മുമ്പെപ്പോഴോ വെറുതേ പല കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കേ മോഹന്‍ലാല്‍ പറഞ്ഞു: 'അഭിനയം തന്നെയാണോ, എന്റെ ജോലി എന്ന് എനിക്കിപ്പൊഴും തീര്‍ച്ചയില്ല'. അതുകേട്ട് ഇത്തിരി കുസൃതി കലര്‍ത്തി ഞാന്‍ ചോദിച്ചു, 'എന്നാല്‍പ്പിന്നെ വേറെന്തെങ്കിലും ഒരു ജോലിക്ക് ശ്രമിച്ചൂടേ?'
'എനിക്കതിന് വേറൊരു ജോലിയുമറിയില്ല. പതിനെട്ടാം വയസ്സില്‍ തുടങ്ങിയതാണിത്. ഒന്ന് തിരിഞ്ഞുനോക്കാനോ ആലോചിക്കാനോ എനിക്ക് സമയം കിട്ടിയിട്ടില്ല. സ്വപ്നം കാണുകപോലും ചെയ്യാത്ത വഴികളിലൂടെ ഞാന്‍ ഒഴുകുകയായിരുന്നു. ഇക്കാലമത്രയും ജീവിച്ചതിന്റെ മുഖ്യഭാഗവും ഞാന്‍ ക്യാമറയ്ക്ക് മുന്നിലായിരുന്നു. നിങ്ങളൊക്കെ ജീവിതത്തില്‍ ചെയ്യുന്ന പല കാര്യങ്ങളും ചെയ്യാന്‍ എനിക്കറിയില്ല' -ഇതായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
ഒരിക്കല്‍ ഗോവയില്‍വെച്ച് റോഡ് മുറിച്ചുകടന്ന് ഇഡ്ഡലികഴിക്കാന്‍ പോകവേ, ദൂരെനിന്ന് വരുന്ന ബസ്സിനെക്കണ്ട് പേടിച്ച് വിറച്ചുവിറച്ച് ലാല്‍ നിന്നു. 'ആ ബസ് ഇവിടെയെത്താന്‍ ഇനിയുമേറെ സമയമെടുക്കും. നമുക്ക് ക്രോസ് ചെയ്യാം' -ഞാന്‍ പറഞ്ഞു. പക്ഷേ, മോഹന്‍ലാല്‍ സമ്മതിച്ചില്ല. ബസ് കടന്നുപോയതിനുശേഷമാണ് റോഡ് മുറിച്ചുകടന്ന് ഞങ്ങള്‍ ഇഡ്ഡലിക്കടയിലെത്തിയത്.
'എത്ര സമയമാണ് നമ്മള്‍ അവിടെ നിന്നത്' -ഞാന്‍ പറഞ്ഞു. 'നിങ്ങള്‍ റോഡില്‍ ഒരു ക്യാമറവെച്ച് ആക്ഷന്‍ പറയൂ. ഞാന്‍ വേഗം റോഡ് മുറിച്ചുകടന്ന് കാണിച്ചുതരാം' -ഒരു കുട്ടിയുടെ നിഷ്‌കളങ്കതയോടെ ലാല്‍ പറഞ്ഞു.
കഥ പറഞ്ഞ് കഥ പറഞ്ഞ് വലിയ കഥയായി മാറിയ ഒരാള്‍ എന്ന് വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് എം.ടി. എഴുതിയത് അല്‍പം മാറ്റിപ്പറയാം - അഭിനയിച്ചഭിനയിച്ച് ഇവിടെ ഒരു മനുഷ്യന്‍ അഭിനയം തന്നെയായി മാറിയിരിക്കുന്നു. ആക്ഷനും കട്ടിനുമിടയിലാണ് അയാളുടെ മുഴുവന്‍ ജീവിതവും.
മലയാളിയുടെ സങ്കല്‍പത്തിലെ സിനിമാനടനുവേണ്ട ആകാര സൗഭഗമോ സ്വരവിശേഷമോ ഒന്നുമില്ലാതെയാണ് മോഹന്‍ലാല്‍ എന്ന യുവാവ് 'മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍' എന്ന സിനിമയില്‍ അഭിനയിക്കാെനത്തിയത്. അതും സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി. നരേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ തന്റേതായ സവിശേഷതയോടെ ലാല്‍ അവതരിപ്പിച്ചു.
മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം മാതൃഭൂമി യാത്ര മാഗസിനുവേണ്ടി കൊടൈക്കനാലില്‍ താന്‍ ആദ്യത്തെ സീന്‍ അഭിനയിച്ച സ്ഥലത്ത് മോഹന്‍ലാല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിലിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. 'എന്തു തോന്നുന്നു' എന്ന് ചോദിച്ചപ്പോള്‍ ലാല്‍ കണ്ണുകള്‍ കൂടുതല്‍ വിടര്‍ത്തി. പിന്നെ കണ്ണടച്ചിട്ടു പറഞ്ഞു: 'ഞാന്‍ എങ്ങനെയിവിടെയെത്തി എന്നാലോചിക്കുമ്പോള്‍, ദൈവമേ...'
മോഹന്‍ലാല്‍ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്: 'ഞാന്‍ സ്വയം വളര്‍ന്നതല്ല. വലിയ ഒരു കാലവും പ്രതിഭകളുമാണ് എന്നെ സൃഷ്ടിച്ചത്. എഴുത്തുകാര്‍, സംവിധായകര്‍, ഛായാഗ്രാഹകര്‍, നിര്‍മാതാക്കള്‍ തുടങ്ങി എന്റെ മുഖത്തേക്ക് വെളിച്ചമടിച്ച അറിയുന്നവരും അറിയാത്തവരുമായ മനുഷ്യര്‍വരെ എത്രയോേപേര്‍. അവര്‍ക്കൊപ്പം ഞാന്‍ നിന്നുകൊടുത്തു. ഒരേ കളിമണ്ണുകൊണ്ട് പല പല ശില്‍പങ്ങള്‍ തീര്‍ക്കുന്നതുപോലെ അവരെനിക്ക് രൂപങ്ങള്‍ തന്നു.'
മോഹന്‍ലാല്‍ എന്ന നടന്റെ കരിയര്‍ഗ്രാഫ് എടുത്താല്‍ 'സെലക്ടീവായി അഭിനയിക്കുക' എന്ന വാക്ക് എത്രമാത്രം പൊള്ളയാണ് എന്ന് മനസ്സിലാവും. 1980 മുതല്‍ ആദ്യ പത്ത് വര്‍ഷങ്ങളില്‍ എത്രമാത്രം വ്യത്യസ്തമായ വേഷങ്ങളാണ് ഈ നടന്‍ കെട്ടിയാടിയിരിക്കുന്നത്! വില്ലനായും സഹനടനായും ഒരുപാട് അഭിനേതാക്കളില്‍ ഒരാളായും എത്രയോ സിനിമകള്‍. ഒരു കല്ല് പുഴയിലൂടെ ഒഴുകിയൊഴുകി മിനുസപ്പെടുന്നതുപോലെ, മോഹന്‍ലാല്‍ രൂപപ്പെട്ടുവരുന്ന മനോഹരമായ കാഴ്ച മോഹന്‍ലാലിന്റെ സിനിമകളുടെ പട്ടിക തുറന്നിട്ടുതരും.
അപാരമായ സമര്‍പ്പണം, ക്ഷമ, വിജയത്തില്‍ മതിമറക്കാതിരിക്കുക, തോല്‍വികളില്‍ തളരാതിരിക്കുക, ഓരോ വേഷവും നന്നാക്കാന്‍ പരമാവധി അധ്വാനിക്കുക, കഴിഞ്ഞാല്‍ അതിനെപ്പറ്റി ചിന്തിക്കാതിരിക്കുക, അടുത്തതിലേക്ക് കൂടുവിട്ട് കൂടുമാറുക... ഇതായിരുന്നു കഴിഞ്ഞ 48 വര്‍ഷക്കാലത്തെ മോഹന്‍ലാല്‍ എന്ന നടന്റെയും മനുഷ്യന്റെയും ജീവിതം.
ഇന്ത്യയില്‍ ഒരു സിനിമാപ്രവര്‍ത്തകന് ലഭിക്കാവുന്ന ഏറ്റവും വലിയ പുരസ്‌കാരമായ ദാദാ സാഹബ് ഫാല്‍ക്കെ കിട്ടിയ സന്ധ്യയിലും ഞാന്‍ മോഹന്‍ലാലിനോട് ചോദിച്ചു: 'ഇതിനപ്പുറം ഇനിയൊന്നും നേടാനില്ല, ഇനിയെന്തു ചെയ്യും?' അപ്പോഴും ലാല്‍ പറഞ്ഞു: 'എനിക്കിതല്ലാതെ മറ്റൊരു ജോലിയുമറിയില്ല'
Content Highlights: Sreekanth Kottakkal writes astir Mohanlal
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·