ഇന്റർപോൾ വരെ തോറ്റിടത്ത് ഒരു എസ്‌ഐയുടെ ധീരത; ചാൾസ് ശോഭരാജിനെ പൊക്കിയ ഇൻസ്‌പെക്ടര്‍ ഝിന്‍ഡേ

4 months ago 4

shobraj

ചാൾസ് ശോഭരാജ് (ഫയൽ ചിത്രം) | Photo: AFP

രു കാലത്ത് ഇന്ത്യയിലും യൂറോപ്പിലും മരണത്തിന്റെ ഭീതി വിതച്ച ക്രൂരനായ സീരിയല്‍ കില്ലറാണ് ചാള്‍സ് ശോഭരാജ്. ലോകപോലീസായ ഇന്റര്‍പോള്‍ പോലും മോസ്റ്റ് വാണ്ടഡ് ക്രിമിനലായി പ്രഖ്യാപിച്ച കൊടും കുറ്റവാളി. വഞ്ചകന്‍, സാത്താന്‍ തുടങ്ങിയ അര്‍ഥം വരുന്ന 'ദി സെര്‍പന്റ്' എന്ന പേരിലായിരുന്നു ശോഭരാജ് അറിയപ്പെട്ടിരുന്നത്. വിനോദസഞ്ചാരികളെ കൊല്ലുന്നവന്‍ എന്ന അര്‍ഥത്തില്‍ ബിക്കിനി കില്ലര്‍ എന്ന പേരും വീണു. പല കാലങ്ങളിലായി മുപ്പതോളം കൊലപാതകങ്ങളും മറ്റ് കൊടും കുറ്റകൃത്യങ്ങളും ചെയ്ത ചാള്‍സ് ശോഭരാജിനെ പിടികൂടാന്‍ പലരാജ്യങ്ങളിലെയും പല വന്‍കിട അന്വേഷണ ഏജന്‍സികളും ശ്രമിച്ചിരുന്നു. മിക്കപ്പോഴും ഇവരെല്ലാം പരാജയപ്പെട്ടു. എന്നാല്‍, മുംബൈ പോലീസിലെ ഒരു സാധാരണ എസ്‌ഐയാണ് ലോകത്തെ വിറപ്പിച്ച ഈ സീരിയല്‍ കില്ലറെ അറസ്റ്റ് ചെയ്തത് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? അതും രണ്ട് വട്ടം. ബോംബെ പോലീസിന്റെ പേര് അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനാക്കിയ ആ എസ്‌ഐയുടെ പേരാണ് മധുകര്‍ ബാപുറാവു ഝിന്‍ഡേ. മനോജ് ബാജ്‌പെയ് നായകനായ നെറ്റ്ഫ്‌ളിക്‌സ് സിനിമ ഇന്‍സ്‌പെക്ടര്‍ ഝിന്‍ഡേയിലൂടെ വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയാണ് ഈ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥന്‍.

