തിരുവനന്തപുരം: മുതിര്‍ന്ന പിന്നണിഗായികയും ആദ്യകാല ചലച്ചിത്ര-നാടക നടിയും ആകാശവാണി കലാകാരിയുമായ സി.എസ്. രാധാദേവി(93) അന്തരിച്ചു. സ്റ്റാച്യു ഉപ്പളം റോഡ് മാളികപ്പുരയ്ക്കല്‍ വീട്ടില്‍ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം. സംസ്‌കാരം പുത്തന്‍കോട്ട ശ്മശാനത്തില്‍ നടന്നു.
1944-ലാണ് രാധാദേവി പിന്നണിഗാന-അഭിനയ രംഗങ്ങളിലെത്തുന്നത്. അഭിനയരംഗത്തേക്ക് തിക്കുറിശ്ശി സുകുമാരന്‍ നായരും ഗാനരംഗത്തേക്ക് തിരുനയിനാര്‍ക്കുറിച്ചി മാധവന്‍ നായരുമാണ് കൊണ്ടുവന്നത്. തിക്കുറിശ്ശി അഭിനയിച്ച 'സ്ത്രീ' എന്ന സിനിമയില്‍ രണ്ടാം നായികയായിരുന്നു. 14 സിനിമകളില്‍ പിന്നണി പാടിയിട്ടുണ്ട്.
തമിഴിലും മലയാളത്തിലുമായി പത്തോളം സിനിമകളില്‍ അഭിനയിച്ചു. ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡ് അംഗമായിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ വിശിഷ്ടാംഗത്വം, ഗുരുപൂജാ പുരസ്‌കാരം, ടാഗോര്‍ ജയന്തി അവാര്‍ഡ്, സമഗ്രസംഭാവനയ്ക്കുള്ള സര്‍ക്കാരിന്റെ ചലച്ചിത്രപുരസ്‌കാരം, നാട്യഗൃഹം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. അറുപതു വര്‍ഷത്തിലേറെ ആകാശവാണിയില്‍ സജീവമായിരുന്നു.
കേരള സര്‍വകലാശാലാ അസിസ്റ്റന്റ് രജിസ്ട്രാറായിരുന്ന പരേതനായ എന്‍. നാരായണന്‍ നായരാണ് ഭര്‍ത്താവ്. മകന്‍: എന്‍.നന്ദഗോപന്‍(റിട്ട. കയര്‍ഫെഡ്). മരുമകള്‍: ബി.കെ. ലക്ഷ്മി. ചെറുമകള്‍ ആന്‍ മാളികപ്പുരയ്ക്കല്‍ സഹസംവിധായകയും അഭിനേത്രിയുമാണ്. ബഷീറിന്റെ 'ഭാര്‍ഗവീനിലയം' എന്ന ചിത്രത്തില്‍ വിജയനിര്‍മല അവതരിപ്പിച്ച ഭാര്‍ഗവിക്കു ശബ്ദം നല്‍കിയ സി.എസ്. സുഭദ്ര(കണ്ണമ്മ) സഹോദരിയാണ്.
ക്യാമറയ്ക്കു മുന്നിലും മൈക്കിനു പിന്നിലും
അഭിനേതാവ്, പിന്നണിഗായിക, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ ചലച്ചിത്രരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച കലാകാരിയാണ് തിങ്കളാഴ്ച അന്തരിച്ച സി.എസ്. രാധാദേവി. പിന്നീട് ആകാശവാണിയില്‍ പ്രധാന ആര്‍ട്ടിസ്റ്റായി. പില്‍ക്കാലത്ത് സീരിയല്‍-നാടക രംഗങ്ങളിലും കൈവെച്ചു.
പതിമൂന്നാം വയസ്സില്‍ ടി.എന്‍. ഗോപിനാഥന്‍ നായരുടെ നാടകത്തില്‍ അഭിനയിച്ചുകൊണ്ടായിരുന്നു രാധാദേവിയുടെ തുടക്കം. അച്ഛന്‍ വഞ്ചിയൂര്‍ മേടയില്‍ വീട്ടില്‍ ശിവശങ്കരപിള്ളയ്ക്ക് മകളുടെ സിനിമാഭിനയത്തോട് ആദ്യം എതിര്‍പ്പായിരുന്നു. ബന്ധുവായ തിക്കുറിശ്ശി സുകുമാരന്‍ നായരുടെ പ്രേരണ നിയോഗമായി. 1944-ല്‍ 'യാചകമോഹിനി', 'അംബികാപതി'(തമിഴ്) എന്നീ സിനിമകളില്‍ ബാലനടിയായി.
1948-ല്‍ തിക്കുറിശ്ശി അഭിനയിച്ച 'സ്ത്രീ' എന്ന സിനിമയില്‍ രണ്ടാം നായികയായി. രാധാദേവിയെ പിന്നണിഗാനരംഗത്തേക്കു കൊണ്ടുവന്ന തിരുനയിനാര്‍ക്കുറിച്ചി മാധവന്‍നായര്‍ അവരെ മെരിലാന്‍ഡ് സ്റ്റുഡിയോയിലേക്കു കൊണ്ടുപോയപ്പോള്‍ അവിടെ കമുകറ പുരുഷോത്തമന്‍ പാടാനുണ്ടായിരുന്നു.
