29 June 2025, 10:02 AM IST

പ്രതീകാത്മക ചിത്രം, വിനയൻ | Photo: Special Arrangement, Facebook/ Vinayan Tg
സുരേഷ് ഗോപി നായകനായ 'ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' സിനിമയുടെ പേരുമാറ്റവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന നിലവിലെ സെന്‍സര്‍ ബോര്‍ഡ് കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് വിനയന്‍ ആവശ്യപ്പെട്ടു. താന്‍ സംവിധാനംചെയ്ത് 2010-ല്‍ പുറത്തിറങ്ങിയ 'യക്ഷിയും ഞാനും' എന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച സംഭവം ഓര്‍ത്തെടുത്താണ് വിനയന്റെ പ്രതികരണം.
കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ആയിരുന്ന പ്രശസ്ത ഹിന്ദി നടിയുടെ പക്ഷപാതവും പിടിവാശിയും മൂലം ഏറെ ബുദ്ധിമുട്ടിയ വ്യക്തിയാണ് താന്‍. സെന്‍സറിനായി ഫിലം ചേംബര്‍ നിരാക്ഷേപപത്രം നിഷേധിച്ചു. ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി വാങ്ങി സെന്‍സര്‍ ബോര്‍ഡന് മുമ്പില്‍ പോയപ്പോള്‍ സിനിമാ സംഘടനകള്‍ പ്രതിഷേധവുമായെത്തി. സിനിമാക്കാര്‍ ആദ്യമായി സെന്‍സര്‍ ഓഫീസിന് മുന്നില്‍ സമരം നടത്തിയത് അന്നാണ്. അന്ന് തന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് മുദ്രാവാക്യമുയര്‍ത്തിയവരാണ് ഇന്ന് 'ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' സിനിമയ്ക്കുവേണ്ടി പ്രതിഷേധം നടത്തുന്നതെന്നും വിനയന്‍ പറഞ്ഞു. സംസ്ഥാനത്ത് ഭരണത്തിലുള്ള ഇടത് സര്‍ക്കാര്‍ ശക്തരായ എതിര്‍പക്ഷത്തോടൊപ്പം നിന്നപ്പോള്‍ അന്നത്തെ കെപിസിസി പ്രസിഡന്റാണ് തനിക്കുവേണ്ടി കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയെന്നും വിനയന്‍ ഓര്‍ത്തു.
വിനയന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
നിലവിലുള്ള സെന്‍ട്രല്‍ സെന്‍സര്‍ ബോര്‍ഡിനെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചു വിടണം.
രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിച്ചു കൊണ്ട് നിരവധി തെറ്റായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സെന്‍ട്രല്‍ സെന്‍സര്‍ ബോര്‍ഡിനെ നിലയ്കു നിര്‍ത്താന്‍ ഇനിയും തയ്യാറായില്ലങ്കില്‍ രാഷ്ട്രീയ ഭേദമെന്നിയേ രാജ്യത്തെ ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്ന് വലിയ പ്രതിഷേധം സര്‍ക്കാരിന് നേരിടേണ്ടി വരും.
'ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനമയുടെ പേരില്‍ നിന്ന് ജാനകി മാറ്റിയാലേ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തരൂ എന്ന വിഢിത്തം നിറഞ്ഞ തീരുമാനം കോടതി ചവിറ്റു കൊട്ടയിലേക്ക് എടുത്തെറിയും മുന്‍പ് ശക്തമായ ഒരു തീരുമാനം എടുക്കുന്നതാണ് ഉചിതം.
കേന്ദ്ര മന്ത്രിയും സര്‍ക്കാരും അറിഞ്ഞായിരിക്കില്ല ഈ തീരുമാനം സെന്‍ട്രല്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ എടുത്തിരിക്കുന്നതെന്നാണ് എന്റെ വിശ്വാസം.
