അന്ന് MB ശ്രീനിവാസനെ ട്രെയിനിൽവെച്ച് ആളറിയാതെ പോലീസ് പിടിച്ചു, പിന്നാലെ മുഖ്യമന്ത്രി മാപ്പുപറഞ്ഞു

4 months ago 5

MB Sreenivasan

എം.ബി.ശ്രീനിവാസൻ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

തിരുവനന്തപുരം: സിനിമാഗാനങ്ങളുടെ പിറവിക്കുപിന്നിൽ പ്രവർത്തിച്ച സംഗീതകാരന്മാരെക്കുറിച്ചുള്ള ഒ.എൻ.വി. കുറുപ്പിന്റെ ഓർമ്മകൾ ‘അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ’ എന്ന കൃതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അന്യദേശക്കാരായ എം.ബി.ശ്രീനിവാസൻ, സലിൽ ചൗധരി, ബോംബെ രവി എന്നിവർ മലയാളഗാനതല്പമൊരുക്കുന്നതിലെ കലാവിരുത് ഒ.എൻ.വി. ഓർമ്മിച്ചെടുക്കുന്നുണ്ട്. അതിലൊന്ന് വേദനിക്കുന്ന ഓർമ്മയാണ്. എം.ബി.ശ്രീനിവാസൻ എന്ന സംഗീത സംവിധായകന് കേരളത്തിലെ പോലീസിൽനിന്നുണ്ടായ ദുരനുഭവമായിരുന്നു വിഷയം.

ജോർജ് ഓണക്കൂറിന്റെ നോവലിനെ അധികരിച്ച് കെ.ജി. ജോർജ് സംവിധാനംചെയ്ത 'ഉൾക്കടലി'ലെ ഗാനങ്ങൾ ചിട്ടപ്പെടുത്താനായി ചെന്നൈയിൽനിന്ന് തിരുവനന്തപുരത്തേക്കു വരുമ്പോഴാണ് എം.ബി. ശ്രീനിവാസന് ദുരനുഭവം നേരിട്ടത്. ശരീരവേദനയ്ക്ക് കഴിച്ച വേദനസംഹാരി കാരണം തീവണ്ടിയിലിരുന്ന് എം.ബി.എസ്. ഉറങ്ങിപ്പോയി.

എറണാകുളം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ തീവണ്ടിയിൽ അന്നത്തെ പി.കെ.വി. മന്ത്രിസഭയിലെ ഒരു മന്ത്രിയും പരിവാരങ്ങളും കയറുന്നു. ആളെ മനസ്സിലാകാതെ സീറ്റ് മാറാൻ ആവശ്യപ്പെട്ട മന്ത്രിസംഘത്തിന് എം.ബി.എസ്. വഴങ്ങിയില്ല. അനാരോഗ്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. പിന്നാലെ പോലീസ് സംഘം തീവണ്ടിയിൽക്കയറി എം.ബി.എസിനെ ‘പിടികൂടി’ പുറത്തിറക്കി. നേരേ സ്റ്റേഷനിലേക്ക്.

പിന്നാലെ ഒ.എൻ.വി.ക്ക് ഫോണിൽ വിവരം ലഭിച്ചു. മുഖ്യമന്ത്രി പി.കെ.വി.യും അന്നത്തെ ഡിജിപിയായിരുന്ന എം.കെ.ജോസഫും ഇടപെട്ടു. അടുത്ത വണ്ടിക്ക് എം.ബി.എസ്. തിരുവനന്തപുരത്തെത്തി. അവർ നേരേ പോയത് പി.കെ.വി.യുടെ വസതിയിലേക്കായിരുന്നു. സംഭവിച്ചതിൽ പി.കെ.വി. ക്ഷമ പറഞ്ഞു. ഡിജിപിയായിരുന്ന എം.കെ. ജോസഫ് തന്റെ സേനയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ മാപ്പുപറയുകയും ചെയ്തു.

അവിടെനിന്ന് നേരേ വഴുതക്കാട് മുനിസിപ്പൽ ഗസ്റ്റ് ഹൗസിലേക്കാണ് അവർ പോയത്. അവിടെ പിറന്നത് ‘‘നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ, ശരദിന്ദു മലർദീപനാളം നീട്ടീ’’ തുടങ്ങിയ മലയാളം മറക്കാത്ത ഗാനങ്ങളായിരുന്നു.

എം.ബി.എസിന് ജന്മശതാബ്ദി

വരികളുടെ ആത്മാവിൽ സംഗീതംകൊണ്ടുതൊട്ട് അവിസ്മരണീയ ഗാനങ്ങളൊരുക്കിയ എം.ബി.എസ്. എന്ന എം.ബി. ശ്രീനിവാസന് സെപ്റ്റംബർ 19-ന് നൂറാം ജന്മവാർഷികം. പാട്ടുകൾ ബാക്കിവെച്ച് മടങ്ങിയിട്ട് മൂന്നരപ്പതിറ്റാണ്ട് കഴിഞ്ഞെങ്കിലും മലയാളത്തിൽ ‘അന്തരീക്ഷ ഗാനമായ്’ എം.ബി.എസ്. തുടരുന്നു. യേശുദാസിനെ ആദ്യമായി പിന്നണിഗാന രംഗത്ത് അവതരിപ്പിച്ച സംഗീത സംവിധായകൻ എന്നതുമുതൽ ഗരിമകൾ നിറഞ്ഞതാണ് എം.ബി.എസിന്റെ സംഗീത ജീവിതം. ആന്ധ്രയിലെ ചിത്തൂരിൽ 1925 സെപ്റ്റംബർ 19-ന് ജനിച്ചു.

1959-ഓടെയാണ് സിനിമാസംഗീതത്തിലേക്കു പ്രവേശിച്ചത്. തുടക്കം തമിഴ് സിനിമ. പക്ഷേ, അദ്ദേഹത്തിന്റെ പ്രശസ്ത സൃഷ്ടികളെല്ലാം മലയാള സിനിമാരംഗത്താണ് പിറന്നത്. 1961-ൽ കാൽപ്പാടുകൾ എന്ന ചിത്രത്തിലെ എം.ബി.എസിന്റെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗാനമാണ് യേശുദാസിന്റെ ആദ്യ ഗാനം. ഓരോ വരിയുടെയും അർഥവും ആത്മാവും ചോദിച്ചറിഞ്ഞ് എം.ബി.എസ്. ചിട്ടപ്പെടുത്തിയ ഒട്ടുമിക്ക ഗാനങ്ങളും നിത്യഹരിതങ്ങളായി.

Content Highlights: The Maestro's Mishap: M.B. Srinivasan and an Unforgettable Incident successful Kerala

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article