
സുരേഷ് കൃഷ്ണ | ഫോട്ടോ: മാതൃഭൂമി
‘പനിനീർനിലാവിൻ പൂമഴ, അനുരാഗലോലയാമീനി’ ഈ വരികൾ ഇപ്പോൾ ആരെങ്കിലും പാടിക്കേട്ടാൽ ഏതൊരാളും ഒന്ന് ആലോചിക്കും. ഇത് സ്നേഹംകൊണ്ട് പാടിയതാണോ അതോ പിന്നിൽ വല്ല ചതിയുമുണ്ടോ എന്ന്. മലയാളികളെ ഈ ചിന്തയിലേക്കെത്തിച്ചത് ഒരേയൊരാളാണ്, സുരേഷ് കൃഷ്ണ. സോഷ്യൽ മീഡിയ അദ്ദേഹത്തിന് പുതിയൊരു പേരും ചാർത്തിനൽകി. ‘ദ കൺവിൻസിങ് സ്റ്റാർ.’ ഒട്ടേറെ സിനിമകളിൽ സുരേഷ് കൃഷ്ണ ആളുകളെ വിശ്വസിപ്പിച്ച് പറ്റിക്കുന്ന കഥാപാത്രങ്ങൾ ചെയ്തു. ആ വീഡിയോകളെല്ലാം സോഷ്യൽ മീഡിയ കുത്തിപ്പൊക്കി. അതിലെല്ലാം പശ്ചാത്തലമായി ക്രിസ്റ്റ്യൻ ബ്രദേഴ്സിലെ ഈ പാട്ടും നൽകി. അങ്ങനെ സുരേഷ് കൃഷ്ണ കൺവിൻസിങ് സ്റ്റാറായി. അതിന്റെ അലയൊലികൾ തീരുംമുൻപേ പുതിയ ട്രെൻഡ് സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് സുരേഷ് കൃഷ്ണ.
ആദ്യത്തെ സിനിമയിൽ ഡയലോഗ് പോലുമില്ലാത്ത റോളായിരുന്നു. ഇപ്പോൾ മൂന്നുപതിറ്റാണ്ട് കടന്നിരിക്കുന്നു. എങ്ങനെയാണ് ഇത്രയുംകാലം ഈ മേഖലയിൽ പിടിച്ചുനിന്നത്?
1993-ലായിരുന്നു ആദ്യസിനിമ. ഭരതൻസാറിന്റെ ചമയം. അതിനുശേഷവും ചെറിയ വേഷങ്ങൾ ചെയ്തു. 2001-ൽ വിനയൻ സാറിന്റെ കരുമാടിക്കുട്ടനിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഓരോ വർഷവും വലിയ മാറ്റങ്ങൾ സംഭവിക്കുന്ന സിനിമാമേഖലയിൽ 30 വർഷം പിന്നിട്ടു എന്നോർക്കുമ്പോൾ വലിയ സന്തോഷമുണ്ട്. ഇപ്പോഴും ഏറ്റവും പുതിയ നടന്മാർക്കൊപ്പം മുഴുനീളവേഷങ്ങളിൽ അഭിനയിക്കാനാകുന്നത് വലിയ ഭാഗ്യമായി കാണുന്നു. എനിക്കൊപ്പം സിനിമയിൽ അഭിനയിച്ചുതുടങ്ങിയ പലരെയും ഇപ്പോൾ കാണുന്നില്ല. നിരന്തരം അപ്ഡേറ്റ് ചെയ്യാനും നല്ല കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനും കഴിഞ്ഞതുകൊണ്ടാണ് സിനിമയിൽ നിലനിൽക്കാനായത്. പഴശ്ശിരാജ, കുട്ടിസ്രാങ്ക് തുടങ്ങി മികച്ച ചിത്രങ്ങളുടെ ഭാഗമായി. ഹരിഹരൻസാർ, ഷാജി എൻ. കരുൺസാർ തുടങ്ങിയ സംവിധായകർക്കുകീഴിൽ പ്രവർത്തിക്കാനായതും അഭിമാനമാണ്.