ഞാനിങ്ങനെ പറയാന്‍ കാരണം 2010ല്‍ എന്റെ സിനിമയുടെ സെന്‍സറുമായി ബന്ധപ്പെട്ട് ഉണ്ടായ അനുഭവം വച്ചാണ്. അന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ ചെയര്‍ പേഴ്‌സണ്‍ ആയിരുന്ന പ്രശസ്ത ഹിന്ദി നടിയുടെ പക്ഷപാതവും പിടിവാശിയും മൂലം ഏറെ ബുദ്ധിമുട്ടിയ വ്യക്തിയാണ് ഞാന്‍.
2010ല്‍ വിനയനെക്കൊണ്ട് ഇനി സിനിമയേ ചെയ്യിക്കില്ല എന്നു പറഞ്ഞ് മലയാള സിനിമയിലെ പ്രമാണിമാര്‍ ചേര്‍ന്ന് എനിക്കു വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന സമയത്ത് അവരെ ധിക്കരിച്ചുകെണ്ട് പുതിയ നടീനടന്‍മാരെയും ടെക്കനീഷ്യന്‍മാരെയും പങ്കെടുപ്പിച്ച് 'യക്ഷിയും ഞാനും' എന്ന സിനിമ ഞാന്‍ ചെയ്തു. അതൊരു വലിയ വെല്ലുവിളി ആയിരുന്നു.
ആ സിനിമ പൂര്‍ത്തീകരിച്ച ശേഷം സെന്‍സര്‍ ചെയ്യുവാനായി അന്നത്തെ തിരുവനന്തപുരം റീജണല്‍ സെന്‍സര്‍ ഓഫീസര്‍ ശ്രീ ചന്ദ്രകുമാര്‍ എനിക്കു ഡേറ്റും തന്നു. സെന്‍സറിനായി കേരള ഫിലിം ചേമ്പറിന്റെ NOC തരില്ല എന്നതായിരുന്നു ആദ്യത്തെ പ്രശ്‌നം. ഞാന്‍ കേരളാ ഹൈക്കോടതിയില്‍ പോയി കേസ് ഫയല്‍ ചെയ്തു. ജസ്റ്റീസ് ഡൊമനിക്ക് ഫിലിം ചേമ്പര്‍ ഭാരവാഹികളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് വിധി പറഞ്ഞു.. ഒരു സിനിമാ സംഘടനയുടെയും NOC യോ സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ ഏതു വ്യക്തിക്കും അയാളെടുക്കുന്ന സിനിമ സെന്‍സര്‍ ചെയ്തു കൊടുക്കണം എന്നായിരുന്നു വിധി.
അതിന്‍ പ്രകാരം വീണ്ടും സെന്‍സറിനു ഡേറ്റു തന്നു. എന്നെക്കൊണ്ട് സിനിമ ചെയ്യിക്കല്ലന്നു വാശിപിടിച്ച എന്റെ സിനിമാ സുഹൃത്തുക്കള്‍ വിട്ടുകൊടുക്കുമോ?. അവര്‍ തിരുവനന്തപുരത്ത് സെന്‍സര്‍ ആഫീസിന്റെ മുന്നില്‍ കുത്തിയിരുന്നു സമരം ചെയ്തു. ആദ്യമായി സെന്‍സര്‍ ആഫീസിനു മുന്നില്‍ സിനിമാക്കാര്‍ സമരം നടത്തിയത് അന്നാണ് 2010 ജൂലൈയില്‍. അവര്‍ മൈക്കു കെട്ടി എനിക്കെതിരെയും സെന്‍സര്‍ ആഫീസര്‍ ചന്ദ്രകുമാറിനെതിരെയും മുദ്രാവാക്യം വിളിച്ചു.
