'അന്ന് ഐശ്വര്യ എന്റെ റൂംമേറ്റ് ആയിരുന്നു'; സൗന്ദര്യമത്സരങ്ങളുടെ ഓര്‍മ പങ്കുവെച്ച് ശ്വേത മേനോന്‍

4 months ago 4

aiswarya rai and sweta menon

ഐശ്വര്യ റായി, ശ്വേത മേനോൻ | Photo- AP, Mathrubhumi archives

സുസ്മിത സെന്നും ഐശ്വര്യ റായിയും മിസ് യൂണിവേഴ്‌സ്, മിസ് വേള്‍ഡ് കിരീടങ്ങള്‍ ചൂടിയ കാലഘട്ടത്തില്‍ അവര്‍ക്കൊപ്പം മത്സരങ്ങളില്‍ പങ്കെടുത്തതിന്റെ അനുഭവം വിവരിച്ച് 'അമ്മ'യുടെ ആദ്യ വനിതാ പ്രസിഡന്റ്‌ ശ്വേത മേനോന്‍. ഇന്ത്യ ടുഡേ കോണ്‍ക്ലേവ് സൗത്ത് 2025-ലാണ് അവര്‍ ഓര്‍മ്മകള്‍ പങ്കുവെച്ചത്. 'ഞാന്‍ ഐശ്വര്യ റായിയുടെ റൂംമേറ്റായിരുന്നു, സുസ്മിത സെന്‍ ആ വര്‍ഷം കിരീടംചൂടി.' ഫ്രാന്‍സെസ്‌ക ഹാര്‍ട്ട് ആയിരുന്നു മൂന്നാം റണ്ണറപ്പ് -അവര്‍ പറഞ്ഞു. മിസ് ഇന്ത്യ ഏഷ്യ പസഫിക്കില്‍ താനും പങ്കെടുത്തുവെന്നും മൂന്നാം റണ്ണറപ്പായെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.

'മിസ് ഇന്ത്യ ഏഷ്യ പസഫിക്കില്‍ ഞാനും പങ്കെടുത്തിരുന്നു, ഒരു പിന്തുണയുമില്ലാതെ മൂന്നാം റണ്ണറപ്പാകാന്‍ കഴിഞ്ഞു. ഞങ്ങള്‍ക്കുണ്ടായിരുന്ന ആവേശം എനിക്കിപ്പോള്‍ എല്ലാവരിലും എന്റെ മകളിലും കാണാന്‍ കഴിയും. ഇന്ന് എല്ലാവരും മോഡലുകള്‍ ആണെന്നാണ് ഞാന്‍ കരുതുന്നത്' - അവര്‍ പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ ഒരു പഴയ അഭിമുഖത്തില്‍ താന്‍ മിസ് ഇന്ത്യ മത്സരത്തില്‍ ഒന്നാം റണ്ണറപ്പായിരുന്നുവെന്ന് ശ്വേതാ മേനോന്‍ പറഞ്ഞിരുന്നു. മത്സരവേദിയില്‍ എത്തിയതെങ്ങനെ എന്ന് അവര്‍ വിവരിച്ചിരുന്നു.

'ഒരു ദിവസം ഞാന്‍ സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍, മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാന്‍ കോയമ്പത്തൂരില്‍ നിന്ന് ഒരു കത്ത് വന്നിട്ടുണ്ടെന്ന് അച്ഛന്‍ അറിയിച്ചു. അദ്ദേഹത്തോട് ആലോചിക്കാതെ ഞാന്‍ അപേക്ഷ അയച്ചതില്‍ അദ്ദേഹത്തിന് അത്ര സന്തോഷമുണ്ടായിരുന്നില്ലെങ്കിലും പങ്കെടുക്കാന്‍ അദ്ദേഹം അനുവാദം നല്‍കുകയും എന്നോടൊപ്പം കോയമ്പത്തൂരിലേക്ക് വരികയും ചെയ്തു. മത്സരത്തില്‍ ഞാന്‍ ഫസ്റ്റ് റണ്ണറപ്പായി. എന്റെ ഫോട്ടോകള്‍ കേരളത്തിലെ പത്രങ്ങളില്‍ വന്നു. ഫസ്റ്റ് റണ്ണറപ്പ് എന്ന നിലയില്‍, ഫൈനലില്‍ പങ്കെടുക്കാന്‍ എനിക്ക് യോഗ്യതയുണ്ടായിരുന്നെങ്കിലും, 18 വയസ്സിന് താഴെയായിരുന്നതിനാല്‍ എന്നെ അനുവദിച്ചില്ല.' -ശ്വേത വെളിപ്പെടുത്തിയിരുന്നു.