വില്ലൻവേഷങ്ങളായിരുന്നു തുടക്കത്തിൽ. ഇപ്പോൾ കോമഡിയും ചെയ്യുന്നു. ഈ മാറ്റം എങ്ങനെയായിരുന്നു?
സംവിധായകരായ സച്ചിയും ഷാഫിയുമാണ് അതിന് കാരണക്കാർ. രണ്ടുപേരും ഇന്ന് നമ്മോടൊപ്പമില്ല. സച്ചിയുമായി ഒരുപാടുകാലത്തെ സൗഹൃദമുണ്ടായിരുന്നു. യഥാർഥജീവിതത്തിൽ ഞാൻ എങ്ങനെയാണെന്ന് അവർക്കറിയാം. ഗൗരവക്കാരനാണെന്നു തോന്നുമെങ്കിലും തമാശ പറയാനും തമാശ ചെയ്യാനും ഇഷ്ടമുള്ളയാളാണ് ഞാൻ. സച്ചിക്കൊപ്പം ഏറെക്കാലം ചെലവഴിച്ചിട്ടുണ്ട്. ചില ദിവസങ്ങളിൽ ഷൂട്ടുകഴിഞ്ഞ് വരുമ്പോൾ എന്റെ മുഖത്തെ ക്ഷീണംകണ്ട് സച്ചി ചോദിക്കും, എന്തുപറ്റിയെന്ന്. രാവിലെതൊട്ട് ഇടിയും തൊഴിയുമായിരുന്നുവെന്ന് ഞാൻ തമാശയായി മറുപടിപറയും. അതുകേട്ട് സച്ചിയടക്കമുള്ളവർ വ്യത്യസ്തമായ വേഷങ്ങൾ തന്നു. അനാർക്കലി, ചേട്ടായീസ്, ഷെർലക് ടോംസ് എന്നീ സിനിമകൾ ഈ മാറ്റത്തിന് വഴിയൊരുക്കി. സിനിമയിലെ എല്ലാവരോടും നന്നായി പെരുമാറാനും ബന്ധങ്ങൾ കാത്തുസൂക്ഷിക്കാനും ശ്രമിച്ചതുകൊണ്ടുകൂടിയാണ് പുതിയ സംവിധായകരുൾപ്പെടെ എന്നെ വിളിക്കുന്നത്.
വില്ലൻവേഷങ്ങളാണോ കോമഡികഥാപാത്രങ്ങളാണോ ചെയ്യാൻ കൂടുതൽ ഇഷ്ടം?
ഇഷ്ടപ്പെട്ട ജീവിതത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. പുതിയ സിനിമകളും കഥാപാത്രങ്ങളുമെല്ലാം ഏറെ ആസ്വദിക്കുന്നു. കോമഡിയിൽത്തന്നെ ഇപ്പോൾ ഏറെ മാറ്റംവന്നു. പഴയപോലെ ചിരിപ്പിക്കാൻവേണ്ടി കോമഡിയുണ്ടാക്കുന്ന രീതി ഇന്നില്ല. സിറ്റുവേഷൻ അനുസരിച്ച് കോമഡിയുണ്ടാകുന്നു. ചിലരൊക്കെ സ്‌ക്രിപ്റ്റിൽത്തന്നെ കോമഡി എഴുതിവെക്കും. മരണമാസിന്റെ സ്‌ക്രിപ്റ്റിൽത്തന്നെ കോമഡിയുണ്ട്. അതിൽ എന്റെ ഭാഗത്തുനിന്ന് ചെറിയൊരു സംഭാവനകൂടി ചേരുമ്പോൾ പൂർണമാകുന്നു. ഈയടുത്ത് ഒരു ടീം വിളിച്ചു. വില്ലനായിട്ടാണ് പരിഗണിക്കുന്നത്, ചെയ്യാൻ പറ്റുമോയെന്നു ചോദിച്ചു. ഞാൻ ഓക്കെ പറഞ്ഞു. കടന്നുവന്ന വഴികൾ ഞാൻ മറക്കുന്നില്ല. വില്ലൻവേഷം ചെയ്യാനും റെഡിയാണ്. പണ്ടത്തെപ്പോലെയല്ലല്ലോ, ഇപ്പോഴത്തെ വില്ലൻവേഷങ്ങളിലും എന്തെങ്കിലും പുതുമയുണ്ടാകും. ഏതുതരം വേഷവും ചെയ്യാൻ തയ്യാറാണ്.
