08 April 2025, 04:41 PM IST

സുനിത അഹൂജയും ഗോവിന്ദയും | ഫോട്ടോ: PTI
നടൻ ഗോവിന്ദയുമായി വിവാഹമോചനത്തിനൊരുങ്ങുകയാണെന്ന വാർത്തകൾ നിഷേധിച്ച് അദ്ദേഹത്തിന്റെ ഭാര്യ സുനിത അഹൂജ. ഇത്തരം പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അവർ എബിപിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇതുപോലുള്ള കാര്യങ്ങൾക്ക് ആരും ചെവികൊടുക്കരുതെന്നും താനും ഗോവിന്ദയും ഇപ്പോഴും ഒരുമിച്ചാണെന്നും സുനിത അഹൂജ പറഞ്ഞു. അപവാദം പ്രചരിപ്പിക്കുന്നവർ നായ്ക്കളെപ്പോലെയാണ്. അതുകൊണ്ട് അവർ കുരയ്ക്കും. അങ്ങനെയൊരു കാര്യത്തെക്കുറിച്ച് തന്റെയോ ഗോവിന്ദയുടേയോ വായിൽനിന്ന് എന്തെങ്കിലും കേൾക്കുന്നതുവരെ ഒന്നും വിശ്വസിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.
ഈ വർഷം ഫെബ്രുവരിയിലാണ് ഗോവിന്ദയും സുനിതയും വേർപിരിയുന്നെന്ന അഭ്യൂഹം ശക്തമായത്. അഭിപ്രായ വ്യത്യാസങ്ങളും ജീവിതശൈലിയിലുള്ള ഭിന്നതകളുമാണ് ഇതിന് കാരണമെന്നും വാർത്തകളുയർന്നു. 30-കാരിയായ ഒരു മറാഠി നടിയുമായി ഗോവിന്ദയ്ക്ക് ബന്ധമുണ്ടെന്നും ഇതിനൊപ്പം വാർത്തകളുയർന്നു. എന്നാൽ ഈ ആരോപണങ്ങൾ ഗോവിന്ദ അന്നുതന്നെ തള്ളിക്കളഞ്ഞിരുന്നു.
ഇതിനുപിന്നാലെയാണിപ്പോൾ സുനിത അഹൂജയും ഗോസിപ്പുകളോട് പ്രതികരിച്ചിരിക്കുന്നത്. 37 വർഷം മുൻപാണ് ഗോവിന്ദയും സുനിതയും വിവാഹിതരായത്. ഇവർക്ക് ടീന, യഷ്‌വർധൻ എന്നിങ്ങനെ രണ്ടുമക്കളുണ്ട്.
Content Highlights: Sunita Ahuja, Govinda`s wife, refutes divorcement rumors
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·