12 September 2025, 12:25 PM IST

ശിവകാമി ശ്യാമപ്രസാദ് | Photo: Instagram/ Shivakamy Shyamaprasad
മലയാളസിനിമയിലെ ചരിത്രവിജയമായിമാറിക്കൊണ്ടിരിക്കുന്ന 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'യുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ നന്ദി അറിയിച്ച് നടി ശിവകാമി ശ്യാമപ്രസാദ്. ഒരുവര്‍ഷം മുമ്പ് സിനിമയുടെ ഭാഗമാകാന്‍ ക്ഷണിച്ച സ്വപ്‌നത്തിലാണ് താനിപ്പോള്‍ ജീവിക്കുന്നതെന്ന് ശിവകാമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തനിക്കത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ശിവകാമി കൂട്ടിച്ചേര്‍ത്തു.
'കഴിഞ്ഞ വര്‍ഷം ഈ സമയത്താണ് ഒരു സ്വപ്‌നത്തിന്റെ ഭാഗമാകാന്‍ എന്നെ വിളിച്ചത്. ഇപ്പോള്‍ ഞാന്‍ ആ സ്വപ്‌നത്തില്‍ ജീവിക്കുന്നു. ആരെങ്കിലും എന്നെയൊന്ന് നുള്ളാമോ? ഈ മാന്ത്രിക ലോകത്തിന്റെ ഭാഗമാക്കിയതിന് ഡൊമിനിക് അരുണിനോടും നിമിഷ് രവിയോടും ശാന്തി ബാലചന്ദ്രനോടും എന്നും കടപ്പെട്ടിരിക്കും. എന്നെ രൂപയാവാന്‍ വിളിച്ച ദീപക്കിനും വിവേക് അനിരുദ്ധിനും സ്‌നേഹാലിംഗനങ്ങള്‍', ശിവകാമി കുറിച്ചു.
'ചെറുതും വലുതുമായ എല്ലാ വിജയങ്ങളിലും എന്നെ പ്രോത്സാഹിപ്പിച്ച പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് നന്ദി. നിങ്ങളുടെയെല്ലാം നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒരുപാട് നന്ദി. അതെനിക്ക് എത്രമാത്രം വലുതാണെന്നോ', ശിവകാമി കൂട്ടിച്ചേര്‍ത്തു.
'ലോക'യില്‍ നസ്ലിന്‍ അവതരിപ്പിച്ച സണ്ണി എന്ന കഥാപാത്രത്തിന്റെ സുഹൃത്തായ രൂപയെയാണ് ചിത്രത്തില്‍ ശിവകാമി അവതരിപ്പിച്ചത്. സംവിധായകന്‍ ശ്യാമപ്രസാദിന്റെ മകളാണ് ശിവകാമി. ചിത്രത്തിലെ നിര്‍ണായകമായ ഒരു രംഗത്തില്‍ ശ്രദ്ധേയമായ പ്രകടനമാണ് ശിവകാമി കാഴ്ചവെച്ചത്. എംടിയുടെ ചെറുകഥകളെ ആധാരമാക്കി ഒരുക്കിയ 'മനോരഥങ്ങളില്‍' എന്ന ആന്തോളജിയില്‍ ശ്യാമപ്രസാദ് സംവിധാനംചെയ്ത 'കാഴ്ചയില്‍' ശിവകാമി സംവിധാന സഹായി ആയിരുന്നു.
Content Highlights: Shivakamy Shyamaprasad expresses gratitude for being portion of Lokah Chapter one- chandra
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·