അഭ്രപാളികളിലെ ‘ഗോൾഡൻ ബോയ്’, ഹോളിവുഡ് സ്വതന്ത്രസിനിമകളുടെ തലതൊട്ടപ്പനായ റോബർട്ട് റെഡ്ഫഡ്

4 months ago 5

Robert Redford

റോബർട്ട് റെഡ്ഫഡ് | ഫോട്ടോ: AP

യൂട്ടാ: പ്രശസ്ത നടനും സംവിധായകനുമായ റോബർട്ട് റെഡ്ഫോർഡ് (89) അന്തരിച്ചു. അദ്ദേഹത്തിന്റെ പബ്ലിസിസ്റ്റ് സിണ്ടി ബർഗറാണ് മരണ വാർത്ത അറിയിച്ചത്.

“എന്നെ സംബന്ധിച്ച് സ്വാതന്ത്ര്യം എന്ന വാക്കിനാണ് അടിവരയിടേണ്ടത്. ആ വാക്കിലാണ് ഞാൻ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നതും. അതാണ് സ്വതന്ത്രസിനിമകളെയും സ്വതന്ത്രസിനിമാപ്രവർത്തകരെയും പിന്തുണയ്ക്കാൻ എന്നെ പ്രേരിപ്പിച്ചത്” 2018-ൽ വാർത്താഏജൻസിയായ എപിക്ക് നൽകിയ അഭിമുഖത്തിൽ റോബർട്ട് റെഡ്ഫഡ് പറഞ്ഞതാണിത്.

ഒരുകാലത്ത് അഭ്രപാളികളിലെ ‘ഗോൾഡൻ ബോയ്’ ആയിരുന്നു ഹോളിവുഡ് ഇതിഹാസം റോബർട്ട് റെഡ്‌ഫഡ്. പിന്നീട് അദ്ദേഹം ഹോളിവുഡ് സ്വതന്ത്രസിനിമകളുടെ തലതൊട്ടപ്പനായി.

1937-ൽ കാലിഫോർണിയയിലെ സാന്റാ മോണിക്കയിലാണ് ജനനം. അലസമായിക്കിടക്കുന്ന സ്വർണത്തലമുടിയും സദാ പുഞ്ചിരിവിരിയുന്ന മുഖവും ഹോളിവുഡ് നായകന്റെ മട്ടുംഭാവവും റെഡ്‌ഫഡിന് നൽകിയിരുന്നു. എന്നാൽ, രൂപഭംഗിയെ ഉപകരണമാക്കാതെ തന്റെ രാഷ്ട്രീയനിലപാടുകൾ വ്യക്തമാക്കിയും, ഗ്ലാമറസല്ലാത്ത വേഷങ്ങൾ ചെയ്തും കുറഞ്ഞ ബജറ്റുള്ള ചിത്രങ്ങൾ നിർമിക്കാനുള്ള സംവിധാനമുണ്ടാക്കി സമാന്തര സിനിമകളെ പ്രോത്സാഹിപ്പിച്ചും അദ്ദേഹം വേറിട്ട വഴിയിലൂടെ സഞ്ചരിച്ചു. 70-കളിൽ ഹോളിവുഡിലെ ഏറ്റവും കലാമൂല്യമുള്ള നടന്മാരിലൊരാളായിരുന്നു റെഡ്ഫഡ്. 1965-ൽ ‘ഇൻസൈഡ് ഡേസി ക്ലോവറി’ലൂടെ സിനിമാഭിനയം തുടങ്ങി. 1969-ൽ ‘ബുച്ച് കാസിഡി ആൻഡ് സൺഡാൻസ് കിഡി’ലൂടെ ആഗോളശ്രദ്ധ നേടി. പോൾ ന്യൂമാനായിരുന്നു അതിലെ സഹനായകൻ. 1973-ൽ മികച്ച ചിത്രത്തിനുള്ള ഓസ്കർ കിട്ടിയ ‘ദ് സ്റ്റിങ്ങി’ലും ഇരുവരും ഒന്നിച്ചഭിനയിച്ചു. ‘ദ് കാൻഡിഡേറ്റ്’, ‘ആൾ ദ് പ്രസിഡന്റ്‌സ് മെൻ’, ‘ദ് വേ വി ആർ’, ‘സ്പൈ ഗെയിം’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലെ വേഷങ്ങൾ അനശ്വരമാക്കി.

