ഇതേ ചോദ്യം പുരുഷന്മാരോട് ചോദിക്കാൻ ധൈര്യമുണ്ടാകുമോ?, റിപ്പോർട്ടറോട് രൂക്ഷമായി പ്രതികരിച്ച് നടി

4 months ago 4

lakshmi manchu

ലക്ഷ്മി മഞ്ജു| Photo: instagram.com/lakshmimanchu/?hl=en

പുതിയ ചിത്രം ദക്ഷ: എ ഡെഡ്ലി കോൺസ്പിറസി എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് തെന്നിന്ത്യൻ നടി ലക്ഷ്മി മഞ്ജു. മോൺസ്റ്റർ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് ലക്ഷ്മിയെ മലയാളി പ്രേക്ഷകർക്ക് പരിചയം. ഇപ്പോഴിതാ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുന്നതിനിടെ തന്റെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടു വന്ന ചോദ്യത്തോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ലക്ഷ്മി.

മുംബൈയിലേക്കുള്ള മാറ്റം ലക്ഷ്മിയുടെ വസ്ത്രധാരണത്തേയും മാറ്റിയെന്ന ആമുഖത്തോടെയായിരുന്നു റിപ്പോർട്ടറുടെ ചോദ്യം. ഇതിന് മുംബൈയിലേക്ക് മാറുംമുമ്പ് താൻ ഏറെക്കാലം അമേരിക്കയിൽ കഴിഞ്ഞിരുന്നുവെന്ന് ലക്ഷ്മി മറുപടി നൽകി. ഇപ്പോഴത്തെ തന്റെ രൂപത്തിൽ എത്തിച്ചേരാൻ കഠിനമായി ശ്രമിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് ആ​ഗ്രഹിക്കുന്ന രീതിയിൽ വസ്ത്രം ധരിക്കാനുള്ള ആത്മവിശ്വാസം ലഭിച്ചതെന്നും ലക്ഷ്മി പറഞ്ഞു.

ഇതിനിടെ വീണ്ടും ലക്ഷ്മിയുടെ പ്രായത്തേക്കൂടി ബന്ധിപ്പിച്ച് റിപ്പോർട്ടർ വീണ്ടും അതേ ചോദ്യമുയർത്തി. അമ്പതിലേക്ക് അടുത്തിരിക്കുന്ന, ഒരു പെൺകുട്ടിയുടെ അമ്മയായ ലക്ഷ്മിയുടെ വസ്ത്രധാരണത്തിൽ ആളുകൾ കമന്റ് ചെയ്യുമെന്ന് റിപ്പോർട്ടർ പറഞ്ഞപ്പോളാണ് ലക്ഷ്മി രൂക്ഷമായി പ്രതികരിച്ചത്. ഇതേ ചോദ്യം പുരുഷന്മാരോട് ചോദിക്കുമോയെന്നും എന്ത് ധൈര്യത്തിലാണ് ഈ ചോദ്യം ചോദിച്ചതെന്നും ലക്ഷ്മി ചോദിച്ചു.

മഹേഷ് ബാബു, നിങ്ങൾക്ക് അമ്പത് വയസ്സായല്ലോ, എന്തുകൊണ്ടാണ് ഷർട്ട് ധരിക്കാതെ പ്രത്യക്ഷപ്പെടുന്നത് എന്ന് ചോ​ദിക്കുമോ? പിന്നെങ്ങനെ അതേചോദ്യം ഒരു സ്ത്രീയോട് ചോദിക്കും. ഒരു മാധ്യമപ്രവർത്തകനെന്ന നിലയ്ക്ക് അൽപം കൂടി ഉത്തരവാദിത്തം കാണിക്കൂ- എന്നാണ് ലക്ഷ്മി പ്രതികരിച്ചത്.

എന്നാൽ താനൊരിക്കലും ഒരു പുരുഷനോട് ഈ ചോദ്യം ചോദിക്കില്ലെന്നും സാമൂഹികമാധ്യമത്തിൽ സമാനമായ ചോദ്യങ്ങൾ ലക്ഷ്മി നേരിടുന്നതിനാലാണ് അത് ചോദിച്ചതെന്നും റിപ്പോർട്ടർ വീണ്ടും പറഞ്ഞു. ഇതിനോട് ശാന്തമായ രീതിയിൽ ഒരു താരദമ്പതികളുടെ അനുഭവം വരെ ചൂണ്ടിക്കാട്ടിയാണ് ലക്ഷ്മി മറുപടി നൽകിയത്.

ഇപ്പോഴും അഭിനയ മേഖലയിലുള്ള ഒരു സൂപ്പർ താരത്തിന്റെ ഭാര്യയെ എനിക്കറിയാം. വിവാഹമോചനശേഷം മുമ്പ് അവൾക്ക് വാ​ഗ്ദാനം നൽകിയിരുന്ന സിനിമകളിൽ നിന്നൊഴിവാക്കി. മുൻഭർത്താവിന് ഇഷ്ടമാകാതിരുന്നാലോ എന്നോർത്താണത്. നല്ല സിനിമകൾ ചെയ്യാനായി അവൾ കാത്തിരിക്കുകയാണ്. ഒരു പുരുഷന് ഒരിക്കലും അത്തരത്തിലൊന്ന് നേരിടേണ്ടി വരില്ല. അയാളുടെ ജീവിതം ഒരിക്കലും മാറില്ല. പക്ഷേ ഒരു സ്ത്രീക്ക് ഒരുപാട് ഉത്തരവാദിത്തങ്ങൾ വരുന്നു. ആരും അവൾക്ക് സ്വാതന്ത്ര്യം നൽകില്ല. - എന്നാണ് ലക്ഷ്മി നൽകിയ മറുപടി.

Content Highlights: Actress Lakshmi Manchu gives a befitting reply to a newsman who questioned her dressing style

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article