എ.ബി. രാജ് സംവിധാനം ചെയ്ത ഉല്ലാസയാത്രയുടെ ഷൂട്ടിങ് പെരിങ്ങല്‍ക്കുത്തില്‍ നടക്കുമ്പോഴാണ് നിര്‍മ്മാതാവ് കെ.എം.കെ. മേനോന്‍ പുതിയ ഒരു നടനെക്കുറിച്ച് ത്യാഗരാജനോടു പറയുന്നത്.
'വില്ലന്‍വേഷം നമുക്ക് അയാളെക്കൊണ്ട് ചെയ്യിക്കാം.'
മേനോന്റെ മകന്‍ രവികുമാറാണ് ചിത്രത്തിലെ നായകന്‍. ഉല്ലാസയാത്രയ്ക്കും ആറേഴുവര്‍ഷങ്ങള്‍ക്കു മുമ്പ് ലക്ഷപ്രഭു എന്ന സിനിമയില്‍ മുഖംകാണിച്ചു എന്നതൊഴിച്ചാല്‍ തികച്ചും പുതുമുഖം. വില്ലനായി വരുന്ന നടനും പുതുമുഖമാവട്ടെ എന്ന മേനോന്റെ താത്പര്യം കണ്ട് ത്യാഗരാജന്‍ ചോദിച്ചു:
'പേരെന്താണ്?'
'കൃഷ്ണന്‍ നായര്‍. നേവിയില്‍ ഉദ്യോഗസ്ഥനായിരുന്നു. സിനിമയില്‍ അഭിനയിക്കാനുള്ള മോഹം കാരണം ജോലി രാജിവെച്ചു. നന്നായി പാടും,' മേനോന്‍ പറഞ്ഞു.
'എന്നു വരും?'
'നാളെയോ മറ്റന്നാളോ...'
കൃഷ്ണന്‍ നായരുടെ വരവും പ്രതീക്ഷിച്ചിരുന്ന ത്യാഗരാജന്റെ മുന്നിലേക്ക് പിറ്റേന്നു കാലത്തുതന്നെ എ.ബി. രാജ് ഒരാളെ കൊണ്ടുവന്നു.
വെള്ള പാന്റും കറുപ്പ് ടി ഷര്‍ട്ടും കൂളിങ് ഗ്ലാസും ധരിച്ച ആ മനുഷ്യനെ രാജ് പരിചയപ്പെടുത്തി,
'ഇദ്ദേഹമാണ് മേനോന്‍ പറഞ്ഞ കൃഷ്ണന്‍ നായര്‍.'
ആദ്യകാഴ്ചയില്‍ത്തന്നെ ശ്രദ്ധിച്ചത് ആഗതന്റെ ആകാരമാണ്. ഒത്ത ഉയരവും സാമാന്യം സൗന്ദര്യവും. അതിനപ്പുറം, നന്നായി വ്യായാമംചെയ്ത് ദൃഢപ്പെടുത്തിയ ശരീരവും. ഉല്ലാസയാത്രയിലെ വില്ലനാവാന്‍ വേണ്ട പ്രാഥമിക യോഗ്യത കൃഷ്ണന്‍ നായരില്‍ കണ്ടു.
'രവിയുമായുള്ള ഫൈറ്റ് ഇന്നു തന്നെ എടുക്കാം' എന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ ത്യാഗരാജനും പൂര്‍ണസമ്മതം.
പതിനൊന്നു മണിയോടെ പെരിങ്ങല്‍ക്കുത്തിനു സമീപത്തെ കുന്നിന്‍ചരുവില്‍ വെച്ച് ഫൈറ്റ് ഷൂട്ട്. രവികുമാറിനും കൃഷ്ണന്‍ നായര്‍ക്കും ചേര്‍ന്ന ഡ്യൂപ്പുകള്‍ ത്യാഗരാജനൊപ്പമുണ്ട്. രണ്ടു നടന്മാരെയും വെച്ച് ക്ലോസപ്പ് ഷോട്ടുകള്‍ എടുത്തശേഷം കുന്നിന്‍ചരുവില്‍നിന്ന് താഴേക്ക് ഉരുണ്ടുവരുന്ന അപകടകരമായ രംഗങ്ങള്‍ ലോങ് ഷോട്ടില്‍ ഡ്യൂപ്പിനെ വെച്ച് എടുക്കാനും തീരുമാനിച്ചു.
