'അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞിട്ടും ഇങ്ങനെ ചേര്‍ത്തുനിര്‍ത്തിയ ഒരു മനുഷ്യനെ കണ്ടിട്ടില്ല'

4 months ago 4

21 September 2025, 03:22 PM IST

hareesh peradi

മോഹൻലാലിനും സുചിത്രയ്ക്കുമൊപ്പം ഹരീഷ് പേരടി | Photo: facebook/ hareesh peradi

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഹരീഷ് പേരടിയുടെ അഭിനന്ദനം. മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

രാജ്യത്തിന്റെ പരമോന്നത ബഹുമതി സ്വന്തം വീട്ടിലേക്ക് വന്നതുപോലെയാണ് മോഹന്‍ലാലിന് ലഭിച്ച പുരസ്‌കാരമെന്നും അഭിനയത്തോടൊപ്പം ഏറെ മനുഷ്യത്വം നിറഞ്ഞ വ്യക്തിയാണ് മോഹന്‍ലാലെന്നും ഹരീഷ് പേരടി കുറിച്ചു. അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞിട്ടും തന്നെ ഇങ്ങനെ ചേര്‍ത്തുനിര്‍ത്തിയ ഒരു മനുഷ്യനെ താന്‍ 56 കൊല്ലത്തെ ജീവിതത്തില്‍ കണ്ടിട്ടേയില്ലെന്നും ഹരീഷ് പേരടി വ്യക്തമാക്കി.

'അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതുകൊണ്ടായിരിക്കാം വേണ്ടപ്പെട്ടവര്‍ എന്ന് കരുതുന്ന പലരും എന്നോട് ഒരു അകലം പാലിക്കാറുണ്ട്. പക്ഷെ അഭിപ്രായങ്ങള്‍ വെട്ടിതുറന്ന് പറഞ്ഞിട്ടും എന്നെ ഇങ്ങിനെ ചേര്‍ത്തു നിര്‍ത്തിയ ഒരു മനുഷ്യനെ ഞാന്‍ എന്റെ 56 കൊല്ലത്തെ ജീവിതത്തില്‍ കണ്ടിട്ടേയില്ല. ഇതില്‍ സുചിചേച്ചിയോടൊപ്പമുള്ള ആ ഫോട്ടോതന്നെയാണ് അതിലെ ഏറ്റവും വലിയ ഉദാഹരണവും സ്‌നേഹവും. ചെന്നൈയിലെ മലൈകോട്ടെ വാലിഭന്റെ ഒരു രാത്രിയില്‍ ഞാന്‍ ലാലേട്ടനോടൊപ്പം ഫോട്ടോയെടുക്കാന്‍ നിന്നപ്പോള്‍ ദൂരെ മറ്റാരോടോ സംസാരിച്ചു നില്‍ക്കുകയായിരുന്ന സുചിചേച്ചിയേ മൂപ്പര് വിളിച്ച് വരുത്തിയതാണ് ഈ ഫ്രെയിമിലേക്ക്.

നമുക്ക് ഹരീഷിനോടൊപ്പം ഒരു ഫോട്ടോയെടുക്കാം എന്നും പറഞ്ഞ്. ഏട്ടനെ ആഗ്രഹിച്ചവന് ഏട്ടത്തിയമ്മയെ കൂടി കിട്ടുമ്പോള്‍ ഇതിലും വലിയ സ്‌നേഹം മറ്റെന്താണ്. അതുകൊണ്ട് തന്നെ ലാലേട്ടന് ലഭിച്ച ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് എന്ന ഈ രാജ്യത്തിന്റെ പരമോന്നത ബഹുമതി എനിക്ക് എന്റെ വീട്ടിലേക്ക് വന്നതുപോലെയാണ്..അയാള്‍ എത്രത്തോളം നടരാജനാണോ അത്രത്തോളം നിറഞ്ഞ മനുഷ്യത്വമാണ്...ഇത് എന്റെ സത്യസന്ധമായ അനുഭവമാണ്..നിറഞ്ഞ സ്‌നേഹം ലാലേട്ടാ...'-ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Content Highlights: hareesh peradi congragulates mohanlal dadasaheb phalke award

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article