ഈ ജൂണ്‍ മുപ്പതിനു സെന്‍സര്‍ ആഫീസിനു മുന്നില്‍ ''ജാനകി'' വിഷയത്തിലെ സമരത്തിനു നേതൃത്വം നല്‍കുന്ന സിനിമാ സംഘടനാ നേതാവു തന്നെ ആയിരുന്നു 2010 ലെ സമരത്തിനും മുന്നില്‍ നിന്നത്. അന്ന് സെന്‍സര്‍ ചെയ്തു കൊടുക്കരുത് എന്നായിരുന്നു മുദ്രാവാക്യമെങ്കില്‍ ഇന്ന് സെന്‍സര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് കൊടുക്കണം എന്ന വ്യത്യാസമേയുള്ള.
അന്നാ സമരത്തില്‍ അമ്മയിലെ നടീനടന്‍മാരോ സിനിമാ തൊഴിലാളികളോ ആരും പങ്കെടുത്തില്ല. പക്ഷേ നിര്‍മ്മാണ രംഗത്തേം സംവിധാന രംഗത്തേം പ്രഗത്ഭരുടെ വന്‍ നിരതന്നെ ഉണ്ടായിരുന്നു.
സെന്‍സര്‍ ആഫീസിനു മുന്നില്‍ അവര്‍ സമരം ചെയ്യുന്നതിനിടയില്‍ റീജിയണല്‍ സെന്‍സര്‍ ആഫീസര്‍ എന്നെ ഫോണില്‍ വിളിച്ചു. യക്ഷിയും ഞാനും തല്‍ക്കാലം സെന്‍സര്‍ ചെയ്തു കൊടുക്കണ്ട എന്ന ചെയര്‍ പേഴ്‌സണ്‍ന്റെ ഫാക്‌സ് അദ്ദേഹം വായിച്ചു കേള്‍പ്പിച്ചു.
ഞാനാകെ തളര്‍ന്നു പോയി.
പ്രശസ്ത ഹിന്ദി നടി കൂടിയായ ചെയര്‍പേഴ്‌സണെ സ്വാധീനിക്കാന്‍ കഴിവുള്ള മലയാളത്തിലെ ഒരു സംവിധായകനും അമിതാബ് ബച്ചനേക്കൊണ്ടു പോലും വിളിച്ചു പറയിക്കാന്‍ തക്ക ബന്ധമുള്ള നമ്മുടെ താരപ്രമുഖരും ഒന്നിച്ചു ശ്രമിച്ചതോടെ എന്റെ കാര്യം ഒരു തീരുമാനമായി.
യക്ഷിയും ഞാനും സെന്‍സര്‍ ചെയ്യില്ല.
തീയറ്ററില്‍ വരില്ല.
ഞാന്‍ പക്ഷേ പിന്തിരിഞ്ഞോടാനോ കാലുപിടിക്കാനോ തയ്യാറായില്ല.
അന്ന് കേന്ദ്രത്തില്‍ UPA സര്‍ക്കാരാണ് ഭരിക്കുന്നത്.
കേരളത്തിലെ KPCC പ്രസിഡന്റ് മുഖാന്തിരം ഞാന്‍ കേന്ദ്ര മിനിസ്റ്ററിയുമായി ബന്ധപ്പെട്ടു. സിനിമാ രംഗത്തെ എന്റെ നിലപാടുകളും, അതുമൂലം വന്‍ സ്വാധീന ശക്തികളോടു ഫൈറ്റ് ചെയ്യേണ്ടി വന്നതും ഒക്കെ വിശദമായി കോണ്‍ഗ്രസ്സ് നേതവ് ഡല്‍ഹിയില്‍ ധരിപ്പിച്ചു. വിനയന്‍ ഒരു ഇടതു പക്ഷ സഹയാത്രികനായ കലാകാരനാണന്ന് പറഞ്ഞു കൊണ്ടു തന്നെയാണ് അദ്ദേഹം എന്നെ പരിചയപ്പെടുത്തിയത്.