പറഞ്ഞുകൊടുത്ത ഫൈറ്റ് സീക്വന്‍സുകളെല്ലാം മനസ്സിലാക്കിയശേഷം രവികുമാറും കൃഷ്ണന്‍ നായരും കുന്നിലേക്കു കയറി. മുള്ളുകളും കുറ്റിച്ചെടികളും മൂര്‍ച്ചയേറിയ കൂര്‍ത്തകല്ലുകളും നിറഞ്ഞ കുന്നിന്‍മുകളില്‍വെച്ച് സംഘട്ടനത്തിന്റെ കുറേ ദൃശ്യങ്ങള്‍ എന്‍. കാര്‍ത്തികേയന്റെ ക്യാമറ ഒപ്പിയെടുത്തു. ഒന്നര മണിക്കൂര്‍കൊണ്ട് ഫൈറ്റിന്റെ വലിയൊരു ഭാഗം ചിത്രീകരിച്ചു. ഇനി വേണ്ടത് സാഹസികമായ ചില ഷോട്ടുകളാണ്. അതിന് ഡ്യൂപ്പുകള്‍ റെഡിയായി നില്‍ക്കുമ്പോഴാണ് കൃഷ്ണന്‍ നായരുടെ അഭ്യര്‍ഥന,
'സാര്‍... വീഴുന്ന രംഗങ്ങളും ഞാന്‍ തന്നെ ചെയ്തോളാം.'
ആളെ അടിമുടിനോക്കിയശേഷം ത്യാഗരാജന്‍ ചോദിച്ചു: 'ആദ്യ സിനിമയില്‍ത്തന്നെ ചാവണോ?'
'അല്ല സാര്‍, എനിക്ക് പ്രയാസമില്ല. ഞാന്‍ ചെയ്യാം.'
തുടക്കക്കാരനായ ഒരു നടനില്‍നിന്ന് അത്രയും ഉറപ്പ് ആദ്യമായിട്ടായിരുന്നു.
'അത്ര ധൈര്യമുണ്ടെങ്കില്‍ കാണട്ടെ!'
ഇവന്റെ അഹങ്കാരം ഇതോടെ അവസാനിക്കണം എന്ന വാശി ത്യാഗരാജനിലുമുണ്ടായി. ആദ്യം പറഞ്ഞതിനേക്കാള്‍ കുറച്ചു കൂടി കടുപ്പമേറിയ രംഗമാണ് കൃഷ്ണന്‍ നായര്‍ക്കു കൊടുത്തത്. കുന്നിന്റെ മുകളില്‍നിന്ന് മറിഞ്ഞുവീണ് താഴേക്ക് ഉരുണ്ടുവരുന്ന രംഗം. സംവിധായകന്‍ എ.ബി. രാജ് ചോദിച്ചു:
'അയാളെക്കൊണ്ട് അത്ര റിസ്‌ക് എടുപ്പിക്കണോ ത്യാഗരാജന്‍?'
'അഭിനയിച്ചു തുടങ്ങിയിട്ടേയുള്ളൂ. അവന്റെയൊരു ഓവര്‍ സ്മാര്‍ട്ട്... അനുഭവിക്കട്ടെ!'
ആ വാക്കുകള്‍ക്കു മുകളില്‍ക്കയറി ഇടപെടാന്‍ എ.ബി. രാജും തയ്യാറായില്ല.
