
പ്രതീകാത്മക ചിത്രം | Photo: Facebook/ Pravin Narayanan
വിവാദങ്ങള്‍ക്കൊടുവില്‍ തീയേറ്ററിലെത്തിയ സുരേഷ് ഗോപി ചിത്രം. സമൂഹം ചര്‍ച്ച ചെയ്യേണ്ടുന്ന വിഷയം. ഇതിനെല്ലാമപ്പുറം, തീപ്പൊരി ഡയലോഗുകളുമായി സ്‌ക്രീന്‍ നിറയുന്ന സുരേഷ് ഗോപി. തീയേറ്ററില്‍ ആരാധകര്‍ കാണാനാഗ്രഹിച്ച 'സൂപ്പര്‍സ്റ്റാര്‍ എസ്.ജി'യുടെ തിരിച്ചുവരവാണ് 'ജെഎസ്‌കെ: ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള' എന്ന പ്രവീണ്‍ നാരായണന്‍ ചിത്രം.
കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍പ്പെടുത്താവുന്ന ചിത്രമാണ് ജെഎസ്‌കെ. പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളും സുരേഷ് ഗോപിയുടെ മാസ് ഡയലോഗ് ഡെലിവറിയുമായി ചിത്രം പൂര്‍ണ്ണമായി പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നു. നെടുങ്കന്‍ ഡയലോഗുകള്‍ ഒഴുക്കുതെറ്റാതെ അവതരിപ്പിക്കുന്ന സുരേഷ് ഗോപിയെ ചിത്രത്തില്‍ കാണാം. സുരേഷ് ഗോപിയുടെ പെര്‍ഫോമന്‍സിന് വേണ്ടി എഴുത്തപ്പെട്ട ഡയലോഗുകള്‍ എന്നതിനപ്പുറം, കഥ ആവശ്യപ്പെടുന്നു എന്നതുകൊണ്ടുകൂടിയാണ് അവ പ്രേക്ഷനെ മടുപ്പിക്കാത്തത്.
നീതിക്കുവേണ്ടി പോരാടുന്ന ജാനകി വിദ്യാധരന്‍ എന്ന ഐടി പ്രൊഫഷണലിന്റെ കഥയാണ് ജെഎസ്‌കെ പറയുന്നത്. നീതി എവിടെയാണോ അവിടെ നിലയുറപ്പിക്കുന്ന അഭിഭാഷകനായ ഡേവിഡ് ആബേല്‍ ഡോണോവന്‍ ആയാണ് സുരേഷ് ഗോപിയെ ടൈറ്റില്‍ കാര്‍ഡ് മുതല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അതിന് സമീപകാലത്തെ ചില യഥാര്‍ഥ സാമൂഹികപ്രശ്‌നങ്ങളും കഥയില്‍ കൂട്ടുപിടിക്കുന്നു. ഇതിനിടെ ഡേവിഡ് ഡോണോവന്റെ കഥാപാത്രത്തിന് കുടുംബമടക്കം നഷ്ടപ്പെടുന്നതായി കഥയില്‍ ആദ്യം തന്നെ പറഞ്ഞുവെക്കുന്നുണ്ട്. ഡോണോവന്റെ കുട്ടിക്കാലവും പറഞ്ഞുപോകുന്നു. പിന്നീട് ചിത്രത്തിലെ പ്രധാനവഴിത്തിരിവായി മാറുന്നതും കേവലം ടൈറ്റില്‍ കാര്‍ഡില്‍ വന്നുപോകുന്ന ഈ ഫ്‌ളാഷ്ബാക്കാണ്.
ഡോണോവന്‍ ആദ്യപകുതിയുടെ തുടക്കങ്ങളില്‍ നീതിക്കുവേണ്ടി മാത്രം നിലകൊള്ളുന്ന അഭിഭാഷകനാണ്. എന്നാലത്, അനുപമ പരമേശ്വരന്‍ അവതരിപ്പിക്കുന്ന ജാനകി എന്ന കഥാപാത്രത്തിന്റെ ജീവിത്തിലെ ഒരു അപ്രതീക്ഷിത ദുരന്തമുണ്ടാവുന്നത് വരെ മാത്രം. തുടര്‍ന്നങ്ങോട്ട് രണ്ടാംപകുതിയില്‍ ഒരുഘട്ടം വരെ ഡോണോവന്‍ വില്ലന്റെ കോട്ടണിഞ്ഞ നായകനാണ്. ട്രെയ്‌ലറുകളില്‍നിന്ന് വ്യക്തമായതുപോലെ, പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ് ചിത്രം പറയുന്നത്. കുറ്റവാളിയെ കണ്ടെത്തുന്നതിനപ്പുറത്തേക്ക്, പ്രസക്തമായൊരു നിയമപ്രശ്‌നവും ചിത്രം മുന്നോട്ടുവെക്കുന്നു. അതിലേക്ക് സിനിമ എങ്ങനെ എത്തുന്നു എന്നതാണ്, പ്രവചിക്കാന്‍ കഴിയുന്ന കഥയ്ക്കുമപ്പുറം ചിത്രത്തില്‍ പ്രേക്ഷനെ പിടിച്ചിരുന്നത്. ചിത്രത്തില്‍ പലയിടത്തും കേരളത്തിലെ സമീപകാല കക്ഷിരാഷ്ട്രീയ വിഷയങ്ങളും വന്നുപോകുന്നുണ്ട്.
