അമ്പമ്പോ രോമാഞ്ചിഫിക്കേഷൻ!; എമ്പുരാൻ മലയാളത്തിന്റെ ഹോളിവുഡ് മൂവി, 1000 കോടി കടക്കുമെന്ന് ആരാധകർ

9 months ago 8

empuraan

Photo: instagram.com/empuraanmovie & Mathrubhumi News

പ്രേക്ഷകരെ ഹരംകൊളളിപ്പിച്ച് 'എമ്പുരാന്‍' ആദ്യപകുതി. ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം ഫസ്റ്റ് ഹാഫ് പിന്നിട്ടതോടെ തന്നെ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കിടിലന്‍ പടമാണെന്നും ഫസ്റ്റ് ഹാഫ് തകര്‍ത്തെന്നും ഉഗ്രന്‍പടമെന്നും അടിപൊളി പടമെന്നുമെല്ലാമാണ് പ്രേക്ഷകര്‍ സിനിമയെ വിശേഷിപ്പിച്ചത്.

ആളുകളെ പിടിച്ചിരുത്തുന്നതാണ് ചിത്രത്തിന്റെ ആദ്യപകുതിയെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ചിത്രം മികച്ച ദൃശ്യാനുഭവമാണ് നല്‍കുന്നതെന്നും ചിലര്‍ പ്രതികരിച്ചു. പൃഥ്വിരാജ് പണിയെടുത്തിട്ടുണ്ടെന്നും ലാലേട്ടന്‍ തകര്‍ത്തെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു. 'എമ്പുരാന്‍' കളക്ഷന്‍ ആയിരംകോടി കടക്കുമെന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. മലയാളത്തിലെ ഹോളിവുഡ് മൂവിയെന്നും ചിലര്‍ എമ്പുരാനെ വിശേഷിപ്പിച്ചു. രോമാഞ്ചമുണ്ടാക്കുന്ന രംഗങ്ങളാണ് സിനിമയിലുള്ളതെന്നും പടം 'സ്വാഗ്' ആണെന്നും മറ്റൊരാള്‍ പറഞ്ഞു. മേക്കിങ്ങില്‍ ചിത്രത്തിന് നൂറിന് മുകളില്‍ മാര്‍ക്ക് നല്‍കാമെന്നും ഇന്റര്‍വെല്ലിനിടെ പ്രേക്ഷകര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് മോഹന്‍ലാല്‍ നായകനായ, പൃഥ്വിരാജ് സംവിധാനംചെയ്ത 'എമ്പുരാന്‍റെ' ആദ്യ പ്രദര്‍ശനം ആരംഭിച്ചത്. കേരളത്തില്‍ മാത്രം 750-ഓളം സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള വന്‍താര നിരയും ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിന് എത്തിയിരുന്നു. കൊച്ചിയിലെ കവിതാ തീയേറ്ററിലാണ് മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയര്‍, ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങള്‍ ആദ്യഷോ കാണാനെത്തിയത്.

'എമ്പുരാന്‍' റിലീസിനോട് അനുബന്ധിച്ച് ബുധനാഴ്ച രാത്രി മുതല്‍തന്നെ പല തീയേറ്ററുകളിലും ആരാധകരുടെ ആഘോഷപരിപാടികള്‍ ആരംഭിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ ആറുമണിവരെ പലയിടത്തും ആഘോഷങ്ങള്‍ തുടര്‍ന്നു. പല സ്‌ക്രീനുകളിലും ഒരുദിവസം മാത്രം ഒട്ടേറെ ഷോകളാണ് എമ്പുരാന് വേണ്ടി ഒരുക്കിയിരിക്കുന്നത്.

റിലീസിന് മുമ്പേ മലയാളസിനിമയിലെ പല റെക്കോഡുകളും 'എമ്പുരാന്‍' ഭേദിച്ചിരുന്നു. റിലീസ് ദിനത്തിലെ ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രം ചിത്രം 50 കോടി രൂപ നേടിയെന്നായിരുന്നു അവകാശവാദം. മലയാളസിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമ റിലീസ് ദിനത്തില്‍ ഇത്രയും വലിയ തുക നേടുന്നത്. മാത്രമല്ല, 58 കോടിയിലേറെ രൂപയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങും സിനിമയ്ക്ക് ലഭിച്ചിരുന്നു.

Content Highlights: empuraan worldwide release: effect from theatre

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article