.jpg?%24p=cbb2633&f=16x10&w=852&q=0.8)
റെഡ് വൈനിന്റെ ലൊക്കേഷനിൽ മോഹൻലാലും ആസിഫ് അലിയും ഫഹദ് ഫാസിലും, എ.എസ്. ഗിരീഷ് ലാൽ | ഫയൽ ചിത്രം/ മാതൃഭൂമി
മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ആസിഫ് അലി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സലാം ബാപ്പു സംവിധാനംചെയ്ത ചിത്രമായിരുന്നു റെഡ് വൈന്‍. 2013-ല്‍ പുറത്തിറങ്ങിയ ചിത്രം പക്ഷേ പ്രതീക്ഷിച്ച വിജയമായിരുന്നില്ല. അതേസമയം, ചിത്രം സാമ്പത്തികമായി ലാഭമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍, മലയാളി പ്രേക്ഷകരുടെ പ്രതീക്ഷിക്കുന്നത് നല്‍കാന്‍ ചിത്രത്തിന് സാധിച്ചില്ലെന്ന് പറയുകയാണ് നിര്‍മാതാവ് എ.എസ്. ഗിരീഷ് ലാല്‍.
മലയാളികള്‍ പ്രതീക്ഷിക്കുന്ന സാധനം റെഡ് വൈനില്‍ കൊടുക്കാന്‍ പറ്റിയില്ലെന്നാണ് ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗിരീഷ് ലാല്‍ പറയുന്നത്. 'മോഹന്‍ലാല്‍ എന്ന് പറയുമ്പോള്‍ നമ്മുടെ മനസിലേക്ക് വരുന്ന സംഭവം ഉണ്ടല്ലോ, അത് കൊടുക്കാന്‍ കഴിഞ്ഞില്ല എന്നത് സത്യമാണ്. എനിക്ക് തോന്നിയത് പ്രധാനപ്പെട്ട ആളുകളോട് ഒരുപാട് തവണ പറഞ്ഞതാണ്. പക്ഷേ എന്തുചെയ്യാന്‍, കേട്ടില്ല. നിര്‍മാതാവിന് കയറി സംവിധാനംചെയ്യാന്‍ പറ്റില്ലല്ലോ?', ഗിരീഷ് ലാല്‍ ചോദിച്ചു.
'ബി. ഉണ്ണികൃഷ്ണന്റെ ഒരു ഇന്‍വസ്റ്റിഗേഷന്‍ സ്‌റ്റോറിയായിരുന്നു അതിന് മുമ്പ് വന്ന മോഹന്‍ലാല്‍ ചിത്രം. അതില്‍ ലാല്‍ സര്‍ ത്രസിച്ച് നില്‍ക്കുകയാണ്. ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായി വലിയൊരുസംഭവമായിരുന്നു. അത് കഴിഞ്ഞാണ് ഈ ഇന്‍വസ്റ്റിഗേഷന്‍ ഓഫീസര്‍ വരുന്നത്. പ്രേക്ഷകരുടെ മനസില്‍ ആ സാധനം കിടക്കുകയാണ്. അതിന് ഒരുപടി മുകളില്‍ നിന്നില്ലെങ്കില്‍ സാധനം നില്‍ക്കില്ല. അന്നേ എനിക്ക് തോന്നിയിരുന്നു. ഞാന്‍ ലാല്‍ സാറിനെ പോയി കണ്ടു. റെഡ് വൈനിന്റെ ഷൂട്ടിങ് കഴിഞ്ഞ ശേഷം, ജെന്റില്‍മാനിന്റെ ലൊക്കേഷനില്‍ പോയി കണ്ടു. അദ്ദേഹത്തോട് ആശങ്ക പങ്കുവെച്ചു', നിര്‍മാതാവ് പറഞ്ഞു.
'ആരുടേയും കുറ്റമല്ല. ബഹളമുള്ള ഇന്‍വസ്റ്റിഗേഷന്‍ ഓഫീസ് ഒന്നുമല്ല അവരുടെ മനസില്‍. കരിയിലക്കാറ്റുപോലെ എന്ന ചിത്രത്തിലെ പാറ്റേണ്‍ പോലെയാണ് അവര്‍ മനസില്‍ കണ്ടത്. അത് അന്ന് വിജയമായിരിക്കാം, എന്നാല്‍ ഇന്നത്തെക്കാലത്ത് അത് നമ്മള്‍ പറയുന്നതുപോലെയല്ല. നമ്മള്‍ വിചാരിക്കുന്നതിന്റെ അപ്പുറമുള്ള ലെവലിലാണ് പ്രേക്ഷകര്‍', അദ്ദേഹം അഭിപ്രായപ്പെട്ടു.
Content Highlights: Red Wine Movie Flop: Producer Reveals Why
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·