09 April 2025, 04:36 PM IST

തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, പത്താം വളവ് സിനിമയുടെ പോസ്റ്റർ, ശങ്കരനാരായണൻ | ഫോട്ടോ: FACEBOOK
മകളെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ കൊലപ്പെടുത്തി ജയിൽവാസമനുഷ്ഠിച്ച ശങ്കരനാരായണനെ ഓർമിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. സുരാജ് വെഞ്ഞാറമ്മൂടിനേയും ഇന്ദ്രജിത്തിനേയും പ്രധാനകഥാപാത്രങ്ങളാക്കി താൻ എഴുതിയ പത്താംവളവ് എന്ന ചിത്രത്തിന് പ്രചോദനം ശങ്കരനാരായണന്റെ ജീവിതമായിരുന്നെന്ന് അഭിലാഷ് പിള്ള എഴുതി. ശങ്കരനാരായണന്റെ മരണവാർത്തയറിഞ്ഞപ്പോൾ മനസിൽ വല്ലാത്ത മരവിപ്പ് തോന്നിയെന്നും അഭിലാഷ് പിള്ള കൂട്ടിച്ചേർത്തു.
അഭിലാഷ് പിള്ളയുടെ കുറിപ്പിന്റെ പൂർണരൂപം:
ശങ്കര നാരായണനും കൃഷ്ണ പ്രിയയും പത്താം വളവും
ചില മരണ വാർത്തകൾ അറിഞ്ഞു കഴിയുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു മരവിപ്പ് അനുഭവപ്പെടും. അതിന് അവർ നമുക്ക് വേണ്ടപ്പെട്ടവരോ സുഹൃത്തുക്കളോ ആകണമെന്നില്ല. അത് പോലെ ഒരു വാർത്ത ഇന്നലെ ഞാൻ അറിഞ്ഞു. ഒരുപക്ഷേ അത്ര വാർത്താ പ്രാധാന്യം ആ മരണത്തിന് ഉണ്ടോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. പക്ഷേ ആ മരിച്ച മനുഷ്യന്റെ പേരിൽ വർഷങ്ങൾക്ക് മുന്നേ വന്ന വാർത്തകൾ കേട്ട് പെണ്മക്കളുള്ള ഓരോ അച്ഛനമ്മമാരും കയ്യടിച്ചിട്ടുണ്ട്.
സ്വന്തം മകളെ പീഡിപ്പിച്ച പ്രതിയെ കൊന്നുകളഞ്ഞ ശങ്കരനാരായണൻ എന്ന മനുഷ്യൻ എനിക്കു ആരാണ് എന്ന് ചോദിച്ചാൽ അതിന് ഉത്തരമില്ല. എന്നാൽ എന്റെ ജീവിതത്തിൽ ഞാൻ ചെയ്‌ത ഓരോ സിനിമയും എനിക്ക് ചുറ്റും നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്നും ഞാൻ കണ്ടെത്തിയവയാണ്. വർഷങ്ങൾക്കു മുന്നേ ഞാൻ പരിചയപ്പെട്ട ഒരു അപരിചിതൻ അന്ന് എന്നോട് പറഞ്ഞ കാര്യങ്ങളിൽ നിന്നും എനിക്ക് തോന്നിയ കഥയായിരുന്നു പത്താം വളവ്. അന്ന് ഞാൻ സംസാരിച്ച അപരിചിതന്റെ പേര് ശങ്കരനാരായണൻ, കൃഷ്ണ പ്രിയയുടെ അച്ഛൻ. എന്റെ കഥയിലെ സോളമൻ.
Nb: ഇന്ന് അവൾ സന്തോഷിക്കും ഇനി അവൾക്ക് കാവലായി അവളോടൊപ്പം അച്ഛനുണ്ട്.
കഴിഞ്ഞദിവസമാണ് ശങ്കരനാരായണൻ വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നത് മരണമടഞ്ഞത്. 2001 ഫെബ്രുവരിയിലാണ് ഏഴാംക്ലാസ് വിദ്യാർഥിനിയായ കൃഷ്ണപ്രിയയെ സ്‌കൂൾവിട്ട് വരുന്നതിനിടെ മുഹമ്മദ് കോയ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയത്. കേസിൽ മുഹമ്മദ് കോയ അറസ്റ്റിലായി. പിന്നീട് 2002-ൽ ജാമ്യത്തിലിറങ്ങിയ സമയത്താണ് ഇയാൾ വെടിയേറ്റ് മരിക്കുന്നത്. വെടിവെച്ചത് ശങ്കരനാരായണൻ ആണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.
കേസിൽ മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും ഹൈക്കോടതി പിന്നീട് തെളിവുകളുടെ അഭാവത്തിൽ വെറുതെവിടുകയായിരുന്നു.
Content Highlights: Screenwriter Abhilash Pillai Remembers Shankaranaarayan
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·