ആക്ഷന്‍ പറയുന്ന വേഗത്തില്‍ രവികുമാറിന്റെ ഡ്യൂപ്പിനൊപ്പം കൃഷ്ണന്‍ നായര്‍ കുന്നിന്‍മുകളില്‍നിന്ന് മറിഞ്ഞുവീണു. രണ്ടുപേരും താഴേക്ക് ഉരുണ്ടുവരുന്ന കാഴ്ച കണ്ട് സെറ്റിലുള്ളവരെല്ലാം അമ്പരന്നു. സംവിധായകന്‍ കട്ട് പറഞ്ഞപ്പോഴേക്കും ഒരു കരച്ചിലാണ് കേട്ടത്. രവികുമാറിന് ഡ്യൂപ്പിട്ട മുത്തുവേലിന്റെ കൈമുട്ടും നെറ്റിയുമൊക്കെ മുറിഞ്ഞിരിക്കുന്നു. മുള്ളിലും കല്ലിലും ഉരുണ്ടതിന്റെ അടയാളങ്ങള്‍ ദേഹമാസകലം ചോരപ്പാടുകള്‍ വീഴ്ത്തി. എല്ലാവരും ചേര്‍ന്ന് മുത്തുവേലിനെ എടുത്തുകൊണ്ടുപോകുമ്പോള്‍ ത്യാഗരാജന്റെ ശ്രദ്ധ കൃഷ്ണന്‍ നായരിലായിരുന്നു. ഒന്നും സംഭവിക്കാത്തമട്ടില്‍ പുഞ്ചിരിയോടെ അയാള്‍ അദ്ദേഹത്തിനരികിലേക്കു വന്നു.

'സാര്‍, ഒന്നു കൂടി എടുക്കണോ; ഞാന്‍ റെഡിയാണ്.'
അയാളുടെ മുഖത്തെ കൂസലില്ലായ്മ കണ്ട് ത്യാഗരാജന്റെ മനസ്സ് പറഞ്ഞു: 'ഇവന്‍ വളരും... ഇവനെ വളര്‍ത്തണം...'
ഉല്ലാസയാത്രയുടെ പത്തൊമ്പതു ദിവസത്തെ ചിത്രീകരണം കഴിഞ്ഞ് മടങ്ങുമ്പോള്‍ കൃഷ്ണന്‍ നായര്‍ ത്യാഗരാജനരികിലെത്തി ആ പാദങ്ങള്‍ തൊട്ടു തൊഴുതു.
'മാസ്റ്റര്‍ എന്നെ അനുഗ്രഹിക്കണം.' അതു മാത്രം പറഞ്ഞ അയാള്‍ വീണ്ടും കാണാമെന്നു പറഞ്ഞില്ല. പക്ഷേ, ത്യാഗരാജന്‍ ഉറപ്പിച്ചു. അയാളെ ഇനിയും കാണും. കാരണം സിനിമയില്‍ വലിയൊരു ജീവിതവിജയം പ്രതീക്ഷിച്ചുകൊണ്ടു തന്നെയാണ് അയാള്‍ വന്നത്. അതിന് അയാളുടെ മുന്നില്‍ കുറുക്കുവഴികള്‍ ഇല്ലായിരുന്നു. ആത്മാര്‍ത്ഥതയും കഠിനാദ്ധ്വാനവും അതിനപ്പുറം ധൈര്യവും മാത്രമായിരുന്നു കൈമുതല്‍.
ഉല്ലാസയാത്രയുടെ ചിത്രീകരണത്തിന്റെ അവസാനഘട്ടത്തില്‍ എ.ബി. രാജിനെ കാണാന്‍ ഐ.വി. ശശി വന്നിരുന്നു. കലാസംവിധായകനായി പ്രവര്‍ത്തിക്കുന്ന കാലം മുതലേ ശശിയെ ത്യാഗരാജനറിയാം. എ.ബി. രാജിന്റെ സംവിധാന സഹായിയായിരുന്ന ശശി ഉല്ലാസയാത്രയുടെ ഷൂട്ടിങ് കാലത്ത് ഉത്സവം എന്ന സിനിമ സംവിധാനം ചെയ്യാനുള്ള മുന്നൊരുക്കങ്ങളിലായിരുന്നു. ശശിയോട് കൃഷ്ണന്‍ നായരെക്കുറിച്ച് ത്യാഗരാജന്‍ പറഞ്ഞു.
'അങ്ങനെയൊരാളുണ്ടെങ്കില്‍ നമുക്ക് ആലോചിക്കാം' എന്നു മാത്രമായിരുന്നു ശശിയുടെ മറുപടി.
