ആദ്യം അടൂർ,രണ്ട് പതിറ്റാണ്ടിനിപ്പുറം മോഹൻലാൽ;ഫാൽക്കെ പുരസ്കാരം മലയാളത്തിലെത്തിച്ചത് പത്തനംതിട്ടക്കാർ

4 months ago 4

mohanlal adoor gopalakrishnan

മോഹൻലാൽ, അടൂർ ഗോപാലകൃഷ്ണൻ | ഫോട്ടോ: മാതൃഭൂമി

പത്തനംതിട്ട: അഭിമാനത്തിന്റെ വെള്ളിത്തിരവെട്ടമാണ് പത്തനംതിട്ടയുടെ ഉള്ളംനിറയെ. അടൂരിലും ഇലന്തൂരും പിറന്നവർ മലയാളത്തിന്റെ അതിശയജാലമാകുമ്പോൾ പത്തനംതിട്ടയുടെ പകിട്ടേറുന്നു. ചലച്ചിത്രകലയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മലയാളികൾ രണ്ടുപേർ മാത്രം; അടൂർ ഗോപാലകൃഷ്ണനും മോഹൻലാലും. ഇരുവരും പിറന്നത് പത്തനംതിട്ടയുടെ മണ്ണിലാണെന്നത് അപൂർവമായ പൂർണത. 2005-ലാണ് അടൂർ ഗോപാലകൃഷ്ണനെ തേടി ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം എത്തിയത്. അതിന് രണ്ട് പതിറ്റാണ്ട് തികയുന്ന വേളയിലാണ്‌ മോഹൻലാലിലൂടെ രണ്ടാംനേട്ടം. ഇവിടെ പത്തനംതിട്ടയുടെയും പെരുമ മലയാളസിനിമയോളം ഏറുന്നു.

ലാലിന്റെ ഇലന്തൂർ

‘ഞാൻ ഒരു പത്തനംതിട്ടക്കാരനാണ്...’ പലയിടത്തും മോഹൻലാൽ മടിയില്ലാതെ ആവർത്തിച്ച വാക്യം. സ്പിരിറ്റ്, തുടരും എന്നീ ചിത്രങ്ങളിൽ ഈ ചൊല്ലിലൂടെ ജനിച്ച നാടിനോടുള്ള ആത്മബന്ധം ദൃഢമാക്കുന്നു. ‘മോഹനരാഗങ്ങൾ’ എന്ന പുസ്തകത്തിലെ അഭിമുഖത്തിൽ തന്റെ പേര് വന്നവഴിയെപ്പറ്റി മോഹൻലാൽ പറയുന്നുണ്ട്. അതിനവസാനം ഇങ്ങനെ ചേർക്കുന്നു; ‘എനിക്കിപ്പോഴും അതൊരു വലിയ മിസ്റ്ററിയാണ്. ഒരു കുട്ടിക്ക്‌ പേരിടുക അത്ര പ്രധാനപ്പെട്ട കാര്യമാണല്ലോ? പത്തനംതിട്ട ഓമല്ലൂരിനടുത്ത് ഇലന്തൂർ പുന്നയ്കലിൽ നിന്നൊരാൾക്ക് ഇങ്ങനെ പേരിടുക. എന്തോ ഒരു പ്രത്യേകത ഇല്ലേ...’

1960 മേയ് 21-ന് ഇലന്തൂരിലാണ് ജനനം. അച്ഛൻ ഇലന്തൂർ പരിയാരം മേമുറിയിൽ വിശ്വനാഥൻനായർ. അമ്മ ഇലന്തൂർ പുന്നയ്ക്കൽ ശാന്തകുമാരി. സിനിമയിൽ സജീവമാവുന്നതിന് തൊട്ടുമുമ്പുള്ള കാലംവരെ പലപ്പോഴും അമ്മവീട്ടിൽ വന്ന് താമസിച്ചിട്ടുണ്ടെന്ന് മോഹൻലാൽ പറഞ്ഞിട്ടുണ്ട്. ‘പത്തനംതിട്ടയും അതിന്റെ പച്ചപ്പുകളും പമ്പയാറുമെല്ലാം എന്റെ മനസ്സിലുണ്ട്. ഞാൻ ജനിച്ച മണ്ണായതുകൊണ്ട് മാത്രമല്ല. എന്റെ അച്ഛനും അമ്മയും പിറന്ന ദേശമാണിത്. അവരിലൂടെ എന്നിലും പത്തനംതിട്ടയുടെ പരിമളം പരന്നിട്ടുണ്ട്.’- ജില്ലയുടെ മുപ്പതാം വാർഷികത്തിന് ‘മാതൃഭൂമി’ക്ക്‌ നൽകിയ അഭിമുഖത്തിലെ വാക്കുകൾ.

മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘മാടമ്പി’ ഇലന്തൂരിലെ മൺമറഞ്ഞ നാട്ടുപ്രമാണിത്ത സംസ്കാരത്തിന്റെ കഥയായിരുന്നു. അടുത്തിടെ വൻ ഹിറ്റായ ‘തുടരും’ സിനിമയുടെ കഥാഭൂമിക റാന്നിയാണ്. 34 വർഷത്തിനുശേഷം സ്വന്തം ജില്ലയിൽ മോഹൻലാൽ ഷൂട്ടിങ്ങിനെത്തിയതും തുടരും സിനിമയ്ക്ക് വേണ്ടിയായിരുന്നു.

മഹാനടൻ പിന്നിട്ട വഴികളുടെ ഓർമ മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്, മോഹൻലാലിന്റെ പിതൃസഹോദരിയുടെ മൂത്തമകനായ അയിരൂർ മൂക്കന്നൂർ മുറിവേലിൽ എം.ആർ. ജഗൻ മോഹൻദാസ്. പമ്പയാറ്റിലാണ് ‘ലാലു’ നീന്തൽ പഠിച്ചത്. ഓണക്കാലത്ത് മൂക്കന്നൂരിലെത്തിയാൽ തിരുവോണത്തോണി വരവ്, അയിരൂർ ജലോത്സവം, ഉത്രട്ടാതി ജലോത്സവം എന്നിവയിൽ പങ്കെടുത്തിട്ടെ മടങ്ങാറുണ്ടായിരുന്നുള്ളൂ- അദ്ദേഹം ഓർക്കുന്നു.

അനന്തരം അടൂർ

അടൂരിനെ ലോകസിനിമയുടെ ഫ്രെയ്മിലേക്ക് ചേർത്ത സംവിധായകൻ, മൗട്ടത്ത് ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ എന്ന അടൂർ ഗോപാലകൃഷ്ണൻ. 1941-ൽ അടൂർ പള്ളിക്കൽ മേടയിൽ ബംഗ്ലാവിൽ മൗട്ടത്ത് ഗൗരിക്കുഞ്ഞമ്മയുടെയും പള്ളിപ്പാട് മാധവനുണ്ണിത്താന്റെയും ഏഴുമക്കളിൽ ആറാമനായി ജനനം. നാലുമുതൽ മണക്കാല തുവയൂർ വടക്ക് ഗവ.എൽപിഎസിലാണ് പഠിച്ചത്.

ചെറുപ്പത്തിൽ തന്നെ നാടകത്തെ ഇഷ്ടപ്പെട്ട് തുടങ്ങിയ അദ്ദേഹം കാലത്തിന്റെ ഒഴുക്കിൽ മലയാളിക്ക് എന്നെന്നും ഓർത്തിരിക്കാനുള്ള സിനിമകൾ നൽകി. സിനിമാരംഗത്ത് പ്രശസ്തനായതിനുശേഷം നാട്ടിൽനിന്ന് താമസം മാറിയെങ്കിലും തന്റെ സിനിമകളിലുടനീളം സ്വന്തം നാടിന്റെ കാഴ്ചകൾ നിറച്ചു. മധ്യതിരുവിതാംകൂറിലെ സാധാരണ ജനങ്ങളുടെ ജീവിതം അടയാളപ്പെടുത്തിയ ചിത്രങ്ങൾ. അടൂർ ദേശത്തിന്റെ സംസ്കാരവും ഭാവവും കൂടി ഉൾക്കൊള്ളുന്നതായിരുന്നു അവ. എലിപ്പത്തായത്തിലെ തറവാടും കഥാപശ്ചാത്തലവും തന്റെ കുടുംബവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിൽ നിന്ന് എടുത്തതാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

Content Highlights: Kerala's Dada Saheb Phalke Award winners, Both from Pathanamthitta

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article