ഇതാ ഷെൻ ട്രയാഡിന്റെ അധിപൻ, ഖുറേഷി അബ്രാമിനൊത്ത എതിരാളി; ഡ്രാഗണിന് പിന്നിലെ മുഖം പുറത്തുവിട്ട് പൃഥ്വി

9 months ago 8

02 April 2025, 08:20 PM IST


ഹോളിവുഡ് താരത്തിന്റെ പോസ്റ്റര്‍ അത്യധികം ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്

rick-yune-empuraan-shenlong-shen-triad

1. എമ്പുരാൻ റിലീസിന് മുമ്പ് റിക്ക് യൂനിന്റെ മുഖം കാണിക്കാതെ പുറത്തിറക്കിയ പോസ്റ്റർ, 2. ഇപ്പോൾ പുറത്തുവിട്ട റിക്ക് യൂനിന്റെ ക്യാരക്റ്റർ പോസ്റ്റർ | Photos: facebook.com/PrithvirajSukumaran

മോഹന്‍ലാല്‍ ചിത്രം എല്‍2: എമ്പുരാന്റെ ട്രെയിലര്‍ ഇറങ്ങിയതുമുതല്‍ പ്രേക്ഷകര്‍ അടങ്ങാത്ത ആകാംക്ഷയിലായിരുന്നു. ട്രെയിലറില്‍ ചുവന്ന ഡ്രാഗണിന് പിന്നിലെ മുഖം ആരുടേതാണെന്നറിയാനുള്ള ആകാംക്ഷയായിരുന്നു അത്. അണിയറ പ്രവര്‍ത്തകര്‍ ഒരു സൂചന പോലും നല്‍കാതിരുന്നതിനാല്‍ ഇത് സംബന്ധിച്ച ആധികാരികമായ ഒരുവിവരവും ആര്‍ക്കും ലഭിച്ചിരുന്നില്ല.

ചിത്രത്തിന്റെ റിലീസിന് തൊട്ടുമുമ്പായി പുറംതിരിഞ്ഞുനില്‍ക്കുന്ന ആ 'ഡ്രാഗണ്‍മാന്റെ' ക്യാരക്റ്റര്‍ പോസ്റ്റര്‍ കൂടി എത്തിയതോടെ പ്രേക്ഷകരുടെ ആകാംക്ഷ ആകാശത്തോളമുയര്‍ന്നു. ആമിര്‍ ഖാന്‍ ഉള്‍പ്പെടെ പല താരങ്ങളുടേയും പേര് ആരാധകര്‍ ഊഹിച്ചെടുത്തെങ്കിലും ചിത്രം തിയേറ്ററുകളിലെത്തിയതോടെ അവരൊന്നുമായിരുന്നില്ല അതെന്ന് പ്രേക്ഷകര്‍ക്ക് മനസിലായി.

എല്‍2: എമ്പുരാന്റെ അവസാനഭാഗത്ത് സാക്ഷാല്‍ അബ്രാം ഖുറേഷിയെ പോലും വിറപ്പിച്ചുകൊണ്ട് അവതരിച്ച ആ കഥാപാത്രം പ്രേക്ഷകര്‍ക്ക് വലിയൊരു സര്‍പ്രൈസായിരുന്നു. ആഫ്രോ-ചൈനീസ് നെക്‌സസായ ഷെന്‍ ട്രയാഡിന്റെ അധിപനായ ഷെന്‍ലോങ് ഷെന്‍ എന്ന കഥാപാത്രമായി എത്തിയത് ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്, നിഞ്ജ അസാസിന്‍ എന്നിവ ഉള്‍പ്പെടെ ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളില്‍ തിളങ്ങിയ റിക്ക് യൂന്‍ ആയിരുന്നു. കൊറിയന്‍ വംശജനായ യുഎസ് നടന്‍ റിക്ക് യൂനിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ പൃഥ്വിരാജ്.

കറുത്ത വസ്ത്രം ധരിച്ച് പരുഷമായ മുഖഭാവത്തോടെയുള്ള ഷെന്‍ലോങ് ഷെന്‍ ആണ് ക്യാരക്റ്റര്‍ പോസ്റ്ററിലുള്ളത്. 'ഷെന്‍ലോങ് ഷെന്‍ ആയി റിക്ക് യൂന്‍' എന്ന് മാത്രമാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ഹോളിവുഡ് താരത്തിന്റെ പോസ്റ്റര്‍ അത്യധികം ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.

അബ്രാം ഖുറേഷിയുടെ കരുത്തനായ എതിരാളിയായി റിക്ക് യൂനിന്റെ കഥാപാത്രം എത്തുമ്പോള്‍ എല്‍3-യില്‍ പോരാട്ടം പൊടിപാറുമെന്നാണ് ആരാധകരുടെ സംസാരം. റിക്ക് യൂനിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ കൂടിയെത്തിയതോടെ തിയേറ്ററുകളില്‍ തീ പാറുന്ന ഷെന്‍-ഖുറേഷി പോരാട്ടത്തിനായുള്ള ആവേശഭരിതമായ കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

Content Highlights: Prithviraj releases quality poster of Rick Yune successful L2: Empuraan

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article