18 September 2025, 12:50 PM IST

മീന, സൗന്ദര്യ | ഫോട്ടോ: ആർക്കൈവ്സ്, വി.പി. പ്രവീൺകുമാർ | മാതൃഭൂമി
മലയാളത്തിലുൾപ്പെടെ വിവിധ ഭാഷാചിത്രങ്ങളിൽ നായികയായി പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച നടിയാണ് മീന. അടുത്തിടെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവേ തന്റെ സുഹൃത്തും അന്തരിച്ച നടിയുമായ സൗന്ദര്യയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. പരിപാടിയിൽ സൗന്ദര്യയെക്കുറിച്ച് ചോദിച്ചപ്പോൾ മീന വികാരാധീനയായി. ആരോഗ്യപരമായ മത്സരമായിരുന്നു തങ്ങൾക്കിടയിലുണ്ടായിരുന്നതെന്ന് അവർ പറഞ്ഞു. സൗന്ദര്യയുടെ മരണവാർത്തയറിഞ്ഞ് നടുങ്ങിയെന്നും മീന ഓർമിച്ചു.
വളരെ കഴിവുള്ള അത്ഭുതം നിറഞ്ഞ വ്യക്തിയായിരുന്നു സൗന്ദര്യയെന്ന് മീന പറഞ്ഞു. തൻ്റെ വളരെ അടുത്ത സുഹൃത്തായിരുന്നു അവർ. സൗന്ദര്യയുടെ പെട്ടെന്നുള്ള മരണവാർത്ത കേട്ട് ഞെട്ടിപ്പോയി. ഇന്നുവരെ, ആ ഞെട്ടലിൽ നിന്ന് പൂർണ്ണമായി കരകയറാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു. "അപകടം നടന്ന ദിവസം ഞാനും സൗന്ദര്യയ്‌ക്കൊപ്പം പ്രചാരണത്തിന് പോകേണ്ടതായിരുന്നു. എന്നെയും ക്ഷണിച്ചിരുന്നു. പക്ഷേ, എനിക്ക് രാഷ്ട്രീയവും തിരഞ്ഞെടുപ്പ് പ്രചാരണവും ഇഷ്ടമല്ലാത്തതുകൊണ്ട്, ഷൂട്ടിങ് ഉണ്ടെന്ന് പറഞ്ഞ് ഞാൻ അത് ഒഴിവാക്കി. അതിനുശേഷം സംഭവിച്ച കാര്യങ്ങൾ കേട്ടപ്പോൾ ഞാൻ തകർന്നുപോയി." മീനയുടെ വാക്കുകൾ.
2004 ഏപ്രിൽ 17-നാണ് ബെംഗളൂരുവിനടുത്ത് ജക്കൂരിൽ സൗന്ദര്യ ഉൾപ്പെടെ നാലുപേരുടെ ജീവനെടുത്ത വിമാനാപകടമുണ്ടായത്. മരിക്കുമ്പോൾ 32 വയസായിരുന്നു സൗമ്യ എന്ന സൗന്ദര്യയ്ക്ക്. ഏപ്രിൽ 17 ശനിയാഴ്ച രാവിലെ 11.10 നായിരുന്നു സംഭവം. ദുരന്തം നടക്കുമ്പോൾ സൗന്ദര്യ ബിജെപിയിൽ ചേർന്നിട്ട് അധികകാലമായിട്ടുണ്ടായിരുന്നില്ല. കൃത്യം ഒരുവർഷം മുമ്പായിരുന്നു വിവാഹം. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിനടുത്ത കരിം നഗറിലേക്ക് പോവുകയായിരുന്നു സൗന്ദര്യയും കൂട്ടരും. അഗ്നി ഏവിയേഷന്റെ നാലുപേർക്കിരിക്കാവുന്ന സെസ്‌ന-180 എന്ന ചെറുവിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്.
ജക്കൂർ എയർഫീൽഡിൽനിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ വിമാനം തകർന്നുവീഴുകയായിരുന്നു. എതിരെയുള്ള കാർഷിക സർവകലാശാലയുടെ ഗാന്ധി കൃഷി വികാസ്കേന്ദ്രം കാമ്പസിലാണ് വിമാനം വീണത്. മലയാളിയായ പൈലറ്റ് ജോയ്‌ഫിലിപ്പ് (28), സൗന്ദര്യയുടെ സഹോദരൻ അമർനാഥ് ഷെട്ടി (34), പ്രാദേശിക ബിജെപി നേതാവ് രമേഷ്‌കാദം (30) എന്നിവരാണ് അന്നത്തെ അപകടത്തിൽ മരിച്ച മറ്റുള്ളവർ.
Content Highlights: Meena Remembers Late Actress Soundarya: A Heartfelt Tribute and Reflection connected Loss
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·