ഇടക്കാലത്ത് വളരെ ഹിറ്റായിരുന്നു കൺവിൻസിങ് സ്റ്റാർ എന്ന വിശേഷണം
ഇൻസ്റ്റഗ്രാം അധികം ഉപയോഗിക്കുന്ന ആളായിരുന്നില്ല ഞാൻ. സമീപകാലത്ത് പഠിച്ചെടുത്തു. മുൻപ് ആരെങ്കിലുമൊക്കെ സിനിമയുടെ പോസ്റ്റർ ഷെയർ ചെയ്യാൻ പറയുമ്പോഴാണ് ഇൻസ്റ്റഗ്രാമിൽ കേറുന്നതുതന്നെ. മരണമാസിന്റെ ലൊക്കേഷനിലിരിക്കുമ്പോൾ ഇൻസ്റ്റയിൽ ചേട്ടൻ നിറഞ്ഞുനിൽക്കുകയാണല്ലോയെന്ന് പലരും പറഞ്ഞുകേട്ടപ്പോൾ ഞെട്ടി. എന്തെങ്കിലും കുഴപ്പംകൊണ്ടാണോയെന്ന് പേടിച്ചു. പിന്നെയല്ലേ കാര്യം മനസ്സിലാകുന്നത്. ക്രിസ്റ്റ്യൻ ബ്രദേഴ്സ് ഉൾപ്പെടെയുള്ള സിനിമകളിലെ വേഷങ്ങൾ വെച്ചായിരുന്നു വീഡിയോ. എന്റെ കഥാപാത്രം ആളുകളെ വഞ്ചിക്കുന്നതിന്റെ. പക്ഷേ, പിന്നീട് വീഡിയോയുടെ വലുപ്പം കൂടി. പത്തും ഇരുപത്തഞ്ചും പടങ്ങൾ വരെയായി. ഇത്രയും സിനിമകളിൽ ഞാൻ വില്ലനായിട്ടുണ്ടെന്നും ആ കഥാപാത്രങ്ങളൊക്കെ ആളുകളെ വഞ്ചിച്ചിട്ടുണ്ടെന്നും അപ്പോഴാണ് മനസ്സിലായത്. അക്കാലത്ത് ഓരോ സിനിമ കഴിയുമ്പോഴും അടുത്ത സിനിമയിലേക്കു കേറുകയായിരുന്നു. കഥാപാത്രങ്ങളെ അങ്ങനെ താരതമ്യം ചെയ്യാറില്ല. കൺവിൻസിങ് സ്റ്റാർ എന്ന് ആദ്യം വിശേഷിപ്പിച്ചത് ആരാണെന്നറിയില്ല. ഒരാൾമാത്രമല്ലല്ലോ, പലഭാഗത്തുനിന്നുള്ളവർ സിനിമകൾ കണ്ടുപിടിച്ച് ക്ലിപ് ആക്കി പോസ്റ്റ് ചെയ്യുകയല്ലേ. തമിഴിൽ പൊട്ടുഅമ്മൻ എന്ന സിനിമ ചെയ്തിരുന്നു. അതിൽ ഗുരുവിന്റെ കൈയിൽനിന്ന് മന്ത്രം പഠിച്ചെടുത്തശേഷം ഗുരുവിനെ വഞ്ചിച്ച് കൊല്ലുന്ന കഥാപാത്രമായിരുന്നു. ആ സിനിമവരെ കണ്ടുപിടിച്ച് ഇൻസ്റ്റഗ്രാമിൽ ഇട്ടവരുണ്ട്. സമാനമായ ഒരുപാട് വേഷങ്ങൾ ചെയ്തിട്ടുണ്ടെന്ന് ഇൻസ്റ്റയിലൂടെ മനസ്സിലാക്കി. മക്കൾ ഇപ്പോൾ ഇൻസ്റ്റ വീഡിയോസ് കണ്ട് എല്ലാ സിനിമകളിലും അച്ഛൻ വില്ലനും ചതിയനുമാണല്ലോ എന്ന് ചോദിക്കാൻ തുടങ്ങി. അവർ കണ്ട സിനിമകളിൽ ഞാൻ തമാശക്കഥാപാത്രമാണല്ലോ. അതിനുമുൻപുള്ള എന്റെ സിനിമകൾ അവർ കണ്ടിരുന്നില്ല. ഈ ട്രോളുകളെല്ലാം ഞാൻ എൻജോയ് ചെയ്യുന്നു. ഇതിനുപിന്നിൽ ആരായാലും അവരോടെല്ലാം സ്നേഹംമാത്രമേയുള്ളൂ.