ചിത്രത്തിന്റെ പ്രധാന ശക്തി ജിബ്രാന്റെ പശ്ചാത്തലസംഗീതമാണ്. മാസ് സീനുകളിലും ഇമോഷണല്‍ സീനുകളിലും ഒരുപോലെ ചിത്രത്തെ പ്രേക്ഷകനുമായി ആഴത്തില്‍ ബന്ധിപ്പിക്കാന്‍ ജിബ്രാന്റെ സംഗീതത്തിന് സാധിക്കുന്നുണ്ട്. പാപനാശം, വിശ്വരൂപം 2, രാക്ഷസന്‍, മാരാ എന്നീ തമിഴ് ചിത്രങ്ങളിലൂടെ മലയാളിക്ക് പരിചിതനാണ് ജിബ്രാന്‍. അതിരന് ശേഷം ജിബ്രാന്റെ രണ്ടാമത്തെ മലയാളച്ചിത്രമാണ് 'ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'. രെണദിവെയുടെ ക്യാമറയും സംജിത്തിന്റെ എഡിറ്റിങ്ങും പൂര്‍ണ്ണമായും ചിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്.
പ്രേക്ഷകനെക്കൊണ്ട് കൈയടിപ്പിക്കുന്ന സുരേഷ് ഗോപിയുടെ രണ്ട് ഫൈറ്റ് സീനുകള്‍ ചിത്രത്തിലുണ്ട്. ഒരു കൈയനക്കംകൊണ്ടുപോലും ഒരു സീനിനെ ആകെ പിടിച്ചുയര്‍ത്താമെന്ന് സുരേഷ് ഗോപി ഈ സീനുകളില്‍നിന്ന് വീണ്ടും തെളിയിക്കുന്നുണ്ട്. ജാനകി വിദ്യാധരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനുപമയുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. ജാനകിയുടെ സംഘര്‍ഷങ്ങളാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. സുരേഷ് ഗോപിക്കൊപ്പം ചിത്രത്തെ ഒന്നാകെ അനുപമയും തോളിലേറ്റുന്നുണ്ട്. സുരേഷ് ഗോപിയുടെ സഹോദരിയായി എത്തുന്ന ശ്രുതി രാമചന്ദ്രന്‍, ഫിറോസ് എന്ന സിവില്‍ പോലീസ് ഓഫീസറുടെ വേഷത്തിലുള്ള അഷ്‌കര്‍ അലി, എസ്‌ഐ കഥാപാത്രത്തെ അവതരിപ്പിച്ച ബൈജു സന്തോഷ്, പബ്ലിക് പ്രോസിക്യൂട്ടര്‍ വേഷത്തിലുള്ള ജയന്‍ ചേര്‍ത്തല, സഹോദരങ്ങളായെത്തിയ ദിവ്യ പിള്ളയും മാധവ് സുരേഷും തുടങ്ങി പ്രധാനകഥാപാത്രങ്ങളെല്ലാം ചിത്രമാവശ്യപ്പെടുന്ന വിധത്തില്‍ അവരുടെ പരമാവധി പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. മത്തായൂസ് ബേബി എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ച യദുകൃഷ്ണന്റെ അഭിനയം എടുത്തുപറയേണ്ടതാണ്. ഒരുസീനിലെങ്കിലും സുരേഷ് ഗോപിയുടെ ഡയലോഗ് ഡെലിവറിയുമായി കട്ടയ്ക്ക് നില്‍ക്കാന്‍ നിഷ്താര്‍ സേട്ടിന്റെ എംഎല്‍എ ആന്റണി എന്ന കഥാപാത്രത്തിനും സാധിക്കുന്നുണ്ട്.
സംവിധായകന്‍ പ്രവീണ്‍ നാരായണന്റേത് തന്നെയാണ് കഥയും തിരക്കഥയും. മികച്ച ഒന്നാം പകുതിയുള്ള ചിത്രത്തിന്റെ രണ്ടാംപകുതിയിലെ ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ തിരക്കഥ കൂടുതല്‍ ബലപ്പെട്ടേനെ. ഗിരീഷ് നാരായണന്റെ പാട്ടുകള്‍ മൂഡിനൊപ്പമുള്ളതായിരുന്നു. കോസ്‌മോസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജെ. ഫനീന്ദ്ര കുമാര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlights: Janaki V v/s State of Kerala Suresh Gopi movie review
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·