അന്നു കേരളം ഭരിച്ചിരുന്ന ഇടതു പക്ഷ സര്‍ക്കാരും മന്ത്രിയും എന്നെ സഹായിച്ചില്ല ,അവര്‍ ശക്തിയുള്ള എതിര്‍ പക്ഷത്തോടൊപ്പമായിരുന്നു എന്നത് ചരിത്ര സത്യം.
എന്റെ ഭാഗത്തെ ന്യായം മനസ്സിലാക്കിയ നിഷ്പക്ഷനായ അന്നത്തെ കേന്ദ്ര മന്ത്രി വിഷയത്തില്‍ ഇടപെട്ടു.
എന്നാല്‍ മലയാള സിനിമയിലെ ഉന്നതരായ വിശിഷ്ട വ്യക്തിത്വങ്ങള്‍ എല്ലാം ഈ സംവിധായകന് എതിരാണ് അതിനാല്‍ ആ സിനിമയ്കുവേണ്ടി എന്തിനാണ് സമയം കളയുന്നത് എന്നാണ് ബഹുമാന്യ ആയ ചെയര്‍പേഴ്‌സണ്‍ അന്നു ചോദിച്ചത്.
നിങ്ങള്‍ക്ക് ആരെയെങ്കിലും തൃപ്തിപ്പെടുത്താന്‍ വേണ്ടിയിട്ടോ? അവരുടെ ഈഗോ നടപ്പാക്കാന്‍ വേണ്ടിയിട്ടോ അല്ല ആ സ്ഥാനത്തിരിക്കേണ്ടത്. സത്യം മനസ്സിലാക്കി പ്രവര്‍ത്തിക്കണം.
എന്ന ശക്തമായ നിലപാട് UPA സര്‍ക്കാര്‍ എടുത്തതുകൊണ്ട് മാത്രമാണ് അന്ന് എന്റെ സിനിമ സെന്‍സര്‍ ചെയ്ത് തീയറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞത്.
മലയാള സിനിമയിലെ പ്രമാണിമാരും മാടമ്പിമാരും മുട്ടുകുത്തിപ്പോയ 2010 ജൂലൈയിലെ ആ സെന്‍സര്‍ബോര്‍ഡ് ഉപരോധിക്കല്‍ നാടകം അങ്ങനെ പൊളിഞ്ഞു യക്ഷിയും ഞാനും സെന്‍സര്‍ ചെയ്തു ആഗസ്റ്റില്‍ ഓണം റിലീസായി തീയറ്ററുകളില്‍ വരികയും ചെയ്തു. ആ വിഷയം സാന്ദര്‍ഭികമായി ഇവിടെ ഓര്‍ത്തു പോയതാണ്.
സെന്‍സര്‍ ബോര്‍ഡിനു മുന്നില്‍ സമരം എന്നു കേള്‍ക്കുമ്പോള്‍ ഞാന്‍ ആദ്യം ഓര്‍ക്കുക എന്റെ സിനിമയ്‌കെതിരെ നടന്ന സമരം ആയിരിക്കുമല്ലോ?
മാത്രമല്ല ഇങ്ങനെ ഒക്കെയും ഇവിടെ നടന്നിരുന്നു എന്ന കാര്യം സിനിമയിലെ പുതിയ തലമുറയും അറിഞ്ഞിരിക്കണമല്ലോ?
ഇന്നത്തെ ഈ 'ജാനകി' വിഷയത്തിലും സെന്‍ട്രല്‍ ഗവണ്‍മെന്റ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനെ തിരുത്തേണ്ടതാണ്, നടപടി എടുക്കേണ്ടതാണ്.
ഇക്കാര്യത്തില്‍ ശ്രീ സുരേഷ് ഗോപി ശക്തമായി ഇടപെടണം.
രജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന വിദൂഷകന്‍മാരെ നിലയ്കു നിര്‍ത്തുക തന്നെ വേണം.
Content Highlights: Vinayan criticizes the Central Board of Film Certification for its determination connected JSK movie
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·