1950-ല്‍ 'നല്ലതങ്ക' എന്ന ചിത്രത്തില്‍ ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ യേശുദാസിന്റെ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫിനൊപ്പം രാധാദേവി ആദ്യം പാടി. 'അവകാശി', 'ഹരിചന്ദ്ര', 'മന്ത്രവാദി', 'പാടാത്ത പൈങ്കിളി', 'രണ്ടിടങ്ങഴി', 'പൂത്താലി', 'ഭക്തകുചേല' തുടങ്ങി 14 സിനിമകളില്‍ പിന്നണി പാടി. അവയില്‍ അധികവും കമുകറയുമൊത്തുള്ള യുഗ്മഗാനങ്ങളായിരുന്നു. ബ്രദര്‍ ലക്ഷ്മണയായിരുന്നു സംഗീതസംവിധായകന്‍.
വീരരാഘവന്‍ നായരുടെ 'തൂവലും തുമ്പയും' എന്ന നാടകത്തിനുവേണ്ടി തിരുനയിനാര്‍ക്കുറിച്ചി രചിച്ചതാണ് 'തുമ്പപ്പൂ പെയ്യണ പൂനിലാവേ...' എന്ന ഗാനം. പിന്നീടത് 'രണ്ടിടങ്ങഴി' എന്ന സിനിമയിലുപയോഗിക്കാന്‍ നിര്‍മാതാവായ മെരിലാന്‍ഡ് സുബ്രഹ്‌മണ്യം തീരുമാനിച്ചു. പാടാന്‍ നിശ്ചയിച്ചത് കമുകറയെയും രാധാദേവിയെയുമായിരുന്നു. ദിവസങ്ങള്‍ നീണ്ട റിഹേഴ്സലിനു ശേഷം സ്റ്റുഡിയോയിലെത്തിയപ്പോള്‍ രാധാദേവി കണ്ടത് കമുകറയ്‌ക്കൊപ്പം പാട്ട് മറ്റൊരാള്‍ പാടുന്നതായിരുന്നു- കെപിഎസി സുലോചന. ഇതിന്റെ നഷ്ടബോധം, പാടിയ ഗാനങ്ങളുടെ മികവിനെക്കാളേറെ വേദനയോടെ അവര്‍ മനസ്സില്‍ സൂക്ഷിച്ചു.
കലാനിലയം കൃഷ്ണന്‍ നായരായിരുന്നു ആകാശവാണിയിലേക്കു നയിച്ചത്. 1949-ല്‍ ആകാശവാണി സ്ഥാപിതമായപ്പോള്‍ മുതല്‍ സ്ഥിരം ആര്‍ട്ടിസ്റ്റായിരുന്നു. ജഗതി എന്‍.കെ. ആചാരി, വീരരാഘവന്‍ നായര്‍, ശ്യാമളാലയം കൃഷ്ണന്‍ നായര്‍, കെ.ജി. ദേവകി അമ്മ, ടി.പി.രാധാമണി എന്നിവര്‍ സഹപ്രവര്‍ത്തകരായിരുന്നു. ഇതിനിടെ, ഡബ്ബിങ് രംഗത്തേക്കു കടന്ന രാധാദേവി മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ ശബ്ദം നല്‍കി. മലയാളത്തില്‍ 'ആന വളര്‍ത്തിയ വാനമ്പാടി' എന്ന ചിത്രത്തില്‍ സുജാതയ്ക്കും 'കടല്‍' എന്ന സിനിമയില്‍ ശാരദയ്ക്കും ശബ്ദം നല്‍കി.
'സീത', 'ജ്ഞാനസുന്ദരി', 'സ്‌നാപകയോഹന്നാന്‍', 'ഭക്തകുചേല' എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്കും ശബ്ദം നല്‍കി. പ്രൊഫഷണല്‍ നാടകരംഗത്തു പ്രവര്‍ത്തിച്ചിരുന്ന രാധാദേവി, നടന്‍ ബഹദൂര്‍ സംവിധാനംചെയ്ത 'ബല്ലാത്ത പഹയന്‍' എന്ന നാടകത്തില്‍ പ്രധാന റോളില്‍ അഭിനയിച്ചു. യേശുദാസ്, എം.ജി.രാധാകൃഷ്ണന്‍, നെയ്യാറ്റിന്‍കര വാസുദേവന്‍, ചേര്‍ത്തല ഗോപാലന്‍ നായര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ഓര്‍മകള്‍ ബാക്കിയാക്കിയാണ് രാധാദേവി വിടപറഞ്ഞത്.
Content Highlights: C.S. Radhadevi`s philharmonic journey
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·