ദ ബിക്കിനി കില്ലര്‍

1970 കളുടെ തുടക്കം.. അക്കാലത്ത് തായ്‌ലന്‍ഡിലെ ടൂറിസം പറുദീസയായ പട്ടായ തീരത്ത് വിദേശികള്‍ പ്രത്യേകിച്ചും വനിതകള്‍ കൊല്ലപ്പെടുന്നത് തുടര്‍ക്കഥയായി. അവരുടെയെല്ലാം പക്കലുണ്ടായിരുന്ന വിദേശ കറന്‍സികളും പാസ്‌പോര്‍ട്ടുകളും മോഷ്ടിക്കപ്പെട്ടതായും പോലീസ് കണ്ടെത്തി. കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ സ്റ്റെഫാനി ഷാല്‍മേന്‍ എന്ന 21 വയസ്സുള്ള ഫ്രഞ്ച് പെണ്‍കുട്ടിയുമുണ്ടായിരുന്നു. കുറച്ചുനാളുകള്‍ക്ക് മുന്‍പ് കാണാതായ ജൂതനായ അവളുടെ കാമുകനെ അന്വേഷിച്ചെത്തിയതായിരുന്നു പെണ്‍കുട്ടി. കൂടുതല്‍ അന്വേഷണത്തില്‍ ഈ കാമുകനും സമാനമായ സാഹചര്യത്തില്‍ നേരത്തെ കൊല്ലപ്പെട്ടതായി കണ്ടെത്തി. കൊലയാളിയെ കണ്ടെത്താന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടി. കേസ് പഠിച്ച ഇന്റര്‍പോള്‍ ഉദ്യോഗസ്ഥന്‍ ഇതേകാലത്ത് തായ്‌ലന്‍ഡിലെ മറ്റ് പ്രദേശങ്ങളിലും നേപ്പാളിലും വിദേശികളായ 12 വിനോദസഞ്ചാരികള്‍ സമാനമായ സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തി. എല്ലാവരുടെയും പാസ്‌പോര്‍ട്ടുകള്‍ മോഷ്ടിക്കപ്പെട്ടിരുന്നു. ആള്‍മാറാട്ടം നടത്തി ലോകംചുറ്റി വിനോദസഞ്ചാരികളെ, പ്രത്യേകിച്ചും സ്ത്രീകളെ കൊല്ലുന്ന ആ സീരിയല്‍ കില്ലറെ തേടി ഇന്റര്‍പോള്‍ ലോകം മുഴുവന്‍ അലഞ്ഞു. ലോകം വിറപ്പിച്ച ആ കുപ്രസിദ്ധ കുറ്റവാളി, ചാള്‍സ് ശോഭരാജ്, പക്ഷേ, പിടിയിലായത് ഇന്ത്യയില്‍ വെച്ചാണ്.

inspector zende

ഇന്‍സ്‌പെക്ടര്‍ ഝിന്‍ഡേ, ചാള്‍സ് ശോഭരാജിനെ കുറിച്ചുള്ള പുസ്തകത്തിന്റെ കവര്‍

ഇന്‍സ്‌പെക്ടര്‍ ഝിന്‍ഡേ

1959 മുതല്‍ 1996 വരെയുള്ള കാലത്താണ് മധുകര്‍ ബാപുറാവു ഝിന്‍ഡേ മുംബൈ പോലീസിലുണ്ടായിരുന്നത്. അപാരമായ കുറ്റാന്വേഷണ ബുദ്ധിയും ജോലിയിലെ ആത്മാര്‍ഥതയും ഏത് സാഹചര്യത്തിലും ശാന്തമായുള്ള പെരുമാറ്റവുമുള്ള ഇന്‍സ്‌പെക്ടര്‍ ഝിന്‍ഡേ മുംബൈ പോലീസിലെ ഏറ്റവും മിടുക്കനായ ഉദ്യോഗസ്ഥരിലൊരാളായിരുന്നു. 1971ലാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയ ആ അറസ്റ്റുണ്ടാകുന്നത്. നേരത്തെ ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്ന ഒരു വ്യക്തി ഝിന്‍ഡേയ്ക്ക് ഒരു രഹസ്യ വിവരം നല്‍കി. ശോഭരാജ് എന്ന് പേരുളള ഒരു വിദേശി ഒരു ബാങ്ക് കൊള്ളയടിക്കാന്‍ തയ്യാറെടുക്കുന്നു. അതിനായി ആയുധങ്ങള്‍ സംഭരിക്കുകയും ആളെക്കൂട്ടുകയും ചെയ്യുന്നു. ഇയാള്‍ താമസിക്കുന്നത് ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ്. ഇതോടെ ഝിന്‍ഡേയും സംഘവും മഫ്തിയില്‍ ഹോട്ടലിന് മുന്‍പില്‍ നിലയുറപ്പിച്ചു. ഒരു ദിവസം കോട്ടും സ്യൂട്ടുമണിഞ്ഞ് ഹോട്ടലിന് മുന്നില്‍ നിന്ന ശോഭരാജിനെ പോലീസ് തിരിച്ചറിഞ്ഞു. ഝിന്‍ഡേ അനായാസമായി അയാളെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു. അയാളുടെ അരയിലുണ്ടായ തോക്ക് പിടിച്ചെടുക്കുന്നതിനിടെ മറ്റ് ചില ഹോട്ടലുകളില്‍ മുറിയെടുത്തതിന്റെ റെസിപ്റ്റുകള്‍ ലഭിച്ചിരുന്നു. ഈ മുറികള്‍ പരിശോധിച്ച പോലീസ് ശോഭരാജിന്റെ കൂട്ടാളികളെ അറസ്റ്റ്‌ചെയ്യുകയും അവരുടെ പക്കലുണ്ടായിരുന്ന നിരവധി ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