ട്രോളാണെങ്കിലും ആളുകൾ ഏറ്റെടുത്തുകാണുമ്പോൾ സന്തോഷം തോന്നുന്നില്ലേ...?
തീർച്ചയായും. വേറെയൊരു കാര്യം എന്താണെന്നുവെച്ചാൽ ഞാൻ എന്തുപറഞ്ഞാലും ആളുകൾ വിശ്വസിക്കാത്ത രൂപത്തിലായി. മരണമാസിന്റെ ട്രെയിലർ തീയതി ഞാൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. അതിനടിയിലും നിങ്ങൾ പറ്റിക്കുകയല്ലേ, ഇനി ഏതായാലും ആ തീയതി പുറത്തിറങ്ങില്ല എന്നൊക്കെ കമന്റുകൾ വന്നു. ഈയിടെ ശബരിമലയിൽ പോയിരുന്നു. അവിടെയുള്ള ഒരു പോലീസുകാരൻ എന്നെ കണ്ടു. അയാൾ മറ്റൊരു പോലീസുകാരനെ എന്നെ കാണിക്കാൻ ശ്രമിച്ചു. അപ്പോഴേക്കും ഞാൻ കടന്നുപോയി. രണ്ടാമത്തെ പോലീസുകാരൻ ആരാണ് പോയതെന്നു ചോദിച്ചപ്പോൾ ആദ്യം കണ്ട പോലീസുകാരൻ പറഞ്ഞു ‘നമ്മുടെ കൺവിൻസിങ് സ്വാമി’ എന്ന്. അത് പുതിയൊരു പ്രയോഗമായിരുന്നു.
മരണമാസ് സിനിമയെപ്പറ്റി...
മുഴുനീള തമാശച്ചിത്രമാണ് മരണമാസ്. പുതുമയുള്ള കഥയും അവതരണവും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റും. ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ്. ജിക്കു എന്ന ബസ് ഡ്രൈവറുടെ റോളാണെനിക്ക്. ബസ് ഓട്ടത്തിനിടയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയിൽ. ബസ്സിനകത്ത് കുടുങ്ങിയിരിക്കുന്ന ആൾക്കാരും അവർക്ക് സംഭവിക്കുന്ന കാര്യങ്ങളുമെല്ലാം ചേർന്ന് പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമയായിരിക്കും. ബേസിൽ ജോസഫാണ് പ്രധാന റോളിൽ. ബേസിലിന്റെ അസോസിയേറ്റായ ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ടൊവിനോ തോമസാണ് നിർമാണം. സിജു സണ്ണി തിരക്കഥയും. രാജേഷ് മാധവൻ, ബാബു ആന്റണി, അനിഷ്മ തുടങ്ങിയവരും പ്രധാന റോളിലുണ്ട്.
Content Highlights: Suresh Krishna`s travel from debut successful `Chamayam` to becoming a versatile actor
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·