
'ഗുഡ് ബാഡ് അഗ്ലി' പോസ്റ്ററുകൾ | Photos: facebook.com/adhikraviofficial
ആരാധകര്‍ക്ക് രണ്ടര മണിക്കൂര്‍ നേരം തിയേറ്ററില്‍ ആഘോഷിക്കാനുള്ള ചിത്രം. അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന്റെ ഒറ്റവാക്കിലുള്ള റിവ്യൂ ഇതാണ്. അധോലോക സംഘങ്ങള്‍ തമ്മിലുള്ള യുദ്ധമാണ് ഈ ആക്ഷന്‍-കോമഡി ചിത്രത്തിന്റെ പ്രമേയം. ഒരുപക്ഷേ അബ്രാം ഖുറേഷിയെ പോലും വെല്ലുമെന്ന് തോന്നിക്കുന്ന ഗ്യാങ്‌സ്റ്ററായ എ.കെയായി അജിത്ത് കുമാര്‍ അക്ഷരാര്‍ഥത്തില്‍ നിറഞ്ഞാടുകയാണ് ചിത്രത്തില്‍. റെഡ് ഡ്രാഗണ്‍ എന്ന അധോലോകസംഘത്തിന്റെ 'തല'യാണ് എ.കെ.
നായകന്റെ പേരില്‍ നിന്ന് തന്നെ ഇത് 100 ശതമാനം ഫാന്‍സിനായുള്ള പടമാണെന്ന് സംവിധായകന്‍ സൂചന നല്‍കുന്നുണ്ട്. മുന്‍ ചിത്രമായ മാര്‍ക്ക് ആന്റണിയുടെ അതേ മാതൃകയില്‍ ലൗഡായി തന്നെയാണ് സംവിധായകന്‍ അധിക് രവിചന്ദ്രന്‍ ചിത്രമൊരുക്കിയിട്ടുള്ളത്. മാര്‍ക്ക് ആന്റണിയില്‍ നായകനെ വെല്ലുന്ന പ്രകടനമാണ് വില്ലനായ എസ്.ജെ. സൂര്യ കാഴ്ചവെച്ചതെങ്കില്‍ ഇവിടെ നായകനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന വില്ലനായെത്തുന്നത് അര്‍ജുന്‍ ദാസാണ്.
പൂര്‍ണമായും 'അജിത്ത് ഷോ'യാണ് ചിത്രമെങ്കിലും വമ്പന്‍ താരനിരയും ഗുഡ് ബാഡ് അഗ്ലിയില്‍ അണിനിരക്കുന്നു. തൃഷ, സുനില്‍, ജാക്കി ഷെറോഫ്, പ്രിയ വാര്യര്‍, പ്രഭു, ഷൈന്‍ ടോം ചാക്കോ, പ്രസന്ന, ഉഷ ഉതുപ്പ്, എന്നിവര്‍ക്കൊപ്പം ആരാധകര്‍ക്ക് സര്‍പ്രൈസായി ചില അതിഥി താരങ്ങളും 'അന്താരാഷ്ട്ര ഡോണുകളും' ചിത്രത്തിലെത്തുന്നുണ്ട്.
അജിത്ത് ഫാന്‍സിനെ ഹരംകൊള്ളിക്കുന്ന സീനുകള്‍ ചിത്രത്തിലുണ്ട്. പഴയ സൂപ്പര്‍പടങ്ങളിലെ ചില രംഗങ്ങളും സിനിമയില്‍ കടന്നുവരുന്നു. പരമശിവന്‍, ധീന, ബില്ല, മങ്കാത്ത തുടങ്ങിയ ചിത്രങ്ങളില്‍ നിന്നുള്ള റഫറന്‍സുകള്‍ സംഭാഷണങ്ങളായും പാട്ടുകളായും ചിത്രങ്ങളായുമെല്ലാം ഗുഡ് ബാഡ് അഗ്ലിയിലുണ്ട്. ഇന്റര്‍വെല്‍ പഞ്ചിലെ റഫറന്‍സില്‍ ആരാധകര്‍ക്ക് ചെറിയൊരു സര്‍പ്രൈസ് അധിക് രവിചന്ദ്രന്‍ കാത്തുവെച്ചിരിക്കുന്നു.