തിഹാറില്‍ നിന്ന് ചാടുന്നു

പിന്നീട് ഡല്‍ഹിയിലെ തിഹാർ ജയലിലായിരുന്നു ശോഭരാജിന്റെ ലോകം. ഇടയ്ക്ക് അവിടെ നിന്ന് ചാടിയ അയാള്‍ വീണ്ടും പിടിയിലാവുകയും കൊലപാതകക്കേസില്‍ വീണ്ടും തിഹാറിലെത്തുകയും ചെയ്തു. ജയിലിനുള്ളില്‍ മറ്റൊരു സാമ്രാജ്യം തന്നെ അയാള്‍ സൃഷ്ടിച്ചു. ജയില്‍ ജീവനക്കാരെ ബ്ലാക്ക്‌മെയില്‍ ചെയ്ത് ജയില്‍ വളപ്പില്‍ സ്യൂട്ടും കോട്ടുമിട്ട് സിഗരറ്റും വലിച്ചായിരുന്നു അയാളുടെ നടപ്പ്. അക്കാലത്ത് ഉദ്യോഗസ്ഥനായി ജയിലിലെത്തിയ പില്‍ക്കാലത്തെ സൂപ്രണ്ട് സുനില്‍ ഗുപ്ത ആദ്യമായി ശോഭരാജിനെ കണ്ടപ്പോള്‍ ഇന്‍സ്‌പെക്ഷനോ മറ്റൊ പുറത്തുനിന്നെത്തിയ ഏതോ വിഐപിയാണന്ന് കരുതിയതായി ബ്ലാക്ക് വാറന്റ് എന്ന തന്റെ പുസ്തകത്തില്‍ എഴുതുന്നുണ്ട്. വിസ്‌കിയും ബിയറും കുടിച്ചും പുസ്തകങ്ങള്‍ വായിച്ചും നല്ല ഭക്ഷണം കഴിച്ചുമെല്ലാം രാജകീയ ജീവിതമായിരുന്നുവെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ ശോഭരാജിന് ജയില്‍ ജീവിതം മടുക്കാന്‍ തുടങ്ങി. അങ്ങനെ 1986ല്‍ ജീവനക്കാര്‍ക്ക് മുഴുവന്‍ മയക്കുമരുന്ന് നല്‍കി ഉറക്കി അയാള്‍ ജയിലുചാടി. വാര്‍ത്ത കേട്ട് രാജ്യം നടുങ്ങി. ശോഭരാജ് മുംബൈയിലെത്തിയതായി വിവരം ലഭിച്ചതോടെ പണ്ട് അറസ്റ്റ് ചെയ്ത ഇന്‍സ്‌പെക്ടര്‍ ഝിന്‍ഡെയെത്തന്നെ മുംബൈ പോലീസ് അന്വേഷണം ഏല്‍പ്പിച്ചു. എന്ത് വിലകൊടുത്തും ശോഭരാജിനെ പൊക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഝിന്‍ഡേയ്ക്ക് നിര്‍ദേശം നല്‍കി. ഝിന്‍ഡേയും സംഘവും ശോഭരാജിനായി വീണ്ടും വലവിരിച്ചു.