ഉത്സവത്തിലൂടെ ഐ.വി. ശശി എന്ന സംവിധായകന്‍ പിറന്നു. ആക്ഷന്‍ രംഗങ്ങള്‍ കുറവായിരുന്നതുകൊണ്ടാവാം ഉത്സവത്തിനുശേഷമുള്ള ശശിയുടെ പല ചിത്രങ്ങളിലും ത്യാഗരാജനുമായുള്ള ഒത്തുചേരല്‍ അപൂര്‍വ്വമായി മാത്രമേ സംഭവിച്ചുള്ളൂ.
എ.ബി. രാജിന്റെ അവള്‍ ഒരു ദേവാലയത്തിന്റെ ഷൂട്ടിങ് സേലത്ത് നടക്കുമ്പോഴാണ് തന്റെ പതിനൊന്നാമത്തെ ചിത്രമായ ഇതാ ഇവിടെവരെയെക്കുറിച്ച് ശശി ത്യാഗരാജനോടു സംസാരിക്കുന്നത്. കുട്ടനാടിന്റെ പശ്ചാത്തലത്തിലെടുക്കുന്ന സിനിമയില്‍ മധുവും സോമനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വളരെ സ്വാഭാവികമായ ആക്ഷന്‍ രംഗങ്ങളാണ് ഇതാ ഇവിടെവരെക്കു വേണ്ടി കമ്പോസ് ചെയ്യേണ്ടതെന്ന് ത്യാഗരാജന് മുന്നറിയിപ്പ് നല്‍കിയിട്ടാണ് ശശി സേലത്തു നിന്ന് മദിരാശിയിലേക്കു മടങ്ങിയത്.
അവള്‍ ഒരു ദേവാലയത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് മദിരാശിയിലെത്തിയ രാത്രി തന്നെ ഇതാ ഇവിടെവരെയുടെ ആക്ഷന്‍ സ്വീക്വന്‍സുകളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ത്യാഗരാജന് ശശിയുടെ വീട്ടിലേക്കു പോകേണ്ടതായി വന്നു. ദിവസത്തില്‍ മൂന്നും നാലും സിനിമയ്ക്കു വേണ്ടി സ്റ്റണ്ട് രംഗങ്ങള്‍ ഒരുക്കുന്നതിന്റെ തിരക്കിലും ശശിയുമായുള്ള ആത്മബന്ധം കാരണം രാത്രി വൈകിയാലും ശശിയുടെ വീട്ടില്‍ എത്തും. ഒരു ദിവസം ത്യാഗരാജന്റെ വരവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ശശി. ശശി മാത്രമല്ല, മറ്റൊരാളും. താടിവെച്ച് വെളുത്തു സുന്ദരനായ ആ ചെറുപ്പക്കാരനെ ശശി പരിചയപ്പെടുത്തി. 'മാസ്റ്റര്‍ ഇയാളെ അറിയാതിരിക്കില്ല, മലയാളത്തിലെ വലിയ എഴുത്തുകാരനാണ്. പുതിയ സിനിമയുടെ കഥ ഇദ്ദേഹത്തിന്റെതാണ്. പേര് പത്മരാജന്‍.' നോവലിസ്റ്റും കഥാകൃത്തുമായ പത്മമരാജനെക്കുറിച്ച് ഏതോ സെറ്റില്‍വെച്ച് നടന്‍ പി.ജെ. ആന്റണി പറഞ്ഞത് ത്യാഗരാജന്‍ അപ്പോഴാണ് ഓര്‍ത്തത്. ഭരതന്റെ പ്രയാണത്തിന്റെ തിരക്കഥ പത്മരാജന്റേതാണെന്ന് കൂടി പറഞ്ഞശേഷം ഇതാ ഇവിടെവരെയിലെ സംഘട്ടന സന്ദര്‍ഭങ്ങള്‍ ശശി വിശദീകരിച്ചു. ചിത്രത്തിന്റെ ക്ലൈമാക്സിലെ, മഴയുള്ള രാത്രിയില്‍ മധുവിന്റെ പൈലിയും സോമന്റെ വിശ്വനാഥനും തമ്മിലുള്ള ഏറ്റുമുട്ടലാണ് ത്യാഗരാജനെ ഏറെ ആകര്‍ഷിച്ചത്. സ്വിറ്റേഷന്‍ കേട്ടശേഷം ശശിയോടും പത്മരാജനോടും ഒറ്റ കാര്യമേ തിരിച്ചു ചോദിച്ചുള്ളൂ:
'യഥാര്‍ത്ഥത്തില്‍ ഈ സിനിമയിലെ വില്ലന്‍ ആരാണ്, മധു സാറോ സോമനോ?'
