
ജോങ്കിയും സുബീൻ ഗാർഗും | ഫോട്ടോ: X
പ്രശസ്ത ബോളിവുഡ് ഗായകനും അസമീസ് കലാകാരനുമായ സുബീൻ ഗാർഗിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകർ. സിങ്കപ്പൂരിൽ വെച്ച് സ്കൂബ ഡൈവിങ്ങിനിടെയായിരുന്നു മരണം. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം സിങ്കപ്പൂരിലെത്തിയത്. സുബീൻ ഗാർഗിന്റെ മരണത്തിന് പിന്നാലെ വർഷങ്ങൾക്കുമുൻപ് അദ്ദേഹത്തിന്റെ സഹോദരി ജോങ്കി ബോർഠാക്കൂർ മരിച്ചതും ഒരു ദാരുണമായ അപകടത്തിലായിരുന്നെന്ന വസ്തുത വീണ്ടും ചർച്ചയാവുകയാണ്.
2002-ൽ മരിക്കുന്ന സമയത്ത് 18 വയസ് മാത്രമായിരുന്നു ജോങ്കിയുടെ പ്രായം. വളർന്നുവരുന്ന നടിയും ഗായികയുമായിരുന്നു അവർ. സഹോദരിയുടെ മരണം സുബീൻ ഗാർഗിനെ തകർക്കുകയും അദ്ദേഹത്തിൻ്റെ സംഗീതത്തെയും വ്യക്തിജീവിതത്തെയും സ്വാധീനിക്കുകയും ചെയ്തു. കലാകുടുംബത്തിൽ ജനിച്ച ജോങ്കിയും സുബീനും, നർത്തകിയും ഗായികയുമായിരുന്ന തങ്ങളുടെ അമ്മ ഇലി ബോർഠാക്കൂറിൻ്റെ പാത പിന്തുടരുകയായിരുന്നു. സുബീൻ ബോർഠാക്കൂർ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. സംഗീതസംവിധായകൻ സുബിൻ മേത്തയുടെ പേരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുടുംബം അദ്ദേഹത്തിന് ഈ പേരിട്ടത്. എന്നാൽ പിന്നീട് തൻ്റെ ഗോത്രത്തിന്റെ പേരായ 'ഗാർഗ്' എന്നത് സ്വന്തം പേരിനൊപ്പം ചേർക്കുകയായിരുന്നു സുബീൻ.
ചെറുപ്രായത്തിൽ തന്നെ ജോങ്കി അസമിലെ സാംസ്കാരിക രംഗത്ത് ഒരു നടിയും ഗായികയുമെന്ന നിലയിൽ തൻ്റേതായ ഇടം കണ്ടെത്തിയിരുന്നു. സഹോദരൻ സുബീനുമൊത്ത് അവർ പൊതുവേദികളിലും സാന്നിധ്യമറിയിച്ചു. ജോങ്കി നിരവധി ആസാമീസ് ടിവി ഷോകളിലും അഭിനയിച്ചു. 'തുമി മോർ മട്ടു മോർ' എന്ന ചിത്രത്തിലഭിനയിച്ച്, അത് ഹിറ്റായതിനുപിന്നാലെയാണ് ജോങ്കിയുടെ അവിചാരിത വിയോഗം. സ്വന്തം സിനിമാ കരിയർ ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളു അവരപ്പോൾ.
2002 ജനുവരി 12-ന്, അസമിലെ സോനിത്പൂർ ജില്ലയിലെ തേജ്പൂരിനടുത്ത്, ഒരു സ്റ്റേജ് ഷോയ്ക്ക് പോകുന്ന വഴിയിലായിരുന്നു ആ ദുരന്തം. ജോങ്കി സഞ്ചരിച്ചിരുന്ന കാർ ഒരു ട്രക്കുമായി കൂട്ടിയിടിച്ച് ജോങ്കിയും സുബീൻ്റെ ഒരു അടുത്ത സുഹൃത്തും തൽക്ഷണം മരിച്ചുവെന്ന് 2002-ൽ നേന ന്യൂസ് റിപ്പോർട്ട് ചെയ്തു. അന്ന് 29 വയസ്സുണ്ടായിരുന്ന സുബീൻ, ആദ്യം അതേ കാറിലായിരുന്നുവെങ്കിലും അപകടത്തിന് ഏതാനും മിനിറ്റുകൾക്ക് മുൻപ് മറ്റൊരു കാറിലേക്ക് മാറിയിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജോങ്കി മരിച്ചിരുന്നു.
അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും, അതിജീവിച്ചതിലുള്ള കുറ്റബോധവുമായി സുബീൻ മല്ലിടുകയായിരുന്നു. ഈ നഷ്ടം കുടുംബത്തിൻ്റെ ദുഃഖം ഇരട്ടിപ്പിച്ചു. സഹോദരിയുടെ മരണത്തിൽ തകർന്നടിഞ്ഞ സുബീൻ, തൻ്റെ ദുഃഖവും വേദനയും കലയിലേക്കും ലഹരിയിലേക്കും വഴിതിരിച്ചുവിട്ടു. മാസങ്ങൾക്കുശേഷം, അദ്ദേഹം തൻ്റെ സഹോദരിക്കുള്ള ഹൃദയസ്പർശിയായ സമർപ്പണമായി 'ശിശു' എന്ന ആൽബം പുറത്തിറക്കി. “അവൾ എൻ്റെ നിഴലായിരുന്നു, എൻ്റെ സഹഗായികയായിരുന്നു,” പിന്നീട് അഭിമുഖങ്ങളിൽ സുബീൻ പറഞ്ഞതിങ്ങനെ. അസമീസ് സംഗീതവുമായുള്ള തൻ്റെ ബന്ധത്തിന് കാരണം ജോങ്കിയുടെ മരണമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സഹോദരിയുടെ ജീവനെടുത്ത ദുരന്തം സുബീനെ കൂടുതൽ അന്തർമുഖനായി മാറ്റിയിരുന്നുവെന്നും വിവരമുണ്ട്. സഹോദരി മരിച്ച് 23 വർഷങ്ങൾക്കുശേഷം മറ്റൊരപകടം സുബീനെയും കവർന്നു എന്നതിന്റെ ഞെട്ടലിലാണ് സംഗീതലോകം.
Content Highlights: Zubeen Garg`s decease brings backmost memories of his sister Jonkey`s fatal car clang 23 years ago
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·