.jpg?%24p=b0ed447&f=16x10&w=852&q=0.8)
വിജയരാഘവൻ | Photo: Screen grab/ Mathrubhumi News
ന്യൂഡല്‍ഹി: പുരസ്‌കാരങ്ങള്‍ക്കായി താന്‍ ഒരിക്കലും കാത്തിരുന്നിട്ടില്ലെന്ന് നടന്‍ വിജയരാഘവന്‍. കഥാപാത്രങ്ങള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍ ത്യാഗങ്ങളല്ല. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡിന് മോഹന്‍ലാല്‍ നൂറുശതമാനം അര്‍ഹനാണെന്നും വിജയരാഘവന്‍ പറഞ്ഞു. 2023-ലെ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കാനായി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ദീര്‍ഘകാലത്തെ സിനിമാ ജീവിതത്തില്‍ കിട്ടിയ അവാര്‍ഡ് എന്നേയുള്ളൂ, ഇതിനായി കാത്തിരുന്നിട്ടില്ല. ആദ്യകാലത്തൊക്കെ ചില വേഷങ്ങള്‍ക്ക് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു. സിനിമയിലേക്ക് വന്ന സമയത്ത് പലരും പറയും, ഇതിന് അവാര്‍ഡ് കിട്ടും എന്നൊക്കെ. ഒരുതവണ അവാര്‍ഡ് ഉണ്ടെന്ന് വിളിച്ചുപറഞ്ഞിട്ട് കിട്ടാതെ പോയി. അതില്‍പ്പിന്നെ അവാര്‍ഡുകള്‍ പ്രതീക്ഷിക്കാറില്ല', വിജയരാഘവന്‍ പറഞ്ഞു.
'കഥാപാത്രങ്ങള്‍ക്കുവേണ്ടിയുള്ള തയ്യാറെടുപ്പ് ത്യാഗങ്ങളല്ല. അതൊരു രസമാണ്. മേക്കപ്പിനുവേണ്ടി മൂന്നു- മൂന്നരമണിക്കൂര്‍ ഇരിക്കുക എന്നത് എന്നെ സംബന്ധിച്ച് വളരേ രസകരമായിരുന്നു. ഭാരം കുറച്ചു. ആ പ്രായം തോന്നിക്കണമെങ്കില്‍ ഭാരം കുറയ്ക്കണം. ഒന്നുരണ്ടുമാസം വേറെ പടങ്ങളൊന്നുംചെയ്തില്ല', അവാര്‍ഡിന് അര്‍ഹമായ 'പൂക്കാല'ത്തിലെ ഇട്ടൂപ്പ് എന്ന കഥാപാത്രത്തെക്കുറിച്ച് വിജയരാഘവന്‍ പറഞ്ഞു.
ഒരുവ്യക്തിയുടെ ജീവിതത്തില്‍ സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് ലഭിക്കുക എന്ന് പറഞ്ഞാല്‍ മഹാഭാഗ്യമാണെന്ന് മോഹന്‍ലാലിന് ലഭിച്ച ഫാല്‍ക്കെ അവാര്‍ഡിനെക്കുറിച്ച് വിജയരാഘവന്‍ പറഞ്ഞു. ഫാല്‍ക്കെ അവാര്‍ഡിന് മോഹന്‍ലാല്‍ നൂറുശതമാനം അര്‍ഹനാണ്. അതില്‍ വലിയ അത്ഭുതമൊന്നുമില്ല. ലാലിന് കുറച്ചുകൂടെ നേരത്തേ ഫാല്‍ക്കെ അവാര്‍ഡ് ലഭിക്കണമായിരുന്നുവെന്ന് തോന്നിയെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച വൈകീട്ട് നാലിന് വിജ്ഞാന്‍ഭവനിലാണ് പുരസ്‌കാരദാനം. രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. മികച്ച സഹനടന്‍ വിജയരാഘവന്‍, സഹനടി ഉര്‍വശി, മികച്ച മലയാളചിത്രത്തിന്റെ സംവിധായകന്‍ ക്രിസ്റ്റോ ടോമി, പ്രൊഡക്ഷന്‍ ഡിസൈനര്‍ മോഹന്‍ ദാസ്, എഡിറ്റര്‍ മിഥുന്‍ മുരളി, നോണ്‍ ഫീച്ചര്‍ഫിലിം സംവിധായകന്‍ എം.കെ. രാംദാസ്, മികച്ച ശബ്ദരൂപകല്പന നിര്‍വഹിച്ച സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ മുരളീധരന്‍ തുടങ്ങിയ മലയാളിപ്രതിഭകള്‍ ദേശീയ ചലച്ചിത്രപുരസ്‌കാരം ഏറ്റുവാങ്ങും.
Content Highlights: Vijayaraghavan connected National Film Award
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·