'രണ്ടുപേരും നായകന്മാരാണ്; രണ്ടുപേരിലും വില്ലന്മാരുമുണ്ട്,' മറുപടി പറഞ്ഞത് ശശിയാണ്.
കഥ കേട്ട് ആ പാതിരാത്രി വീട്ടിലേക്കു മടങ്ങാന്‍നേരം ജാവ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുകൊണ്ട് ത്യാഗരാജന്‍ പറഞ്ഞു:
'പൈലി ഗംഭീരം, എന്നാലും വിശ്വനാഥന്‍ തകര്‍ക്കും.'
ത്യാഗരാജന്റെ വാക്കുകള്‍ കേട്ട് ശശിയും പത്മരാജനും പുഞ്ചിരിച്ചു. ആ നേരത്ത് മാനത്ത് നക്ഷത്രങ്ങള്‍ പൂത്തുവിടര്‍ന്നിരുന്നു.
പത്മരാജനും ഐ.വി. ശശിയും ആദ്യമായി ഒന്നിക്കുന്ന സിനിമ മാത്രമായിരുന്നില്ല ഇതാ ഇവിടെവരെ. അത് ശശിയുടെ ആദ്യ കളര്‍ചിത്രം കൂടിയായിരുന്നു. കുട്ടനാട്ടിലും പരിസരങ്ങളിലുമായിട്ടാണ് ചിത്രീകരണം. മധുവും സോമനും ചേര്‍ന്നുള്ള ക്ലൈമാക്സ് ഫൈറ്റ് ഉദയാ സ്റ്റുഡിയോയുടെ പിന്നിലുള്ള ഒരു തോട്ടില്‍ വെച്ചെടുക്കാന്‍ നോക്കിയെങ്കിലും ക്യാമറമാന്‍ രാമചന്ദ്രബാബുവിന് അതൊട്ടും തൃപ്തികരമായില്ല. ഒടുവില്‍, നിര്‍മാതാവ് ഹരിപോത്തനാണ് മദ്രാസിലെ എണ്ണൂര്‍ എന്ന കായല്‍പ്രദേശത്ത് ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്യാം എന്നു നിശ്ചിയിച്ചത്.
സംഘട്ടനരംഗങ്ങളില്‍ മധുവിന് ഓരോ മൂഡാണ്. ഫൈറ്റ് ചെയ്യാനുള്ള മാനസികാവസ്ഥയാണെങ്കില്‍ അദ്ദേഹമത് ഗംഭീരമായി ചെയ്തിരിക്കുമെന്ന് അനുഭവംകൊണ്ട് ത്യാഗരാജനറിയാം. പക്ഷേ, സോമന്‍ ഫൈറ്റില്‍ അത്ര ശോഭിക്കാത്ത നടനാണ്. ഇടിക്കൊന്നും വലിയ പഞ്ചുണ്ടാവില്ലെങ്കിലും ഒരുവിധം ഒപ്പിച്ചെടുക്കും എന്നും ത്യാഗരാജന്‍ മനസ്സിലാക്കിയിരുന്നു. എണ്ണൂരിലെ വെള്ളക്കെട്ടുള്ള, ചെളിനിറഞ്ഞ ഒരു വയല്‍പ്രദേശത്ത് ഷൂട്ടിങ്ങിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഉച്ചതിരിഞ്ഞ് മധുവും സോമനുമെത്തി. വാറ്റുചാരായം നന്നായി കഴിച്ചിട്ടാണ് രണ്ടുപേരും സെറ്റിലെത്തിയത്. നന്നായി തലയ്ക്കു പിടിച്ചിട്ടുണ്ടെന്ന് ഫൈറ്റ് സീനുകള്‍ വിശദീകരിച്ചുകൊടുക്കുമ്പോള്‍ ത്യാഗരാജന് മനസ്സിലായി.