'ഗുഡ്' ആകാന്‍ ശ്രമിക്കുന്ന നായകന്‍ സാഹചര്യങ്ങള്‍ കാരണം 'ബാഡ്' ആകുന്നതും പിന്നീട് 'അഗ്ലി'യായി അഴിഞ്ഞാടുന്നതുമാണ് ചിത്രം കാണിച്ചുതരുന്നത്. കൈതിയും കെജിഎഫും മുതല്‍ അധികിന്റെ മാര്‍ക്ക് ആന്റണിയില്‍ വരെ ഉണ്ടായിരുന്ന 'ബിഗ് ഗണ്‍' ട്രെന്‍ഡ് ഗുഡ് ബാഡ് അഗ്ലിയിലും കാണാം. ചിത്രത്തിന്റെ ആവേശം കത്തിച്ചുനിര്‍ത്തുന്ന പാട്ടുകളും ബിജിഎമ്മും ജി.വി. പ്രകാശ് കുമാര്‍ ഒരുക്കിയിട്ടുണ്ട്. മലേഷ്യന്‍-തമിഴ് റാപ്പര്‍ ഡാര്‍ക്കി നാഗരാജയുടെ 'പുലി പുലി' എന്ന ഗാനം റീമിക്‌സ് ചെയ്ത് ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. മാറ്റ് കൂട്ടാനായി ഡാര്‍ക്കി തന്നെയാണ് ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ലോജിക്ക് നോക്കാതെ ടിക്കറ്റെടുത്താല്‍ രണ്ടരമണിക്കൂര്‍ മതിമറന്ന് ആസ്വദിക്കാന്‍ കഴിയുന്ന എന്റര്‍ടെയിനര്‍ തന്നെയാണ് ഗുഡ് ബാഡ് അഗ്ലി. തല ഫാന്‍സിനാല്‍ പാക്ക്ഡായ തിയേറ്ററിലാണ് പോകുന്നതെങ്കില്‍ ആഘോഷമായി തന്നെ ചിത്രം കാണാം.
മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആദിക് രവിചന്ദ്രന്‍, രവി കന്തസ്വാമി, ഹരീഷ് മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന.
അഭിനന്ദന്‍ രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വിജയ് വേലുകുട്ടിയാണ് ചിത്രത്തിന്റെ എഡിറ്റിങ്. ദിനേഷ് നരസിംഹനാണ് ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ ജി.എം. ശേഖര്‍, സൗണ്ട് ഡിസൈനിങ് സുരേന്‍, പബ്ലിസിറ്റി ഡിസൈന്‍ എഡിഎഫ്എക്സ് സ്റ്റുഡിയോ, സംഘട്ടനം സുപ്രീം സുന്ദര്‍, കലോയന്‍ വോഡെനിച്ചാരോവ്, സ്റ്റില്‍സ് ജി. ആനന്ദ് കുമാര്‍, സ്‌റ്റൈലിസ്റ്റ്‌സ് അനു വര്‍ദ്ധന്‍, രാജേഷ് കമര്‍സ, പിആര്‍ഒ സുരേഷ് ചന്ദ്ര, വംശി ശേഖര്‍ (തെലുങ്ക്), മാര്‍ക്കറ്റിങ് ഫസ്റ്റ് ഷോ. തമിഴ്നാട് റീജിയന്‍ മാര്‍ക്കറ്റിങ് ഡി' വണ്‍. കേരള റീജിയന്‍ മാര്‍ക്കറ്റിങ്ങും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ. സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യല്‍).
Content Highlights: Complete Ajith Show: Good Bad Ugly Tamil Movie Review
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·