inspector zende charles shobraj

അന്വേഷണത്തില്‍ ശോഭരാജ് ഗോവയിലേക്ക് കടന്നതായി വിവരം ലഭിച്ചു. മേലുദ്യോഗസ്ഥര്‍ നല്‍കിയ വളരെ കുറച്ച് പണവും മൂന്നോ നാലോ സഹപ്രവര്‍ത്തകരുമായി ഝിന്‍ഡേ ഗോവയിലേക്ക്. ശോഭരാജ് വാങ്ങിയ ബൈക്കും അതിന്റെ നമ്പറും പോലീസ് സംഘം മനസ്സിലാക്കിയിരുന്നു. ഗോവ പോലീസ് അറിയരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ കാണാതായ തന്റെ സഹോദരന്‍ എന്ന വ്യാജേനയായിരുന്നു ഝിന്‍ഡേ ശോഭരാജിനെ തിരഞ്ഞത്. അക്കാലത്ത് വിദേശത്തേക്ക് ഫോണ്‍ചെയ്യാന്‍ സൗകര്യമുള്ള ഗോവയിലെ ഒരു കഫേ സംഘം തിരിച്ചറിഞ്ഞു. അവിടെ ശോഭരാജ് എത്താതിരിക്കില്ലെന്ന് സംഘം കണക്കുകൂട്ടി. ഝിന്‍ഡേയും സംഘവും ടൂറിസ്റ്റുകളെന്ന വ്യാജേന കഫേയില്‍ എത്തി പലയിടത്തായി നിലയുറപ്പിച്ചു. വൈകാതെ അവിടെയെത്തിയ ശോഭരാജിനെ സംഘം കണ്ടു. 'ചാള്‍സ്....' എന്നലറി ഝിന്‍ഡേ അയാളുടെ മേലേക്ക് ചാടിവീണു. മറ്റൊരു പോലീസുകാരന്‍ അയാളുടെ റിവോള്‍വര്‍ പിടിച്ചെടുത്തു. സംഘം ശോഭരാജിനെ കീഴടക്കിയെങ്കിലും അവരുടെ കയ്യില്‍ വിലങ്ങുണ്ടായിരുന്നില്ല. കഫേയില്‍ നിന്ന് കുറച്ച് കയർ വാങ്ങി വരിഞ്ഞുകെട്ടുകയായിരുന്നു. ഒരു കാര്‍ സംഘടിപ്പിച്ച് നൂറുകണക്കിന് കിലോമീറ്ററുകള്‍ വണ്ടിയോടിച്ച് മുംബൈയില്‍ തിരിച്ചെത്തി. ശോഭരാജ് രക്ഷപ്പെടാതിരിക്കാന്‍ മണിക്കൂറുകള്‍ നീണ്ട ആ യാത്രയിലുടനീളം രണ്ട് പോലീസുകാര്‍ അയാളെ ചുറ്റിപ്പിടിച്ചിരുന്നു.

