'അവര്‍ അത് അര്‍ഹിക്കുന്നുണ്ട്'; 'ലോക'യുടെ ലാഭവിഹിതം ടീമിന് പങ്കുവെക്കുമെന്ന് ദുല്‍ഖര്‍

4 months ago 6

04 September 2025, 08:50 PM IST

Dulquer Salmaan

ദുൽഖർ സൽമാൻ | Photo: Special Arrangement

ചരിത്രവിജയമായി മാറിയ 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'യുടെ ലാഭവിഹിതം ചിത്രത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പങ്കിടുമെന്ന് നടനും നിര്‍മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍. ചെന്നൈയില്‍ നടന്ന സക്‌സസ് മീറ്റിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്. പ്രദര്‍ശനത്തിനെത്തി ഏഴാം ദിവസം ചിത്രം 100 കോടി ആഗോള കളക്ഷന്‍ പിന്നിട്ടിരുന്നു.

'അഞ്ചുഭാഗമായാണ് ചിത്രം ആദ്യം പദ്ധതിയിട്ടത്. ഇനിയും വളരുമോ എന്ന് അറിയില്ല. അതിനുള്ള സ്‌കോപ്പുണ്ട്. ലാഭത്തിന്റെ ഒരുവിഹിതം ടീമിന് പങ്കുവെക്കും. അവര്‍ അത് അര്‍ഹിക്കുന്നുണ്ട്', എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ദുല്‍ഖറിന്റെ പ്രതികരണം.

ഓഗസ്റ്റ് 28-ന് പ്രദര്‍ശനത്തിനെത്തിയ 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര' ബുധനാഴ്ചയാണ് ആഗോളകളക്ഷന്‍ 101 കോടി പിന്നിട്ടത്. മലയാളത്തില്‍ അതിവേഗം 100 കോടി ക്ലബ്ബില്‍ കയറുന്ന മൂന്നാമത്തെ ചിത്രമായി 'ലോക' മാറിയിരുന്നു. 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കുന്ന 12-ാമത്തെ മലയാളം സിനിമയുമാണ് 'ലോക'. തെന്നിന്ത്യയില്‍ തന്നെ നായികാപ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ എന്ന നേട്ടവും ചിത്രം സ്വന്തമാക്കിയിരുന്നു.

ഹൈദരാബാദില്‍ നടന്ന സക്‌സസ് സെലിബ്രേഷനില്‍ ചിത്രത്തിന്റെ ബജറ്റിനെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ സൂചന നല്‍കിയിരുന്നു. തന്റെ മുന്‍ ചിത്രങ്ങളായ 'കിങ് ഓഫ് കൊത്ത', 'കുറുപ്പ്' എന്നിവയ്ക്ക് ചെലവായ തുകയോളം തന്നെ 'ലോക'യ്ക്കുമായിട്ടുണ്ടെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്.

Content Highlights: Dulquer Salmaan announces nett sharing with Lokah Chapter 1 Chandra team

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article