വാഷിങ്ടൺ പോസ്റ്റ് ജേണലിസ്റ്റായ ബോബ് വുഡ്‍വേഡ് മുതൽ മാർവെൽ സിനിമാറ്റിക് യൂണിവേഴ്‌സിലെ ഡബിൾ ഏജന്റായും പകർന്നാടി. ജെയ്ൻ ഫോണ്ട, മെറിൽ സ്ട്രീപ്പ്, ടോം ക്രൂസ്, ബ്രാഡ് പിറ്റ് എന്നിവർക്കൊപ്പെമെല്ലാം അഭിനയിച്ചു. 70-കളിൽ സിനിമാ സംവിധാനത്തിലേക്കും നിർമാണത്തിലേക്കും കടന്നു. അതിനുശേഷവും 1985-ൽ മികച്ചചിത്രമായി മാറിയ ‘ഔട്ട് ഓഫ് ആഫ്രിക്ക’യിലും 2013-ൽ ഓൾ സ് ലോസ്റ്റിലും അഭിനയിച്ചു. 1980-ൽ ‘ഓഡിനറി പീപ്പിളിലൂടെ മികച്ച സംവിധായകനുള്ള ഓസ്കർ നേടി. 2018-ൽ അഭിനയിച്ച ‘ദ് ഓൾഡ് മാൻ ആൻഡ് ദ് ഗൺ’ ആണ് അവസാന ചിത്രം.

ഓസ്കർ ബഹുമതിയുമായി റെഡ്ഫഡ് (ഫയൽചിത്രം)

സമാന്തരസിനിമാ ലോകം

70-കളുടെ അവസാനമാണ് സ്വതന്ത്രസിനിമകളെ പ്രോത്സാഹിപ്പിക്കാൻ സൺഡാൻസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും സൺഡാൻസ് ചലച്ചിത്രോത്സവവും റെഡ്ഫഡ് ആരംഭിച്ചത്. ‘ബുച്ച് കാസ്സിഡി ആൻഡ് സൺഡാൻസ് കിഡ്’ സിനിമയുടെ പേരിൽനിന്നാണ് ചലച്ചിത്രോത്സവത്തിന്റെ പേരുപിറന്നത്.

ഹോളിവുഡ് ലോബികളുടെ ബിസിനസ് സമ്മർദങ്ങൾക്കുവഴങ്ങാതെ കുറഞ്ഞചെലവിൽ സിനിമകളെടുക്കാനും പുതുപ്രതിഭകൾക്ക് അഭിനനയപരിശീലനം നൽകാനും സൺഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് സഹായിച്ചു. യൂട്ടായിലെ പാർക്ക് സിറ്റിയിൽ സ്കീ റിസോർട്ടുതുടങ്ങാനായി റെഡ്ഫഡ് വാങ്ങിയ ഭൂമിയാണ് ഹോളിവുഡിലെ സ്വതന്ത്രപ്രതിഭകൾക്ക് വളരാനുള്ള വളവും വെള്ളവും നൽകിയത്. സിനിമാസംവിധായകരായ ക്വിന്റെയ്ൻ ടാറന്റിനോ, സ്റ്റീവൻ സൊഡെർബെർഡ്, പോൾ തോമസ് ആൻഡേഴ്സൺ, ഡാരെൻ അറെണോഫ്‌സ്‌കി എന്നിവരല്ലൊം അവിടന്നു വളർന്നുവന്നവരാണ്.

ഒരിടയ്ക്ക് സൺഡാൻസ് ചലച്ചിത്രമേള വാണിജ്യപരമായ ഹിറ്റുകൾ തേടിയപ്പോയെന്ന വിമർശനമുയർന്നിരുന്നു. എന്നാൽ, തങ്ങൾ ഒരിക്കലും നയവ്യതിനായം നടത്തിയിട്ടില്ലെന്നും വൈവിധ്യം അടിത്തറയാക്കിയാണ് മേള ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം വാദിച്ചു. വിപുലീകരണത്തിന്റെ ഭാഗമായി 2027 മുതൽ മേള പാർക്ക്‌സിറ്റിയിൽനിന്ന് കൊളറാഡോയിലെ ബൗൾഡറിലേക്ക് മാറ്റാനും തീരുമാനിച്ചിരുന്നു.

രണ്ടുതവണ വിവാഹിതനായിട്ടുണ്ട് അദ്ദേഹം. ചരിത്രകാരി ലോല വാൻ വാഗെനനുമായുള്ള വിവാഹബന്ധം 1985-ൽ പിരിഞ്ഞു. പിന്നീട് കലാകാരി സിബിൽ സാഗറെ വിവാഹം കഴിച്ചു. നാലു മക്കൾ.

Content Highlights: Robert Redford: A Champion of Independent Cinema and Artistic Freedom

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article