മൂക്കറ്റം ചാരായത്തില്‍ മുങ്ങിയ അവസ്ഥയില്‍ എങ്ങനെ സ്റ്റണ്ട് എടുക്കാനാവും എന്ന കാര്യത്തില്‍ അദ്ദേഹത്തിനു സംശയമുണ്ടായിരുന്നു. എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് അദ്ഭുതപ്പെടുത്തിക്കൊണ്ട് കാര്യങ്ങള്‍ മാറിമറിഞ്ഞത്.
'ത്യാഗരാജാ, നമുക്കു തുടങ്ങാം!'
മധുവിന്റെ ശബ്ദം. 'ഈ അവസ്ഥയിലോ...' എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും 'വേണ്ട' എന്ന് മധുവിനോടു പറയാനുള്ള ധൈര്യം ഇല്ലായിരുന്നു. സോമന്‍ മാത്രമായിരുന്നെങ്കില്‍, ഈ കോലത്തില്‍ എടുക്കാന്‍ പറ്റില്ലെന്ന് തറപ്പിച്ച് പറയുമായിരുന്നു. വാറ്റുചാരായത്തിന്റെ ലഹരിയില്‍ സോമനോടൊപ്പം ചെളി നിറഞ്ഞ പാടത്തേക്കിറങ്ങുമ്പോള്‍ ഐ.വി. ശശിയോട് മധു പറഞ്ഞു:
'അടി തുടങ്ങിയാല്‍ ഞങ്ങള്‍ എപ്പോ നിര്‍ത്തും എന്നൊന്നും പറയാനാവില്ല. അതുകൊണ്ട് കട്ട് പറയാനൊന്നും നില്‍ക്കേണ്ട.'
'ക്യാമറ സ്റ്റാര്‍ട്ട് ആക്ഷന്‍' എന്നു പറയുമ്പോഴേക്കും മധുവും സോമനും അടി തുടങ്ങി. അടിയെന്നു പറഞ്ഞാല്‍ ഒന്നാംതരം നാടന്‍തല്ല്. ചെളിയില്‍ വീണും കെട്ടിമറിഞ്ഞും അവര്‍ അടി തുടര്‍ന്നു. നീയോ ഞാനോ വലിയവന്‍ എന്ന മട്ടില്‍ തമ്മിലടിച്ച് വാശി തീര്‍ക്കുന്നതുപോലെയായിരുന്നു അത്. ഷൂട്ടിങ്ങാണെന്ന കാര്യം പോലും രണ്ടുപേരും മറന്നുപോയി. ആസ്വദിച്ചുകൊണ്ടുതന്നെ രാമചന്ദ്രബാബു അതെല്ലാം ക്യാമറയില്‍ അതിമനോഹരമായി പകര്‍ത്തി. ഇടയ്ക്ക്, ഐ.വി. ശശി കട്ട് പറഞ്ഞതൊന്നും മധുവും സോമനും കേട്ടതേയില്ല. ഒന്നരമണിക്കൂറോളം നീണ്ട അടി അവസാനിപ്പിക്കുമ്പോഴേക്കും രണ്ടുപേരും ഒരു പരുവത്തിലായിക്കഴിഞ്ഞിരുന്നു. എന്നിട്ടും ഒന്നും സംഭവിക്കാത്തമട്ടില്‍ തോളില്‍ കൈയിട്ട് പൊട്ടിച്ചിരിയോടെ അവര്‍ കയറി വന്നു. അങ്ങനെയൊരനുഭവം അതിനുമുമ്പോ ശേഷമോ ശശിയുടെയും ത്യാഗരാജന്റെയും ജീവിതത്തിലുണ്ടായിക്കാണില്ല. ചെളിയില്‍ കിടന്ന് നന്നായി പൊരുതിയെങ്കിലും മധുവിനും സോമനും ചില ഡ്യൂപ്പ് ഷോട്ടുകള്‍ കൂടി വേണ്ടി വന്നു. സോമന് ത്യാഗരാജന്‍ ഡ്യൂപ്പായപ്പോള്‍ മധുവിനുവേണ്ടി ഡ്യൂപ്പിട്ടത് രാജ്കുമാര്‍ എന്ന ഫൈറ്ററായിരുന്നു. ഇതാ ഇവിടെവരെ നേടിയ മികച്ച സാമ്പത്തികവിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു മധുവും സോമനും ചേര്‍ന്നുള്ള ക്ലൈമാക്സ് ഫൈറ്റ്. സിനിമയ്ക്കകത്തും പുറത്തും ഈ ഫൈറ്റ് ഒരുപാട് ചര്‍ച്ചചെയ്യപ്പെട്ടു. അഭിനേതാക്കളെല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ ഏറെ മികച്ചതാക്കിയെങ്കിലും ഇതാ ഇവിടെവരെയിലൂടെ വലിയ നേട്ടമുണ്ടായത് സോമനാണ്. ഗായത്രി മുതല്‍ അമ്പതിലേറെ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിരുന്ന സോമനെ ഇതാ ഇവിടെ വരെയിലെ വിശ്വനാഥന്‍ താരപദവിയിലേക്കുയര്‍ത്തി.
