
ഹരികൃഷ്ണൻ ലോഹിതദാസ് | Photo: Mathrubhumi
പാലക്കാട്: മലയാളികളുടെ മനസ്സിലിടംനേടിയ ചലച്ചിത്രകാരൻ എ.കെ. ലോഹിതദാസ് വിടവാങ്ങിയിട്ട് 15 വർഷം പിന്നിടുമ്പോൾ, ആ കുടുംബത്തിൽനിന്നൊരാൾ ക്യാമറയുമായി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ഇറങ്ങുന്നു - ലോഹിതദാസിന്റെ മൂത്തമകൻ ഹരികൃഷ്ണൻ ലോഹിതദാസ്. ഹരികൃഷ്ണൻ ആദ്യമായി ഛായാഗ്രഹണം നിർവഹിച്ച ‘പ്രളയശേഷം ഒരു ജലകന്യക’ എന്ന ചിത്രം അടുത്തിടെ തീയേറ്ററുകളിലെത്തി. ഹരികൃഷ്ണന് ആദ്യമായൊരു ക്യാമറ സമ്മാനിച്ചതാകട്ടെ നടൻ മമ്മൂട്ടിയും.
തുടക്കം ചെന്നൈയിൽ
ചെന്നൈ എൽവി പ്രസാദ് ഫിലിം ആൻഡ് ടെലിവിഷൻ അക്കാദമിയിൽ സിനിമാട്ടോഗ്രഫി പഠിച്ച ഹരികൃഷ്ണൻ പിന്നീട് ഛായാഗ്രാഹകരായ വേണു, ജോമോൻ ടി. ജോൺ, കാർത്തിക് മുത്തുകുമാർ തുടങ്ങിയവരുടെ സഹായിയായി. മുന്നറിയിപ്പ്, ഒരു വടക്കൻ സെൽഫി, കലി, ബിരിയാണി എന്നീ ചിത്രങ്ങളിലാണ് സഹായിയായി പ്രവർത്തിച്ചത്. പിന്നീട് ഹ്രസ്വചിത്രങ്ങൾ, പരസ്യചിത്രങ്ങൾ, സംഗീത വീഡിയോകൾ എന്നിവ ചെയ്തു.
സിനിമയിലേക്കുള്ള വരവ്
നിവേദ്യം, ചക്രം, ചക്കരമുത്ത് തുടങ്ങിയ ചിത്രങ്ങളിൽ ലോഹിതദാസിന്റെ സഹായിയായിരുന്ന മനോജ് കുമാറാണ് ഹരികൃഷ്ണനെ സിനിമയിലേക്കെത്തിക്കുന്നത്. ‘പ്രളയശേഷം ജലകന്യക’ എന്നത് മനോജ്കുമാറിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു. സ്വന്തം പേര് വലിയ സ്‌ക്രീനിൽ തെളിഞ്ഞുകണ്ടപ്പോൾ വലിയ ആവേശമായിരുന്നുവെന്ന് ഹരികൃഷ്ണൻ പറയുന്നു. ഭീഷ്മപർവത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ദേവ്ദത്ത് ഷാജിയുടെ ‘ധീരൻ’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചതും ഹരികൃഷ്ണൻതന്നെ.
അച്ഛന്റെ സ്വാധീനം
‘‘ഞാൻ കോയമ്പത്തൂരിലെ സിഎംഎസ് കോളേജിൽ ഡിഗ്രിക്കു പഠിക്കുന്ന കാലത്താണ് അച്ഛന്റെ വേർപാട്. അച്ഛന്റെ ചിത്രങ്ങൾ മനസ്സിലാകുന്നത് ഞാൻ സിനിമയെ ഗൗരവമായി കാണാൻ തുടങ്ങിയ ശേഷമാണ്. ഞാൻ സിനിമയിലേക്കു തന്നെ എത്തുമെന്ന് അച്ഛന് അറിയാമായിരുന്നു’’- ഹരികൃഷ്ണൻ പറയുന്നു. അച്ഛൻ പ്രശസ്തനായിരുന്നുവെന്നത് വെല്ലുവിളിയാണെങ്കിലും അച്ഛൻ മടങ്ങി 15 വർഷമായി എന്നത് അമിത പ്രതീക്ഷകളിൽനിന്ന് തനിക്ക് ഇളവ് നൽകിയിട്ടുണ്ടെന്നും ഹരികൃഷ്ണൻ പറയുന്നു.
പാലക്കാട് ലക്കിടിയിൽ വീടുണ്ടെങ്കിലും ചെറുപ്പംതൊട്ടേ ആലുവയിലായിരുന്നു ഹരികൃഷ്ണനും കുടുംബവും. അച്ഛൻ എഴുത്തിനു മുൻപുള്ള മാനസിക ഒരുക്കങ്ങൾക്കായി വാങ്ങിയ വീടാണ് ലക്കിടിയിലേതെന്ന് അദ്ദേഹം പറയുന്നു. അമ്മ സിന്ധു ലോഹിതദാസ് അവിടെത്തന്നെയാണ്. സഹോദരൻ വിജയ്ശങ്കർ സംവിധാന ലക്ഷ്യത്തോടെ മുന്നോട്ടുപോകുന്നു.
Content Highlights: Harikrishnan Lohithadas, lad of A.K. Lohitadas, makes his people successful Malayalam cinema
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·