അന്ന് നീലിയെ മോചിപ്പിച്ചു,ഇന്ന് നിർദേശങ്ങൾ കൈമാറുന്നു; 'ലോക'യിലെ 'ഇന്ദ്രിയം' റഫറൻസ് കണ്ടെത്തി ആരാധകർ

4 months ago 5

lokah indriyam nishanth sagar

'ഇന്ദ്രിയ'ത്തിലെ രംഗം, നിഷാന്ത് സാഗർ 'ലോക'യിൽ | Photo: Screen grab/ YouTube: mollywood movies, Instagram/ Nishanth Sagar

'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'യില്‍ നിഷാന്ത് സാഗറിന്റെ കഥാപാത്രത്തില്‍ 'ഇന്ദ്രിയം' റഫറന്‍സ് കണ്ടെത്തി സോഷ്യല്‍മീഡിയ. വാണി വിശ്വനാഥ് നായികയായി 25 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ചിത്രത്തില്‍ നിഷാന്ത് സാഗറിന്റെ കഥാപാത്രത്തെ 'ലോക'യുമായി ബന്ധപ്പെടുത്തിയാണ് ആരാധകര്‍ വായിക്കുന്നത്. ഇരുചിത്രങ്ങളും തമ്മിലെ രണ്ട് കൗതുകങ്ങളാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

'ഇന്ദ്രിയ'ത്തില്‍ മരത്തില്‍ ആണിയടിച്ചു തളച്ച നീലി എന്ന യക്ഷിയെ മോചിപ്പിച്ചത് നിഷാന്ത് സാഗര്‍ അവതരിപ്പിച്ച കഥാപാത്രമാണ്. ചിത്രത്തില്‍ നിഷാന്തിന്റെ കഥാപാത്രത്തിന്റെ പേര് 'സണ്ണി' എന്നാണ്. 'ലോക'യില്‍ കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്ന കഥാപാത്രം കള്ളിയങ്കാട്ട് നീലി തന്നെയാണ്. 'ഇന്ദ്രിയ'ത്തില്‍ മോചിപ്പിച്ച സണ്ണിയായെത്തിയ നിഷാന്ത്, 'ലോക'യില്‍ നീലിക്ക് മൂത്തോന്റെ നിര്‍ദേശങ്ങള്‍ കൈമാറുന്ന പ്രകാശ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നീലിയെ 'തളച്ചതോ'ടെ കത്തനാര്‍ക്ക് നിയന്ത്രണം ലഭിക്കുകയാണ് ചെയ്തതെന്ന് സൂചിപ്പിക്കുന്ന ഡയലോഗും 'ലോക'യിലുണ്ട്.

കഥാപാത്ര നിര്‍മിതിയിലെ കൗതുകത്തിന് പുറമേ പേരിലും ചില യാദൃച്ഛികതയുണ്ട്. 'ലോക'യില്‍ നസ്ലിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് സണ്ണിയെന്നാണ്. 1905-ല്‍ തന്റെ ബോയ്ഫ്രണ്ട് ആയിരുന്ന ഒരു ബ്രിട്ടീഷ് ഓഫീസര്‍ക്ക് സണ്ണിയുടെ രൂപമായിരുന്നുവെന്ന് ചന്ദ്ര ചിത്രത്തില്‍ പറയുന്നുമുണ്ട്.

ജോര്‍ജ് കിത്തു സംവിധാനംചെയ്ത ചിത്രമാണ് 'ഇന്ദ്രിയം'. വാണി വിശ്വനാഥ്, വിക്രം, ബോബന്‍ ആലുമ്മൂടന്‍, ലെന എന്നിവരാണ് നിഷാന്തിനെക്കൂടാതെ ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്. നീലി എന്ന യക്ഷിയുടെ പ്രതികാരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

'ലോക'യില്‍ മൂത്തോന്‍ എന്ന കഥാപാത്രത്തെ സഹായിക്കുന്ന പ്രകാശ് എന്ന കഥാപാത്രത്തെയാണ് നിഷാന്ത് സാഗര്‍ അവതരിപ്പിക്കുന്നത്. മൂത്തോന്റെ നിര്‍ദേശപ്രകാരമാണ് പ്രകാശ് ചന്ദ്രയെ ബെംഗളൂരുവിലേക്ക് എത്തിക്കുന്നത്. ചിത്രത്തില്‍ പ്രത്യക്ഷത്തില്‍ അവതരിപ്പിക്കുന്നില്ലെങ്കിലും മൂത്തോന്‍ മമ്മൂട്ടിയാണെന്നാണ് കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ച പോസ്റ്റിലെ സൂചന.

Content Highlights: Social media discovers a transportation betwixt Nishanth Sagar`s quality successful `Indriyam` and `Lokah`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article