ആ സിനിമ മറ്റൊരു വിസ്മയത്തിനു കൂടി കാരണമായിത്തീര്‍ന്നു. ഉല്ലാസയാത്രയുടെ ഷൂട്ട് കഴിഞ്ഞ് മടങ്ങിയ കൃഷ്ണന്‍ നായര്‍ സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായി മാറിയിരുന്നു അന്ന്. ആലപ്പുഴയില്‍ ഇതാ ഇവിടെ വരെയുടെ തിരക്കിട്ട ഷൂട്ടിങ്ങിനിടയിലേക്ക് ഒരു ദിവസം നിര്‍മ്മാതാവ് ഹരിപോത്തന്‍ കൃഷ്ണന്‍ നായരെയും കൂട്ടി വന്നു. ഐ.വി. ശശിക്ക് പരിചയപ്പെടുത്തിയശേഷം, എന്തെങ്കിലും വേഷം കൊടുക്കണമെന്നു പറഞ്ഞു. എല്ലാ കഥാപാത്രങ്ങളെയും അപ്പോഴേക്കും തീരുമാനിച്ചു കഴിഞ്ഞിരുന്നു. ഹരിപോത്തന്‍ പറഞ്ഞ സ്ഥിതിക്ക് കൃഷ്ണന്‍ നായരെ ഒഴിവാക്കാനും വയ്യെന്നായി.
ഒടുവില്‍, പത്മരാജന്റെ കഥയിലില്ലാത്ത ഒരു കഥാപാത്രത്തെ ശശി തന്നെ രൂപപ്പെടുത്തി. സിനിമയുടെ തുടക്കത്തില്‍ സോമനെ തോണിയില്‍ അക്കരെയെത്തിക്കുന്ന കടത്തുകാരന്റെ വേഷം. കൃഷ്ണന്‍ നായര്‍ ആ വേഷം തന്മയത്വത്തോടെ ചെയ്യുന്നതു കണ്ട്, സംവിധായകന്‍ അയാള്‍ക്കുവേണ്ടി ഒരു സീന്‍ കൂടി സൃഷ്ടിച്ചു. തന്റെ ശരീരത്തിന്റെ കരുത്ത് വെളിപ്പെടുത്തിക്കൊണ്ട് അനായാസം ആ തോണി തുഴഞ്ഞുപോയ കൃഷ്ണന്‍ നായര്‍ അങ്ങനെ മലയാള സിനിമയുടെ അഭിവാജ്യഘടകമായി മാറി. ത്യാഗരാജനൊരുക്കിയ അതിസാഹസിക മുഹൂര്‍ത്തങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവന്‍ പകര്‍ന്ന സാഹസികനായകനായി അയാള്‍ പതിയെ വളര്‍ന്നു. കരുത്തിന്റെ പ്രതിരൂപമായിത്തീര്‍ന്ന ആ മനുഷ്യന് വെള്ളിത്തിരയിലും ജനഹൃദയങ്ങളിലും മറ്റൊരു പേര് കുറിക്കപ്പെട്ടു... ജയന്‍!
(തുടരും)
Content Highlights: Jayan Malayalam Cinema Stunts Fight Master Thyagarajan Ullasayathra Itha Ivide Vare Movie History
ABOUT THE AUTHOR
എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·