
അന്തരിച്ച നടി ഷെഫാലി ജരിവാല | ഫോട്ടോ: Facebook
സിനിമാ മേഖലയെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു നടി ഷെഫാലി ജരിവാലയുടെ മരണം. വെള്ളിയാഴ്ച രാത്രിയാണ് 42-കാരിയായ നടിയുടെ മരണം. ഇപ്പോൾ, വിവേക് ലാൽവാണിയുമായുള്ള അഭിമുഖത്തിൽ, ഷെഫാലിയുടെ അവസാന നിമിഷങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അവരുടെ സുഹൃത്തും നടിയുമായ പൂജാ ഘായ്. ഷെഫാലി ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയിരുന്നെന്നും എപ്പോഴും ശരിയായ ഭക്ഷണം കഴിക്കുകയും സ്വയം ശ്രദ്ധിക്കുകയും ചെയ്തിരുന്നെന്നും പൂജ വെളിപ്പെടുത്തി. ഇക്കാര്യങ്ങളെല്ലാം അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും പൂജാ ഘായ് കൂട്ടിച്ചേർത്തു.
ഷെഫാലിയുടെ മരണകാരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ എന്താണ് സംഭവിച്ചതെന്ന് പോസ്റ്റ്‌മോർട്ടത്തിനു ശേഷം മാത്രമേ അറിയാൻ കഴിയൂ എന്നാണ് പൂജ പറഞ്ഞത്. ഷെഫാലിയുടെ മരണത്തിന് തലേന്ന് വീട്ടിൽ ഒരു പൂജ ഉണ്ടായിരുന്നു. സാധാരണപോലെ അത്താഴം കഴിച്ചശേഷം വീട്ടിലെ വളർത്തുനായയെ നടക്കാൻ കൊണ്ടുപോകാൻ ഭർത്താവായ പരാഗിനോട് ആവശ്യപ്പെട്ടു. അദ്ദേഹം പോയി അല്പസമയത്തിനകംതന്നെ ഷെഫാലിക്ക് സുഖമില്ലെന്ന് വീട്ടിലെ സഹായി പരാഗിനെ വിളിച്ചുപറഞ്ഞു.
"പ്രായമുള്ള നായയായിരുന്നു അത്. അതുകൊണ്ട് താഴെ നായയുമായി നിൽക്കുന്ന തന്റെയടുത്തേക്ക് വരാൻ പരാഗ് സഹായിയോടാവശ്യപ്പെട്ടു. സഹായി താഴേക്കുവന്നയുടൻ പരാഗ് മുകളിലെ നിലയിലുണ്ടായിരുന്ന ഷെഫാലിക്കടുത്തേക്ക് പോയി. പരിശോധിച്ചപ്പോൾ പൾസ് ഉണ്ടായിരുന്നുവെന്നും അവർക്ക് കണ്ണുകൾ തുറക്കാൻ പറ്റുന്നുണ്ടായിരുന്നില്ലെന്നും ശരീരത്തിന് നല്ല ഭാരം തോന്നിയിരുന്നെന്നും പരാഗ് പറഞ്ഞു. എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കിയ പരാഗ് അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ അവിടെ എത്തിച്ചപ്പോഴേക്കും അവൾ മരിച്ചു കഴിഞ്ഞിരുന്നു." പൂജ പറഞ്ഞു.
ഷെഫാലി വിറ്റാമിൻ സി, ഐവി ഡ്രിപ്പുകൾ എടുത്തിരുന്നതായും മരണപ്പെട്ട രാത്രിയിലും ഷെഫാലി ഇതുപയോഗിച്ചിരുന്നെന്നും പൂജ വെളിപ്പെടുത്തി. തന്റെ സുഹൃത്തിന്റെ മരണം "ഹൃദയഭേദകമായ" ഒന്നാണെന്ന് അവർ വിശേഷിപ്പിച്ചു. ആശുപത്രിയിൽ നിന്ന് തിരികെ വന്ന ശേഷം ഷെഫാലിയുടെ അമ്മയുടെ അടുത്തായിരുന്നതിനെക്കുറിച്ചും അവർ ഓർമ്മിച്ചു. മകളുടെ മരണശേഷം അന്ന് രാത്രി ഷെഫാലിയുടെ അമ്മയ്ക്ക് നെഞ്ചുവേദന വന്നതായി പൂജ വെളിപ്പെടുത്തി. ഡോക്ടറുമായി സംസാരിച്ച് ഷെഫാലിയുടെ അമ്മയ്ക്ക് മരുന്നുകൾ നൽകി. അവർ ഉറങ്ങിയപ്പോൾ മാത്രമാണ് താൻ പോന്നതെന്നും പൂജ കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച രാത്രിയാണ് ഷെഫാലി മരിച്ചത്. ബെല്ലെവ്യൂ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽവെച്ചാണ് നടിയുടെ മരണം സ്ഥിരീകരിച്ചത്. നടി ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നതെങ്കിലും കൃത്യമായ മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പോലീസ് അന്വേഷണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടുമില്ല. മിക സിംഗ്, ഹിമാൻഷി ഖുറാന, രശ്മി ദേശായി തുടങ്ങിയ ബോളിവുഡ് താരങ്ങൾ ഷെഫാലിക്ക് അനുശോചനം അറിയിച്ചു.
Content Highlights: Shefali Jariwala`s unexpected decease astatine 42 shocks fans, Her person shares details of her last hours
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·