകരുത്.

സാര്‍ഥകമായ ഏത് സംവാദത്തിന്റെയും ലക്ഷ്യം മറുവശത്തുള്ളവരെ നിശബ്ദരാക്കുകയല്ല, അവരെ സംസാരിക്കാന്‍ അനുവദിക്കുകയാണ്. ഹെമിങ്‌വേ കഥാപാത്രം പറയുന്നതുപോലെ ''നിങ്ങള്‍ക്കൊരാളെ നശിപ്പിക്കാന്‍ കഴിയും, പക്ഷെ തോല്‍പ്പിക്കാനാവില്ല''. കലയും കലാകാരന്മാരും ഇതുതന്നെയാണ് സദാ ലോകത്തോട് പറയുന്നതെന്നും ഫെഫ്ക ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'എമ്പുരാന്‍' സിനിമയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളും ചിത്രത്തിന്റെ സംവിധായകന്‍ ശ്രീ.പൃഥ്വിരാജിനും മുഖ്യനടനായ ശ്രീ.മോഹന്‍ലാലിനും എതിരെ (സാമൂഹ്യ)മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണങ്ങളും നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്. സിനിമയുടെ രൂപത്തെയും ഉള്ളടക്കത്തെയും വിട്ടുവീഴ്ച്ചയില്ലാതെ വിമര്‍ശിക്കുന്നതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. സര്‍ഗ്ഗാത്മകമായ വിമര്‍ശനത്തിലൂടെ മാത്രമേ ഒരു കലാരൂപത്തിന് പരിണമിക്കാന്‍ സാധിക്കൂ. എന്നാല്‍ വിമര്‍ശനം വ്യക്ത്യാധിക്ഷേപവും, ഭീഷണിയും, ചാപ്പകുത്തലുമാവരുതെന്നാണ് കക്ഷിരാഷ്ട്രീയ-മത ഭേദമന്യേ എല്ലാവരോടും ഞങ്ങള്‍ക്ക് പറയാനുള്ളത്. സാര്‍ത്ഥകമായ ഏതു സംവാദത്തിന്റേയും ലക്ഷ്യം മറുവശത്ത് നിലകൊള്ളുന്നവരെ നിശബ്ദരാക്കുകയല്ല, അവരെ സംസാരിക്കാന്‍ അനുവദിക്കുക എന്നതാണ്. എമ്പുരാനില്‍ പ്രവര്‍ത്തിച്ച എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരേയും ഞങ്ങള്‍ ചേര്‍ത്തു നിര്‍ത്തുന്നു. ഉറക്കത്തില്‍ സിംഹങ്ങളെ സ്വപ്നം കണ്ട വൃദ്ധനായ സാന്റിയാഗോ എന്ന ഹെമിങ്ങ് വേ കഥാപാത്രം പറയുന്നുണ്ട്, 'നിങ്ങള്‍ക്കൊരാളെ നശിപ്പിക്കാന്‍ കഴിയും, പക്ഷേ അയാളെ തോല്പിക്കാനാവില്ല.' കലയും കലാകാരന്മാരും ഇതുതന്നെയാണ് സദാ ലോകത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.

Content Highlights: disapproval should not beryllium insult menace oregon bullying fefka supports empuraan

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article