അതിനിടെ. സ്ത്രീകള്‍ക്ക് കൂടുതല്‍ പിന്തുണയും ആശയവിനിമയത്തിനുള്ള അവസരവും ലഭിക്കുന്ന ഒരു തൊഴില്‍ സാഹചര്യം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം ഇന്ത്യാ ടുഡേ കൗോണ്‍ക്ലേവില്‍ സംസാരിക്കവെ ശ്വേത എടുത്തുപറഞ്ഞു. അവസരങ്ങള്‍ നഷ്ടപ്പെടുമോ എന്ന ഭയം കാരണം പല സ്ത്രീകളും ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കാന്‍ മടിക്കുകയാണ്.

ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഞാന്‍ നാല് സിനിമകളില്‍ അഭിനയിച്ചു. അതിരാവിലെയുള്ള ഷൂട്ടിംഗ് എനിക്ക് ബുദ്ധിമുട്ടാണെന്ന് ഞാന്‍ സംവിധായകരോട് പറഞ്ഞു. അവര്‍ അത് മനസിലാക്കി. അതൊരു വലിയ ആശ്വാസമായിരുന്നു. സംഭാഷണത്തിലൂടെ മിക്ക പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയും. എന്നാല്‍ ആളുകള്‍ പലപ്പോഴും അത് ഒഴിവാക്കുന്നു. അമ്മയുടെ ആദ്യ വനിതാ പ്രസിഡന്റായിരുന്നപ്പോള്‍ഴും സ്ത്രീകളോട് അവരുടെ പ്രശ്‌നങ്ങള്‍ പങ്കുവെക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരും അത് ചെയ്തില്ല. പിന്തുണയുടെ അഭാവവും ജോലി നഷ്ടപ്പെടുമോ എന്ന ഭയവും പല സ്ത്രീകളെയും നിശ്ശബ്ദമായി തങ്ങളുടെ പോരാട്ടങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതരാക്കുന്നു. അവരെ കുറ്റപ്പെടുത്തുന്നില്ല. എല്ലാവര്‍ക്കും അവരുടെ കരിയറിനെക്കുറിച്ച് ആശങ്കയുണ്ട്. എന്നാല്‍ പതുക്കെ ഞങ്ങള്‍ ഈ വിഷയങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുമെന്നും ശ്വേത ഉറപ്പുനല്‍കി.

മമ്മൂട്ടി നായകനായി 1991-ല്‍ പുറത്തിറങ്ങിയ 'അനശ്വരം' എന്ന ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്. 1997-ല്‍ സുനില്‍ ഷെട്ടിയും ശില്‍പ ഷെട്ടിയും അഭിനയിച്ച 'പൃഥ്വി' എന്ന ചിത്രത്തിലൂടെ അവര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. 2000-കളുടെ തുടക്കത്തില്‍ 'അശോക', '88 ആന്റോപ് ഹില്‍', 'ഹംഗാമ', 'കോര്‍പ്പറേറ്റ്' എന്നിവയുള്‍പ്പെടെ നിരവധി ഹിന്ദി സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്.

Content Highlights: Shwetha Menon shares her travel from Miss India contestant and roommate of Aishwarya Rai

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article