അന്ന് ഞാൻ മരിക്കേണ്ടതായിരുന്നു, ആത്മാർത്ഥത കൂടിപ്പോയി; ഒന്നും അറിയാത്ത പ്രായത്തിൽ സംഭവിച്ച അപക്വത; മഞ്ജു വാര്യർ പറയുന്നു

3 months ago 3

Authored by: അശ്വിനി പി|Samayam Malayalam9 Oct 2025, 2:23 pm

രണ്ടായി ജീവിക്കാൻ വിധിക്കപ്പെട്ടവരാണ് അഭിനേതാക്കൾ, ഒരു കൂടുവിട്ട് കൂടുമാറ്റം പോലെ. പക്ഷേ അഭിനയിച്ചു കഴിഞ്ഞ് സ്വന്തം ശരീരത്തിലേക്ക് തിരിച്ചെത്താൻ സാധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം എന്നതാണ് മഞ്ജു വാര്യർ തന്റെ അനുഭവം കൊണ്ട് പറയുന്നത്

Manju Warrier Blogമഞ്ജു വാര്യർ
മഞ്ജു വാര്യരുടെ അഭിനയത്തെ കുറിച്ച് ഇനിയും വർണിക്കാൻ വാക്കുകളില്ല. ഇടവേള എടുത്ത് മാറി നിന്ന കാലത്ത്, മഞ്ജു തിരിച്ചു വന്ന് അഭിനയിക്കുന്ന കാലത്ത് എന്നെ വിളിക്കണം, എനിക്കത് നേരിട്ട് ഒരിക്കൽ കൂടെ കാണണം എന്ന് മഹാ നടൻ തിലകൻ പറഞ്ഞിരുന്നു. അത്യും അത്ഭുതമാണ് മഞ്ജു കഥാപാത്രമായി മാറുന്നത് കാണാൻ. പക്ഷേ അതെത്രത്തോളം മാന്ത്രികമായ ഒന്നാണ് എന്ന് മഞ്ജു വാര്യർ പറയുന്നു.

രണ്ടായി ജീവിക്കാൻ വിധിക്കപ്പെട്ടവരാണ് അഭിനേതാക്കൾ, ഒരു ദിവസത്തിന്റെ പകുതിയോ അതിൽ അധികമോ മറ്റൊരാളായിട്ടാണ് അവർ ജീവിക്കുന്നത്. താനല്ലാതായി തീരുക എന്നതാണ് അവർ അനുഷ്ഠിക്കേണ്ട ധർമം. മറ്റൊരാളാവുന്നതിലൂടെ സ്വയം അടയാളപ്പെടുത്താൻ ശ്രമിയ്ക്കുന്നു. ഒരു തരം കൂടുവിട്ട് കൂടുമാറ്റം. പക്ഷേ അഭിനയത്തിന് ശേഷം സ്വന്തം ശരീരമെന്ന കൂട്ടിലേക്ക് മടങ്ങിയെത്താൻ കഴിയാതെ വന്നാൽ എന്തു സംഭവിക്കും. അതാണ് തനിക്ക് സല്ലാപം എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് സീൻ ചിത്രീകരിക്കുമ്പോൾ സംഭവിച്ചത് എന്ന് മഞ്ജു വാര്യർ പറയുന്നു.

Also Read: എന്നെ വീട്ടിൽ നിർത്തിയത് ദിലീപേട്ടനല്ല; വിമർശിക്കുന്നവർക്ക് ചിരിച്ചുകൊണ്ട് മറുപടി നൽകി കാവ്യ മാധവൻ, ഇത് ദിലീപേട്ടൻ വരേണ്ട ചടങ്ങായിരുന്നു!

പപ്പപ്പയ്ക്ക് വേണ്ടി എഴുതിയ ബ്ലോഗിലാണ് മഞ്ജു വാര്യർ സല്ലാപം ക്ലൈമാക്സിൽ സംഭവിക്കുമായിരുന്ന ആ ദുരന്തത്തെ കുറിച്ച് പറഞ്ഞത്. ക്ലൈമാക്സിൽ മഞ്ജു അവതരിപ്പിച്ച രാധ എന്ന കഥാപാത്രം ആത്മഹത്യ ചെയ്യാനായി ട്രാക്കിലേക്ക് ഓടുന്നതായിരുന്നു സീൻ. മഞ്ജു സ്വയം മറന്ന് ട്രാക്കിലേക്ക് ഓടിയതിനെ കുറിച്ചും, അവിടെ നിന്ന് മനോജ് കെ ജയൻ വലിച്ചിട്ട് തല്ലിയതിനെ കുറിച്ചും നേരത്തെ പല ടിവി ഷോകളിലായി മഞ്ജുവും മനോജ് കെ ജയനും സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആ ബ്ലോഗിലും മഞ്ജു അതിനെ കുറിച്ച് വിശദീകരിക്കുന്നു.