ഇന്റര്‍പോള്‍ പോലും തോറ്റിടത്ത് വിജയിച്ച ഒരു മുംബൈ പോലീസ് ഇൻസ്പെക്ടറുടെ ധീരത വന്‍ വാര്‍ത്തയായി മാറി. ശോഭരാജിനെ രണ്ടുതവണ അറസ്റ്റ് ചെയ്ത ഝിന്‍ഡേ നാഷണല്‍ ഹിറോ പദവിയിലേക്കെത്തി. മുംബൈ പോലീസ് 15000 രൂപ അദ്ദേഹത്തിന് റിവാര്‍ഡ് നല്‍കിയാണ് അവരുടെ സ്നേഹം പ്രകടിപ്പിച്ചത്. രാജീവ് ഗാന്ധിയും സിനിമാ ഇതിഹാസം ദിലീപ് കുമാറുമെല്ലാം ഝിന്‍ഡേയെ നേരിട്ട് കണ്ട് അഭിനന്ദിച്ചു. ഗായിക ലത മങ്കേഷ്‌കര്‍ അദ്ദേഹത്തെ വീട്ടിലേക്ക് വിരുന്നിന് ക്ഷണിച്ചു. അമൂലിന്റെ പരസ്യത്തില്‍ വരെ പ്രത്യക്ഷപ്പെട്ടു. എന്നാല്‍, ഇന്‍സ്‌പെക്ടര്‍ ഝിന്‍ഡേയുട പോലീസ് ജീവിതത്തിലെ ഒരു അധ്യായം മാത്രമായിരുന്നു ശോഭരാജ്. കത്തിയുമായി വളഞ്ഞ ഗുണ്ടാ സംഘത്തിൽ നിന്നും കോണ്‍സ്റ്റബിളിനെ രക്ഷപ്പെടുത്തി അയാള്‍ വീണ്ടും കയ്യടി നേടി. കരിം ലാലയെയും ഹാജി മസ്താനെയും വരെ അറ ചെയ്ത് അഴിക്കുള്ളിലാക്കിയും വാര്‍ത്തകളില്‍ നിറഞ്ഞു. വർഗീയ കലാപങ്ങളുടെ നാളുകളിൽ ജനങ്ങൾക്ക് സംരക്ഷണം തീർത്ത് ശിവസേന ഉൾപ്പടെയുള്ളവരുടെ കണ്ണിലെ കരടായി. 1996ല്‍ എസിപി ആയാണ് അദ്ദേഹം റിട്ടയര്‍ ചെയ്തത്. വീണ്ടും തിഹാറിലടക്കപ്പെട്ട ശോഭരാജ് പിന്നീട് 1997ലാണ് ശിക്ഷ കഴിഞ്ഞിറങ്ങുന്നത്. ഫ്രാന്‍സിലേക്ക് നാടുകടത്തപ്പെട്ട അയാള്‍ വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് തന്നെ തിരിഞ്ഞു. പിന്നീട് 2003ല്‍ നേപ്പാളിലെ ഒരു കാസിനോയില്‍ വെച്ച് ശോഭരാജ് പിടിയിലായി. 1975ല്‍ കാഠ്മണ്ഡുവില്‍ വെച്ച് രണ്ട് അമേരിക്കന്‍ ടൂറിസ്റ്റുകളെ കൊന്ന കേസിലായിരുന്നു അറസ്റ്റ്. പിന്നീട് 19 വര്‍ഷം നേപ്പാളിലെ ജയിലില്‍ കിടന്ന് 2022ലാണ് ജയില്‍ മോചിപ്പിക്കപ്പെടുന്നത്. ഇപ്പോള്‍ 81 വയസ്സുള്ള ശോഭരാജ് ഫ്രാന്‍സില്‍ മകളോടൊപ്പമാണ് ഇപ്പോള്‍ ജീവിക്കുന്നത്.

Charles Sobhraj, inspector zende

ചാള്‍സ് ശോഭരാജ് (AFP), മധുകര്‍ ഝിന്‍ഡേ (IMDb/Getty Image)

വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ കഥ സിനിമയായി വരുമ്പോള്‍ 88കാരനായ ഇന്‍സ്‌പെക്ടര്‍ ഝിന്‍ഡേ വിശ്രമ ജീവിതത്തലാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചാള്‍സ് ശോഭരാജുമായി ബന്ധപ്പെട്ട ഓര്‍മകള്‍ പങ്കുവെക്കുന്നുണ്ട്. 'ഞാനൊരിക്കലും ഒരു സൂപ്പര്‍ പോലീസല്ല, എന്റെ ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ഞാന്‍ ചെയ്തത്. ഗോവയില്‍ ചാള്‍സിനെ പിടിക്കലായിരുന്നു കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഉത്തരവാദിത്വം. എന്റെ സഹപ്രവര്‍ത്തകരുടെയും സീനിയര്‍മാരുടെയും പിന്തുണയാലാണ് എനിക്കതിന് സാധിച്ചത്. ഇത്രകാലം മുംബൈ പോലൊരു അശാന്തമായ നഗരത്തില്‍ ജോലി ചെയ്തിട്ടും ഒരിക്കല്‍ പോലും എനിക്കെന്റെ പിസ്റ്റള്‍ ഉപയോഗിക്കേണ്ടി വന്നിട്ടില്ല. പോലീസിങ്ങ് എന്നാല്‍ ബലപ്രയോഗമല്ല, ജനങ്ങള്‍ക്കിടയിലെ നിരന്തര സാന്നിധ്യമാണ്...' ഝിന്‍ഡേ പറയുന്നു.

Content Highlights: the existent communicative down netflix inspector zende Charles Sobhraj

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article