
നടൻ ശ്രീ | ഫോട്ടോ: INSTAGRAM
തമിഴിലെ ശ്രദ്ധേയനായ യുവനടനാണ് ശ്രീ എന്ന ശ്രീറാം നടരാജൻ. മുൻനിര സംവിധായകൻ ലോകേഷ് കനകരാജ് തന്റെ ആദ്യചിത്രമായ മാനഗരത്തിൽ നായകനാക്കിയത് ശ്രീയെയാണ്. രണ്ടുവർഷം മുൻപിറങ്ങിയ ഇരുഗപട്രു എന്ന ചിത്രത്തിലാണ് താരം ഒടുവിൽ വേഷമിട്ടത്. എന്നാൽ ശ്രീ തന്റെ ഇൻസ്റ്റാഗ്രാമിൽ അടുത്തിടെയായി പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകരിൽ സംശയം ജനിപ്പിച്ചിരിക്കുകയാണ്.
പൊതുവേ സോഷ്യൽ മീഡിയയിൽനിന്ന് അകന്നുനിൽക്കുന്നയാളാണ് ശ്രീ എന്നതാണ് പുതിയ പോസ്റ്റുകൾ ഏറെ ശ്രദ്ധിക്കപ്പെടാൻ കാരണമായത്. കൂടാതെ സിനിമകളിൽ കണ്ടുപരിചയിച്ച ശ്രീയുടെ രൂപമല്ല അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിലും വീഡിയോകളിലുമുള്ളത്. മെലിഞ്ഞ് താരത്തിന്റെ മുഖമാകെ മാറിയ അവസ്ഥയാണ് ചിത്രങ്ങളിൽ കാണാനാവുക. നീട്ടി വളർത്തിയ മുടി കളർ ചെയ്തിട്ടുമുണ്ട്.
ചിത്രങ്ങൾ കണ്ട ആരാധകരെല്ലാം ഒരേപോലെ ഞെട്ടിയിരിക്കുകയാണ് എന്നാണ് കമന്റുകൾ സൂചിപ്പിക്കുന്നത്. ശ്രീയുടെ മാനസികനില തകരാറിലായോ എന്നും ജീവിതത്തിലെ ഏതെങ്കിലും ബുദ്ധിമുട്ടേറിയ അവസ്ഥയിലൂടെയാണോ കടന്നുപോകുന്നത് എന്നെല്ലാമാണ് പലരും ആശങ്ക പ്രകടിപ്പിച്ചത്.
സിനിമയിൽ അവസരം ലഭിക്കാതെ അശ്ലീല ചിത്ര നിർമാണത്തിലേക്ക് താരം കടന്നോ എന്ന് ചോദിക്കുന്നവരുമുണ്ട്. ഈയിടെ ഷർട്ട് ധരിക്കാതെ ഒരു വീഡിയോ ശ്രീ പോസ്റ്റ് ചെയ്തിരുന്നു. സൗഹൃദം സ്ഥാപിക്കാനായി സെക്സിയായ സ്ത്രീകൾക്ക് തന്നെ മെസേജ് ചെയ്യാമെന്നായിരുന്നു ഇതിന് തലക്കെട്ടായി ശ്രീ നൽകിയിരുന്നത്. ഇതിനൊപ്പം പട്ടായ, മോഡലിങ് തുടങ്ങിയ ഹാഷ്ടാഗുകളായിരുന്നു ചേർത്തിരുന്നത്. ഇതും ഫോളോവർമാരിൽ സംശയമുണർത്തിയിട്ടുണ്ട്. ശ്രീയുടെ പോസ്റ്റ് കണ്ട പലരും സംവിധായകൻ ലോകേഷ് കനകരാജിനെ ടാഗ് ചെയ്തിട്ടുമുണ്ട്.
ബാലാജി ശക്തിവേൽ സംവിധാനംചെയ്ത വഴക്ക് എൻ 18/9 എന്ന ചിത്രത്തിലൂടെയാണ് ശ്രീ ചലച്ചിത്രരംഗത്തെത്തുന്നത്. പിന്നീട് മിഷ്കിൻ സംവിധാനംചെയ്ത ഓനയും ആട്ടിൻകുട്ടിയും, സോൻ പപ്പ്ടി, വിൽ അമ്പ്, മാനഗരം എന്നീ ചിത്രങ്ങളിലും നായകനായി. നേരത്തേ ടെലിവിഷൻ അവതാരകനായിരുന്നു.
Content Highlights: Actor Sri`s Disturbing Social Media Posts Spark Concern





English (US) ·