ലോഹിതദാസൻ സർ എനിക്ക് തന്ന ഏറ്റവും ആഴമുള്ള കഥാപാത്രമായിരുന്നു രാധ, നായികയായി അഭിനയിച്ച ആദ്യത്തെ ചിത്രം. സംവിധായകനുണ്ടെങ്കിലും അഭിനേതാക്കൾക്ക് സീൻ വിശദീകരിച്ചു തരുന്ന ജോലി ലോഹി സർ ആണ് ചെയ്തിരുന്നത്. രാധയെ കുറിച്ച് പറയുമ്പോൾ പേപ്പറിൽ എഴുതിയത് മാത്രമല്ല, ചെറുപ്പം മുതലേ അവൾ എങ്ങനെയായിരുന്നു എന്ത് ചിന്തിയ്ക്കുന്നു എന്നൊക്കെയുള്ള കാര്യങ്ങളും ലോഹി സർ പറഞ്ഞു തരും. പറഞ്ഞ് പറഞ്ഞ് നമ്മളെ ആ കഥാപാത്രത്തിന്റെ മനോനിലയിലേക്ക് എത്തിക്കും. അങ്ങനെ ഞാനും രാധയിലേക്ക് പരകായപ്രവേശനം നടത്തിയിരുന്നു.

ആത്മഹത്യയ്ക്ക് മുന്നിലാണ് രാധ, അവളുടെ മുന്നിൽ അതല്ലാതെ മറ്റ് വഴിയില്ല. അപമാനത്തിൽ നിന്ന് കുതറി അവൾ പാടവരമ്പിലൂടെ ഓടുകയാണ്. അപമാനത്തിനും ആത്മഹത്യയ്ക്കും ഇടയിലെ ആർത്തനാദം പോലെ പായുന്ന രാധയുടെ ജീവിതം പറഞ്ഞു തരുമ്പോൾ കേട്ടു നിന്നത് ഞാനായിരുന്നില്ല, എന്റെയുള്ളിലെ രാധയായിരുന്നു എന്നതിന്റെ തെളിവാണ് പിന്നീട് സംഭവിച്ചത്. തീവണ്ടിയ്ക്ക് മുന്നിലേക്ക് ഞാൻ എടുത്ത് ചാടാൻ ശ്രമിക്കുമ്പോൾ രാധേ എന്ന് വിളിച്ച് തടയാൻ ശ്രമിക്കുമ്പോഴും മനോജേട്ടൻ (മനോജ് കെ ജയൻ) ദിവാകരനായിരുന്നു. പക്ഷെ തന്റെ മുന്നിലൊരു വൻ ദുരന്തം നടക്കാൻ പോകുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷം മനോജേട്ടൻ ദിവാകരനിൽ നിന്ന് മാറി, പിന്നെ മഞ്ജു എന്ന് വിളിക്കാൻ തുടങ്ങി. എന്നിട്ടും ഞാൻ അടങ്ങിയില്ല

ജോലി റെഡി; 10 പ്രധാന തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചു


ആ അവസ്ഥയിൽ എന്റെ കരണത്തടിച്ചപ്പോൾ ഉണ്ടായ ഒച്ചപോലും ഞാൻ കേട്ടില്ല. എന്റെ നീളമുള്ള മുടി തീവണ്ടിയുടെ ഡോറിനടുത്ത് കൈ പിടിയ്ക്കുന്നതിൽ കുടുങ്ങിയിരുന്നു എന്നല്ലാതെ ഒന്നും സംഭവിച്ചില്ല. അഭിനേതാവ് എന്ന നിലയിലുള്ള ആത്മാർത്ഥതയാണ് ഒന്നുമറിയാത്ത പ്രായത്തിൽ ഞാൻ കാണിച്ചത്. ഇന്നാലോചിക്കുമ്പോൾ എന്ത് അപക്വമായിട്ടാണ് ഞാൻ അഭിനയിച്ചത് അല്ലെങ്കിൽ പെരുമാറിയത്.

തീവണ്ടി പാഞ്ഞുപോകുമ്പോൾ അതിന് ചുറ്റുമുള്ള വായുവിൽ മർദവ്യതിയാനം ഉണ്ടാവും, അത് ഫിസിക്സ് ആണ്. ഫിസിക്സ് പഠിച്ചിട്ടുള്ള, അഭിനേതാവായ ഞാൻ അത് മനസ്സിലാക്കേണ്ടതായിരുന്നു. ഞാനായി നിന്നുകൊണ്ട് രാധയാവാൻ കഴിയാതെ പോയി, എന്റെ മനസ്സ് കൈവിട്ടു. അന്ന് ജീവിതത്തിലേക്ക് വലിച്ചിട്ടത് മനോജേട്ടനാണ്- മഞ്ജു വാര്യർ എഴുതി.

അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article