ആക്ഷേപഹാസ്യത്തിന് പരിധിവേണം, അല്ലെങ്കില്‍ തിരിച്ചടിയുണ്ടാവും; കുനാല്‍ കമ്രയ്ക്കെതിരേ ഏക്‌നാഥ് ഷിന്ദേ

9 months ago 7

kunal kamra eknath shinde

കുനാൽ കമ്ര, ഏക്‌നാഥ് ഷിന്ദേ | Photo: PTI

സ്റ്റാന്‍ഡ്അപ് കൊമേഡിയന്‍ കുനാല്‍ കമ്ര തനിക്കെതിരേ നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്നുള്ള വിവാദങ്ങളില്‍ മറുപടിയുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ. ആക്ഷേപഹാസ്യങ്ങള്‍ക്ക് ഒരുപരിധി വേണമെന്ന് ബിബിസി മറാഠി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ അദ്ദേഹം പ്രതികരിച്ചു. പരാമര്‍ശങ്ങളില്‍ മാന്യതവേണമെന്നും ഇല്ലെങ്കില്‍ അടിക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്നും ഷിന്ദേ പറഞ്ഞു.

'അഭിപ്രായസ്വാതന്ത്രമുണ്ട്. ആക്ഷേപഹാസ്യം മനസിലാവും. എന്നാല്‍, അതിനൊരു പരിധി വേണം. ഇത് ഒരാള്‍ക്കെതിരെ സംസാരിക്കാന്‍ കരാറെടുത്തത് പോലെയാണ്. ആ വ്യക്തിയും ഒരു മാന്യത പാലിക്കണം, അല്ലെങ്കില്‍ അടിക്ക് തിരിച്ചടിയുണ്ടാവും', എന്നായിരുന്നു ഷിന്ദേയുടെ വാക്കുകള്‍.

ഇതേ വ്യക്തി നേരത്തെ സുപ്രീംകോടതിക്കും പ്രധാനമന്ത്രിക്കും ചില വ്യവസായികള്‍ക്കുമെതിരെ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത് അഭിപ്രായസ്വാതന്ത്ര്യമല്ല, മറ്റാര്‍ക്കോവേണ്ടി പ്രവര്‍ത്തിക്കുന്നത് പോലെയാണെന്നും ഷിന്ദേ കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ചയാണ് കുനാല്‍ 'നയാ ഭാരത്' എന്ന തന്റെ കോമഡി സീരീസ് യുട്യൂബില്‍ അപ്ലോഡ് ചെയ്തത്. സ്റ്റാന്‍ഡ്അപ് കോമഡി അവതരണത്തിനിടെ പ്രശസ്തമായ ഒരു ഹിന്ദി ചലച്ചിത്രഗാനത്തിന്റെ പാരഡി അവതരണത്തിലൂടെ ഷിന്ദേയെ കളിയാക്കുകയും 'ചതിയന്‍' എന്ന് പരാമര്‍ശിക്കുകയുമായിരുന്നു. ഇതിനെതിരെ ഏക്‌നാഥ് ഷിന്ദേയുടെ ശിവസേന രംഗത്തെത്തി. ശിവസേന എംഎല്‍എയുടെ പരാതിയില്‍ കുനാലിനെതിരെ പോലീസ് കേസെടുത്തു.

പരിപാടിയുടെ റെക്കോഡിങ് നടന്ന ഹാബിറ്റാറ്റ് സ്റ്റുഡിയോ ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ചു. സ്റ്റുഡിയോ പ്രവര്‍ത്തിച്ച കെട്ടിടത്തിന്റെ ഒരു ഭാഗം അനധികൃതമായി നിര്‍മിച്ചതാണെന്ന് കാണിച്ച് മുംബൈ കോര്‍പ്പറേഷന്‍ തിങ്കളാഴ്ച പൊളിച്ചുനീക്കി. മുതിര്‍ന്ന ശിവസേന നേതാക്കള്‍ കുനാലിനെതിരെ പരസ്യഭീഷണി മുഴക്കിയിരുന്നു. കോടതി പറഞ്ഞാലേ മാപ്പുപറയൂ എന്നാണ് കുനാലിന്റെ മറുപടി.

Content Highlights: Eknath Shinde responds to Kunal Kamra`s arguable stand-up comedy

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article