
എമ്പുരാൻ സിനിമയുടെ പോസ്റ്റർ | ഫോട്ടോ: Facebook
വിവാദത്തില്‍ അകപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും ബോക്‌സ് ഓഫീസില്‍ മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം കുതിക്കുകയാണ്. സമാനതകളില്ലാത്ത കളക്ഷന്‍ റെക്കോഡുകളാണ് ചിത്രം സ്വന്തമാക്കുന്നത്. 'ലൂസിഫറി'നും 'എമ്പുരാനും' ശേഷം കഥയ്ക്ക് അടുത്തൊരു ഭാഗം കൂടിയുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ റിലീസിനുമുന്‍പേ വ്യക്തമാക്കിയതാണ്. പുതിയ സാഹചര്യത്തില്‍ സിനിമയുടെ മൂന്നാംഭാഗത്തിന്റെ ഭാവിയെന്താകുമെന്ന ആശങ്ക ശക്തമാണ്.
അബ്രാം ഖുറേഷിയുടെ മൂന്നാം വരവിലേയ്ക്ക് വിരല്‍ ചൂണ്ടിയാണ് എമ്പുരാന്‍ അവസാനിപ്പിക്കുന്നത്. 'ലൂസിഫറും' 'എമ്പുരാനും' ശേഷമെത്തുന്ന മൂന്നാം ഭാഗത്തിന്റെ പേരിനെ കുറിച്ചുള്ള സൂചനയും 'എമ്പുരാനി'ലൂടെ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഫ്രാഞ്ചൈസിന്റെ ആദ്യഭാഗമായ 'ലൂസിഫര്‍' എന്ന പേരിന്റെ അര്‍ത്ഥം- ദൈവത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മാലാഖ അഥവാ സാത്താന്‍ എന്നാണ്. ചിത്രത്തില്‍ ദൈവമെന്ന വിശേഷണത്തോടെയാണ് പി.കെ.രാംദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പ് വിട്ട്, പള്ളിയും ആശ്രമവും ഉപേക്ഷിച്ച് സാത്താന്റെ വഴിയിലേക്ക് സഞ്ചാരം തുടങ്ങിയവനാണ് ആദ്യഭാഗത്തിലെ നായകന്‍ സ്റ്റീഫന്‍. സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മാലാഖയാണ് താനെന്ന് സ്റ്റീഫന്‍ തന്നെ പറയുന്നുണ്ട്.
ദൈവത്തില്‍ വിശ്വാസം നഷ്ടപ്പെട്ട മനുഷ്യര്‍ സാത്താനെ ആരാധിക്കാനൊരുങ്ങുന്ന കഥകള്‍ പല മതഗ്രന്ഥങ്ങളിലും കാണാം. ഇവിടെ നിന്നാണ് സിനിമയുടെ രണ്ടാം ഭാഗം ആരംഭിക്കുന്നത്. ദൈവപുത്രന്‍ തന്നെ തെറ്റുചെയ്യുമ്പോള്‍ ചെകുത്താനെയല്ലാതെ വേറെയാരെ ആശ്രയിക്കാന്‍ എന്ന ഡയലോഗ് ചിത്രത്തില്‍ പ്രസക്തമാണ്. ദൈവത്തിന് നേര്‍ താഴെയും രാജാവിനേക്കാള്‍ മുകളിലും നില്‍ക്കുന്നവന്‍ എന്നതാണ് എമ്പുരാന്‍ എന്നവാക്ക് അര്‍ത്ഥമാക്കുന്നത്. കഥയില്‍ ദൈവസമാനമായി കാണിച്ച പി.കെ.ആറിന് തൊട്ടുതാഴെയും നാടിന്റെ അധികാരം കയ്യാളുന്നവര്‍ക്ക് മുകളിലുമായാണ് എമ്പുരാനില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന കഥാപാത്രം നിലയുറപ്പിക്കുന്നത്.
മൂന്നാം ഭാഗം കഥയുടെ കൊട്ടിക്കലാശമാണ്, അവിടെ അവന്റെ വേഷം മറ്റൊന്നാണ്. പിതാവിന്റേയും പുത്രന്റേയും ഇടയില്‍ വിരിഞ്ഞ ഇരുട്ടിന്റെ പൂവെന്നാണ് ഫാദര്‍ നെടുമ്പള്ളി അവനെ വിശേഷിപ്പിക്കുന്നതെങ്കില്‍ അവന്‍ ഫാദറിനു നല്‍കുന്ന മറുപടിയില്‍ സ്വയം പരിചയപ്പെടുത്തുന്നുണ്ട്, '' ദൈവപുത്രന്‍ ചെയ്ത പാപങ്ങളുടെ വിളവെടുക്കാന്‍ ദത്തുപുത്രന്‍ ഉയര്‍ത്തെഴുനേല്‍ക്കേണ്ടിവന്നു ഫാദര്‍.., മാലഖമാര്‍ക്ക് കടന്നു ചെല്ലാന്‍ സാധിക്കാത്ത ഇടങ്ങളിലേക്ക് ദൈവം അമ്മമാരെ അയച്ചതുപോലെ ദൈവത്തിന് കടന്നു ചെല്ലാന്‍ അറപ്പുള്ള ഇടങ്ങളിലേക്ക് ദൈവം തന്നെ നാടുകടത്തിയ കറുത്തമാലാഖയല്ലേ ഞാന്‍'' .
കറുത്തമാലാഖ, മരണത്തിന്റെ മാലാഖ 'അസ്രയേല്‍' -എമ്പുരാന്റെ അവസാനത്തില്‍ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള സൂചനയായുള്ള പാട്ടില്‍, ഹമ്മിങ്ങായി കടന്നുവരുന്ന പദം AZRAEL എന്നാണ്. രണ്ടാം ഭാഗത്തിലേക്കുള്ള സൂചനയായി 'ലൂസിഫര്‍' സിനിമയുടെ അവസാനരംഗത്ത് കാണിച്ച പാട്ടില്‍ 'എമ്പുരാനേ...' എന്ന പ്രയോഗമുണ്ടായിരുന്നു. ഇത്തവണ അത് അസ്രയേല്‍ എന്നാണ്.
ദൈവത്തിന്റെ മരണ ദൂതനാണ് അസ്രയേല്‍, മരിച്ചയാളുടെ ആത്മാക്കളെ ശരീരത്തില്‍ നിന്ന് എടുക്കാന്‍ അവകാശമുള്ളവന്‍. ക്രിസ്ത്യന്‍ ഇസ്ലാമിക് സാഹിത്യത്തിലും നാടോടി കഥകളിലും ഈ പേര് വ്യാപകമാണ്. അനീതിക്കെതിരെ പ്രതികാരം ചെയ്യുന്ന നരകത്തിന്റെ മാലാഖയാണ് അസ്രയേല്‍, എമ്പുരാന്‍ സിനിമയില്‍ വില്ലനെ കൊല്ലുമ്പോള്‍ അബ്രാം ഖുറേഷി പറയുന്നത് ഇനി നമുക്ക് നരകത്തില്‍ കാണാം എന്നാണ്. സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മാലാഖ അനീതികള്‍ക്കെതിരെ പ്രതികരിക്കാനിറങ്ങുമ്പോള്‍, അവന്‍ പ്രതികാരത്തിനിറങ്ങുമ്പോള്‍ അവനെ 'അസ്രയേല്‍' എന്നല്ലാതെ മറ്റെന്താണ് വിളിക്കാനാകുക.
Content Highlights: Empuraan continues its container bureau triumph contempt controversies, Will determination beryllium a 3rd installment?
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·